'ആ പഴയ ബാം​ഗ്ലൂർ മിസ് ചെയ്യുന്നു...ഭംഗി നഷ്ടപ്പെട്ടു, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല';വൈറലായി റെഡിറ്റ് പോസ്റ്റ്

പോസ്റ്റിന് മറുപടിയായി ഹൈദരാബാദിന് ഇപ്പോള്‍ ബാംഗ്ലൂരിനെക്കാള്‍ സൗകര്യങ്ങളുണ്ടെന്ന് ചിലർ പറയുന്നു

ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന ബെംഗളൂരു പലരുടെയും പ്രിയപ്പെട്ട നഗരമാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്ന് വരുന്ന നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നു. അതേ സമയം, നഗരത്തിലെ ഗതാഗതകുരുക്കും നഗരവത്കരണവും പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കാറുണ്ട്. ഇപ്പോഴിതാ സമാനമായ പ്രശ്‌നങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഒരു ബെംഗളൂരു നിവാസിയുടെ പോസ്റ്റ് വൈറലാവുകയാണ്. മോശം റോഡുകള്‍, നീണ്ട ഗതാഗതകുരുക്കുകള്‍, ജീവിത നിലവാരത്തകര്‍ച്ച എന്നിവ കാരണം ഇപ്പോള്‍ ബെംഗളൂരു ഒരുപാട് മാറിയിരിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്താണ് പോസ്റ്റില്‍ പറയുന്നത് ?

'ആ പഴയ ബാംഗ്ലൂരിനെ താന്‍ മിസ് ചെയ്യുന്നു' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. നമ്മുടെ നഗരം ബാം​ഗ്ലൂർ തന്നെയായിരുന്ന കാലത്ത് കാര്യങ്ങള്‍ നല്ലതായിരുന്നുവെന്നും എന്ന് അത് ബെംഗളൂരു ആയി മാറിയോ അന്ന് അതിന്റെ ഭംഗി നഷ്ടപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു. റോഡുകള്‍ പൊടി നിറഞ്ഞതായി മാറിയിരിക്കുന്നു, എല്ലായിടത്തും ഒരേസമയം നിര്‍മ്മാണം നടക്കുന്നു! ഇതില്‍ എത്ര നിര്‍മ്മാണങ്ങള്‍ ശരിക്കും ആവശ്യമുള്ളതാണെന്നും എത്രയെണ്ണം അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പോക്കറ്റുകള്‍ നിറയ്ക്കാന്‍ ആവശ്യമാണെന്നും തനിക്ക് അറിയില്ലായെന്നും അദ്ദേഹം പറയുന്നു.

ജലവിതരണ അറ്റകുറ്റപ്പണികളുടെ പേരില്‍, ജയനഗര്‍, ബസ്വനഗുഡി പോലുള്ള മികച്ച പ്രദേശങ്ങളില്‍ പോലും മോശമാകുന്നു! പൊടിപടലങ്ങള്‍ തടയാന്‍ കടകള്‍ ഷീറ്റുകള്‍ ഇടുന്നു! 'ഇന്ത്യ എന്തുകൊണ്ട് ഇത്ര വൃത്തികെട്ടതാണ്' എന്നതിന് പൗരബോധവും പൊതു ശുചിത്വമില്ലായ്മയും കാരണമാണെന്ന് നമ്മള്‍ കുറ്റപ്പെടുത്തുന്നു? എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതിനെല്ലാം സമ്മതമാണെങ്കില്‍, ജനങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? ഇത് യഥാര്‍ത്ഥത്തില്‍ ആളുകളെ അവരുടെ മാലിന്യങ്ങള്‍ മൂലകളിലോ തുറന്ന സ്ഥലങ്ങളിലോ വലിച്ചെറിയാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഇതുകൂടാതെ തനിക്കുണ്ടായ ഒരു മോശം അനഭവത്തെ പറ്റിയും പോസ്റ്റില്‍ പ്രതിപാദിക്കുന്നു.

ഒരിക്കല്‍ ഒരു സ്ത്രീ ചില പഴയ ബാഗുകളും പഴ്സുകളും ഞങ്ങളുടെ കടയുടെ മുന്നില്‍ എറിഞ്ഞു. അതിന് കാരണം കടയുടെ മുന്നില്‍ അവശേഷിച്ച റോഡ് കുഴിച്ചതിന്റെ അവശിഷ്ടങ്ങളായിരുന്നു. അ്ത് കണ്ടിട്ടാണ് അവര്‍ മാലിന്യം അവിടെ തള്ളിയത്. ഇത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന ഒരു സംസ്ഥാനമായിട്ട് കൂടി ഇവിടെ ഏറ്റവും അടിസ്ഥാനമായ സൗകര്യങ്ങളും പരിപാലനവും തങ്ങള്‍ക്കില്ലായെന്നും പോസ്റ്റില്‍ പറയുന്നു.

നിരവധി പേരാണ് ഇതിന് പ്രതികരണവുമായി രംഗത്തെത്തിയത്. ബെംഗളൂരുവിന് ഹൈദരാബാദില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അതിന്റെ 100% ഉത്തരവാദിത്തവും കോര്‍പ്പറേഷനാണെന്നും ഒരാള്‍ പറയുന്നു. നമുക്ക് എത്രമാത്രം വേണമെങ്കിലും ജനങ്ങളെ കുറ്റപ്പെടുത്താം, പക്ഷേ മാലിന്യക്കൂമ്പാരങ്ങള്‍ ശരിയായി പരിപാലിക്കുന്ന ഒരു ബെംഗളൂരുവിലെ ഒരു സ്ഥലം കാണിച്ചുതരൂ. അവ പതിവായി നീക്കം ചെയ്യുന്നില്ലെങ്കില്‍ അല്ലെങ്കില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെങ്കില്‍ പൊതുജനങ്ങള്‍ അവ എങ്ങനെ സംസ്‌കരിക്കുമെന്നും അയാള്‍ ചോദിക്കുന്നു. വേറെയൊരാള്‍ ബെംഗളൂരുവിന് ഒരു മേയറൊക്കെ ഉണ്ടോയെന്ന് പരിഹസിച്ചു കൊണ്ട് ചോദിക്കുന്നു. അതേസമയം, ഹൈദരാബാദിന് ഇപ്പോള്‍ ബെംഗളൂരുവിനെക്കാള്‍ സൗകര്യങ്ങളുണ്ടെന്ന് മറ്റൊരാള്‍ പറഞ്ഞു.

Content Highlights- 'Missing that old Bangalore…lost its beauty, no basic facilities'; Reddit post goes viral

To advertise here,contact us