ഫാഷന്‍ ടു ഇന്‍ഫെക്ഷന്‍! പൊട്ട് കുത്താറുണ്ടോ? ബിന്ദി ലൂക്കോഡെര്‍മ എന്താണെന്ന് അറിയാം!

ചോയിസുകള്‍ കൂടുമ്പോള്‍, വില കുറയുമ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ബിന്ദികളുടെ ഗുണനിലവാരത്തെ കുറിച്ച് ചിലപ്പോള്‍ ചിന്തിച്ചെന്ന് വരില്ല

പൊന്നുംകുടത്തിന് എന്തിനാ പൊട്ട് എന്ന് നമ്മള്‍ കേട്ടിട്ടില്ലേ… ഓണക്കാലമായാല്‍ സുന്ദരിക്ക് പൊട്ടുതൊടീക്കാറില്ലേ.. ഏത് വേഷം ധരിച്ചാലും അതിനനുസരിച്ചുള്ള ഫാഷണബിളായ പൊട്ടു കുത്തുന്നത് ഇന്ത്യന്‍ സ്ത്രീകളുടെ ഒരു പ്രത്യേകതയാണ്. ഏത് രൂപത്തില്‍ ഏത് നിറത്തില്‍ ബിന്ദി വേണം എന്ന് ചോദിച്ചാല്‍, ഒരു ഫാഷന്‍ സ്റ്റോറില്‍ ചെന്നാല്‍ ഓപ്ഷന്‍സിന്റെ പ്രളയമാണ് കാണാന്‍ കഴിയുക. പക്ഷേ ഫാഷന് പിന്നാലെ പോകുമ്പോള്‍ അത് ശരീരത്തില്‍ ഇന്‍ഫെക്ഷന് കാരണമായാലോ?

എവിടെ നോക്കിയാലും കാണപ്പെടുന്ന സാധനമാണ് ബിന്ദി അഥവാ പൊട്ട് എന്ന് പറയാം. ചോയിസുകള്‍ കൂടുമ്പോഴും വില കുറയുമ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ബിന്ദികളുടെ ഗുണനിലവാരത്തെ കുറിച്ച് ചിലപ്പോള്‍ ചിന്തിച്ചെന്ന് വരില്ല. പണ്ടൊക്കെ കുങ്കുമം ഉപയോഗിച്ചുള്ള പൊട്ടുകളാണ് പലരും നെറ്റിയില്‍ തൊട്ടിരുന്നത്. നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ബിന്ദികളാണ് താരം. ഇവ കാലങ്ങളായി ഉപയോഗിക്കുന്നത് ചര്‍മത്തിന് അത്ര നല്ലതല്ലെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തിലുണ്ടാകുന്ന അവസ്ഥയെ ബിന്ദി ലൂക്കോഡെര്‍മ എന്നാണ് വിളിക്കുന്നത്.

തുണിയോ അല്ലെങ്കില്‍ പ്ലാസ്റ്റിക്കോ, ഇവയില്‍ ഗ്ലൂ തേച്ച നിലയിലാണ് പൊട്ടുകള്‍ വിപണയിലെത്തുന്നത്. ഇതില്‍ പാരാ ടെര്‍ടിയറി ബ്യൂട്ടൈല്‍ ഫീനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുവിന്‍റെ സാന്നിധ്യം മൂലം നിങ്ങള്‍ ബിന്ദി അണിയുന്ന, നെറ്റിയിലെ നടുഭാഗത്ത് നിറത്തിന് മങ്ങലേല്‍ക്കും. ചര്‍മത്തിന് നിറം നല്‍കുന്ന കോശങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്ന 'വിഷ'മാണ് ഈ വസ്തുവെന്ന് ഉറപ്പിച്ച് പറയാം. ഈ വസ്തുവുമായി നിരന്തരം സമ്പര്‍ക്കം വരുന്നിടത്ത് നിറവ്യത്യാസം കാണാം.

ചൂട് കൂടിയ ഹുമിഡ് കാലാവസ്ഥയില്‍ ഈ രാസവസ്തു ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാം. എത്ര ദൈര്‍ഘ്യത്തിലാണോ നിങ്ങള്‍ ബിന്ദി ധരിക്കുന്നത് അതനുസരിച്ച് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കും. ഇത്തരം ബിന്ദികള്‍ എന്തെങ്കിലും പ്രത്യേക ചടങ്ങുകളില്‍ മാത്രം ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. കുങ്കുമമോ വീട്ടിലുണ്ടാക്കുന്ന ഏതെങ്കിലും തരം പൊട്ടോ ഉപയോഗിക്കുന്നതാവും മികച്ചത്. സിന്ദൂരത്തില്‍ അടങ്ങിയിരിക്കുന്ന അസോ ഡൈയും ചിലരില്‍ ലൂക്കോഡെര്‍മയ്ക്ക് കാരണമാകുന്നുണ്ട്.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഇത്തരം ബിന്ദികള്‍ ഉപയോഗിക്കുന്ന നാലില്‍ മൂന്ന് സ്ത്രീകള്‍ക്ക് ചർമത്തില്‍ നിറവ്യത്യാസം ഉണ്ടാകുന്നതിന് മുമ്പ് അലര്‍ജിയാകും ഉണ്ടാവുക എന്നാണ്. ഈ അവസ്ഥയില്‍ ഇത്തരം ബിന്ദികള്‍ ഒഴിവാക്കിയാല്‍ രോഗാവസ്ഥ ഉണ്ടാകാതെ പ്രതിരോധിക്കാന്‍ കഴിയും. പരമ്പരാഗതമായ ബിന്ദികള്‍ കുങ്കുമം, പച്ചക്കറി, മിനറല്‍ ഡയ് എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇവ ചർമത്തില്‍ നിറവ്യത്യാസമുണ്ടാക്കില്ല. വീടുകളില്‍ മഞ്ഞള്‍ ഉപയോഗിച്ച് കുങ്കുമമുണ്ടാക്കാം. ഇവ കൊണ്ട് ആകെയുള്ള ബുദ്ധിമുട്ട് മഞ്ഞനിറത്തിലുള്ളൊരു പാട് നെറ്റിയില്‍ ചിലപ്പോള്‍ ഉണ്ടായേക്കാം എന്നത് മാത്രമാണ്. ഇത് ചര്‍മത്തിന് ഉപദ്രവം ഉണ്ടാക്കുകയുമില്ല.Content Highlights: Let's know about Bindi Leukoderma

To advertise here,contact us