
ഐശ്വര്യ റായ് ആണെന്ന വിചാരം! സൗന്ദര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു താരതമ്യത്തിന് മുതിരുമ്പോള് അറിയാതെ പുറത്തുചാടുന്ന വാചകമാണ് ഇത്. മലയാളികള്ക്ക് മാത്രമല്ല ഇന്ത്യക്കാര്ക്കും സൗന്ദര്യമെന്നാല് അതിന്റെ ആദ്യവാക്കും അവസാനവാക്കും ഐശ്വര്യ റായ് തന്നെയാണ്. ഐശ്വര്യയെ ഒന്നുകാണാന് കാത്തിരിക്കുന്നവര് നിരവധിയാണ്. ഇപ്പോഴിതാ പാരിസ് ഫാഷന് വീക്കിലെത്തിയ ഐശ്വര്യയുമായി ക്വീര് ഇന്ഫ്ളുവന്സര് ആദിത്യ നടത്തിയ ഒരു ചെറിയ കൂടിക്കാഴ്ച സോഷ്യല് മീഡിയയില് വൈറലാവുകയാണ്.
'നമ്മുടെ ഹൃദയത്തിലെ രാജകുമാരി, നിങ്ങളെ കാണുക എന്നുള്ളത് ഒരു സ്വപ്നമായിരുന്നു..ഇത് അവിശ്വസനീയ നിമിഷമാണ്'എന്ന കുറിപ്പോടെ ആദിത്യ തന്നെയാണ് കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ചത്. കൂടിക്കാഴ്ചയില് തന്റെ വിവാഹത്തിന് വരെ കാരണമായത് ഐശ്വര്യയാണെന്ന് ആദിത്യ പറയുന്നുണ്ട്.' എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. ഞാനും എന്റെ ഭര്ത്താവും ഒരുമിക്കാന് കാരണം നിങ്ങളാണ്.' ആശ്ചര്യത്തില് ആദിത്യ പറയുമ്പോള് അവിശ്വാസത്തോടെ 'എന്ത്' എന്ന് ഐശ്വര്യ അത്ഭുതപ്പെടുന്നുണ്ട്.
'ഞാനും എന്റെ ഭര്ത്താവും ഞങ്ങളുടെ ആദ്യ ഡേറ്റിന് പോയ സമയത്ത് 2 മണിക്കൂര് നിങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. ഐശ്വര്യ കാരണമാണ് ഞാന് നിന്നെ വിവാഹം കഴിക്കുന്നത് എന്നാണ് ഭര്ത്താവ് പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് അമിത് എന്നാണ്. ഇതാണ് ഞങ്ങളുടെ മകള് യാന.' മകളുടെ ചിത്രം മൊബൈലില് കാണിച്ചുകൊണ്ട് ആദിത്യ പറഞ്ഞു.
മകളുടെ ചിത്രം കണ്ട് സന്തോഷത്തോടെ മകള്ക്ക് എത്ര വയസ്സായെന്നും മറ്റും ഐശ്വര്യ ചോദിക്കുന്നുണ്ട്. മകള്ക്ക് രണ്ടര വയസ്സായെന്നും ദൈവത്തിന്റെ കാരുണ്യവാനാണ് എന്നാണ് ഹീബ്രുവില് യാന എന്ന തിന്റെ അര്ഥമെന്ന് ആദിത്യ ഐശ്വര്യയോട് പറയുന്നുണ്ട്. നിങ്ങളെ നേരിട്ട് കാണുക എന്നുള്ളത് സ്വപ്നമായിരുന്നു. നിങ്ങള് നേരിട്ട് അതീവ സുന്ദരിയായിരിക്കുന്നു. ഒരു അഭിനേത്രിയെന്ന നിലയിലും നര്ത്തകി എന്ന നിലയിലും സ്ത്രീയെന്ന നിലയിലും നിങ്ങള് അടിപൊളിയാണ് എന്നും ആദിത്യ പറഞ്ഞു.
ആദിത്യയുടെ നല്ല വാക്കുകള്ക്ക് സ്നേഹത്തിന്റെ ഭാഷയില് നന്ദി പറഞ്ഞുകൊണ്ടാണ് ഐശ്വര്യ സംസാരം അവസാനിപ്പിക്കുന്നത്. ആദിത്യക്ക് ഐശ്വര്യ ലിപ്സ്റ്റിക് സമ്മാനമായി നല്കുന്നുമുണ്ട്. മേക്കപ്പില് മാജിക് കാണിക്കുന്നയാളാണ് നിങ്ങള്. നിങ്ങളുടെ നിധിക്കൂമ്പാരത്തില് ഇതുകൂടി ചേര്ക്കൂവെന്നും ഐശ്വര്യ പറയുന്നത് കാണാം.
Content Highlights: Aishwarya Rai Bachchan's Heartwarming Moment with Queer Fan Goes Viral: 'My Husband and I Are Together Because of You