ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയും പണവും, മികച്ച ജീവിതശൈലിയുമുണ്ടായിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് തെരവിലേക്കിറങ്ങുന്ന ഒരാള്. കേള്ക്കുമ്പോള് ഒരു സിനിമാ കഥ പോലെ തോന്നുമെങ്കിലും ഇത് ചൈനയില് നടന്ന ഒരു യഥാര്ത്ഥ സംഭവമാണ്. തന്റെ ഉയര്ന്ന ജീവിതശൈലി ഉപേക്ഷിച്ച ഒരു 32 കാരനെ പറ്റിയാണ് പറഞ്ഞു വരുന്നത്.
സൗത്ത് ചൈന മോര്ണിംഗ് പോസ്റ്റിന്റെ റിപ്പോര്ട്ടില് 32 കാരനായ ഷാവോ ഡിയാന്റെ ജീവിതത്തെ പറ്റി വിവരിക്കുന്നു. ഷാങ്ഹായില് ബാല്യം ചെലവഴിച്ച ഷാവോ ഡിയാന് പിന്നീട് ന്യൂസിലെന്ഡിലേക്ക് കുടിയേറി.
വിവിധ രാജ്യങ്ങളില് ഉപരി പഠനത്തിനായി മാറി മാറി താമസിച്ച ഷാവോ പഠനത്തില് മികവ് തെളിയിച്ചു. രണ്ട് ബിരുദവും മൂന്ന് ബിരുദാനന്തര ബിരുദവും നേടിയെങ്കിലും ഷാവോ ജീവിതത്തില് തൃപ്തനായിരുന്നില്ല. മാതാപിതാക്കളുടെ സമ്മര്ദ്ദം മൂലം മാത്രമാണ് താന് പഠനത്തില് മികവ് കാട്ടിയതെന്നും പലപ്പോഴും ഒറ്റപ്പെടല് തോന്നിയിട്ടുണ്ടെന്നും ഷാവോ പറയുന്നു. ഇടംകൈയന് ആയതിനാല് പലപ്പോഴും മാതാപിതാക്കളില് നിന്ന് കടുത്ത പരിശീലനങ്ങളും ശിക്ഷണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും യുവാവ് വെളിപ്പെടുത്തി.
പഠനത്തിനിടയില് ഒരു ചൈനീസ് റെസ്റ്റൊറെന്റില് പാത്രം കഴുകുന്ന ജോലി ചെയ്തിരുന്നതായി ഷാവോ ഓര്മ്മിക്കുന്നു. അതുവരെയും ലഭിക്കാത്ത സന്തോഷവും സമാധാനവും തനിക്ക് ആ ജോലിയില് തോന്നി, പാത്രങ്ങള് കഴുകുന്നത് സന്തോഷം നല്കുന്നുണ്ടെങ്കില് എന്തിനാണ് ഇതിലും മികച്ച ഒരു ജോലിക്കായി താന് കഷ്ടപ്പെടുന്നതെന്ന ചിന്തയിലേക്ക് ഷാവോ കടന്നു. ഇതിനിടയില് മാതാപിതാക്കളുമായുള്ള തന്റെ ബന്ധം വഷളായെന്നും സമ്മര്ദ്ദത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് താന് തന്റെ വഴി സ്വീകരിച്ചെന്നും യുവാവ് പറയുന്നു.
2023-ല് ഷാവോ ചൈനയിലേക്ക് മടങ്ങി. അവിടെ ഹോട്ടലുകളിലും മറ്റും ജോലി ചെയ്ത് ജീവിച്ചു. പിന്നീട് തെരുവിലേക്ക് പതിയെ താമസം മാറ്റി. ലളിതമായ ജീവിത ശൈലി പിന്തുടരാന് തീരുമാനിച്ചു. രാവിലെ 7 മണിക്ക് എഴുന്നേറ്റ് ദിനചര്യകള് പൂര്ത്തിയാക്കും. അടുത്തുള്ള ഹോസ്റ്റലില് കുളി പാസാക്കും. സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളില് നിന്ന് ഭക്ഷണം കഴിക്കും. ഹോട്ടലുകള് വൃത്തിയാക്കി പണം സമ്പാദിക്കും. മിതമായ വരുമാനത്തില് മിതമായ ജീവിതം നയിക്കും. ഇതാണ് ഷാവോയുടെ പതിവ്.തനിക്ക് ഒമ്പത് പ്രണയങ്ങളുണ്ടായിരുന്നുവെന്നും അതിലെ ഒരു ബന്ധത്തില് ഒരു കുട്ടിയുണ്ടെന്നും ഷാവോ വെളിപ്പെടുത്തി. ആ കുട്ടിയുമായി മാത്രമാണ് തനിക്കിപ്പോൾ ബന്ധമുള്ളത്. മാതാപിതാക്കളോട് അകന്നു കഴിയുകയാണെന്നും ഷാവോ വ്യക്തമാക്കി.
ഇതിനിടയില് താന് മനശാസ്ത്ര കൗണ്സിലിംഗ് വീഡിയോകള് പങ്കിടാറുണ്ടെന്നും ടോക്സിക് പേരന്റിംഗും പഠന സമ്മർദ്ദവും മൂലമുണ്ടാവുന്ന മാനസിക പ്രതിസന്ധികളെ പറ്റിയുള്ള അവബോധം ജനിപ്പിക്കുന്ന പ്രോജക്ടുകളും താന് ആരംഭിച്ചിട്ടുണ്ടെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
Content Highlights- Three postgraduate degrees, a high-class lifestyle, and finally on the streets; the young man explained the reason