ഹിന്ദു ഐതിഹ്യം അനുസരിച്ച് ശ്രീരാമൻ്റെ വിജയത്തെ അനുസ്മരിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ദസറ അല്ലെങ്കിൽ വിജയദശമി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അനുസ്മരിക്കുന്ന ഈ ദിനത്തിൽ ഉത്തരേന്ത്യയിൽ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്. വടക്കേ ഇന്ത്യയിൽ ഈ ദിനത്തിൽ രാവണന്റെ കോലങ്ങൾ കത്തിക്കും. ഈ ചടങ്ങിനെയാണ് രാവണ ദഹനമെന്ന പേരിൽ അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ രാവണന് പകരം കുംഭകരൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങളും കത്തിക്കാറുണ്ട്. എന്നാൽ ഈ തവണ ഒരു വേറിട്ട ചടങ്ങിന് സാക്ഷ്യം വഹിക്കുകയാണ് മധ്യപ്രദേശിലെ ഇൻഡോർ.
'രാവണ ദഹന'ത്തിന് പകരം ഇത്തവണ 'ശൂർപ്പണഖ ദഹനം' നടത്തുമെന്നാണ് ഇൻഡോറിലെ പൗരുഷ് എന്ന സംഘടന അറിയിച്ചിരിക്കുന്നത്. ചടങ്ങിൽ രാവണന് പകരം ഭർത്താക്കന്മാരെയും കുട്ടികളെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ സ്ത്രീകളുടെ കോലമാവും കത്തിക്കുക. ഇതിനായി പതിനൊന്ന് തലയുള്ള രൂപം നിർമ്മിക്കാനാണ് സംഘടനയുടെ പദ്ധതി.
ദസറയിൽ രാവണന്റെ അഹങ്കാരത്തെ ഒരു പ്രതിമയുടെ രൂപത്തിൽ തങ്ങൾ കത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഇത്തവണ കുറ്റകൃത്യ പ്രവണതകളുള്ള സ്ത്രീകളുടെ മോശം പെരുമാറ്റത്തെയും മൂല്യങ്ങളുടെ അഭാവത്തെയും ചൂണ്ടിക്കാട്ടി 11 തലകളുള്ള ഒരു പ്രതിമ കത്തിക്കാൻ തീരുമാനം എടുത്തിരിക്കുകയാണെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. പ്രതിമയുടെ ഓരോ തലയിലും ഇത്തരത്തിൽ കുറ്റകൃത്യം ചെയ്ത സ്ത്രീകളുടെ ചിത്രങ്ങൾ പതിക്കും. എന്നിട്ടാവും കത്തിക്കുക. ഇതിൽ മേഘാലയിൽ നടന്ന ഹണിമൂൺ കൊലപാതക പ്രതി സോനം രഘുവംശിയും ഉൾപ്പെടുന്നു.
എന്താണ് ഹണിമൂൺ കൊലപാതക കേസ് ?
2025 മെയ് 11 ന് ഇൻഡോറിലെ സഹ്കർ നഗറിൽ ഒരു വിവാഹം നടന്നു. രഘുവൻഷി കുടുംബത്തിലെ മൂന്നു മക്കളിൽ ഏറ്റവും ഇളയവനായ രാജ രഘുവൻഷിയുടെയും സോനത്തിന്റെയും വിവാഹമായിരുന്നു അന്ന്. പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. മേഘാലയയിലെ ഷില്ലോങ്ങ് ആയിരുന്നു ഹണിമൂണിനായി അവർ തെരഞ്ഞെടുത്ത സ്ഥലം. മധുവിധു ആഘോഷിക്കാൻ പോയ ദമ്പതികളിൽ പക്ഷെ മടങ്ങി എത്തിയത് സോനം മാത്രമായിരുന്നു.
മെയ് 20 നായിരുന്നു ദമ്പതികൾ ഹണിമൂണിനായി മേഘാലയയിൽ എത്തിയത്. മെയ് 22 ന്, ദമ്പതികൾ സൊഹ്റയിലേക്ക് (ചിറാപുഞ്ചി) പോകാൻ ഒരു സ്കൂട്ടർ വാടകയ്ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടാക്കിയിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനുശേഷം ജൂൺ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവർ ഉത്തർപ്രദേശ് പൊലീസിൽ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടെന്നുള്ള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയായിരുന്നു കേസിൽ വഴിത്തിരിവായത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആകാശ് രജ്പുത്, വിക്കി, ആനന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കുറ്റം സമ്മതിച്ചു. സോനത്തിന് മറ്റൊരു യുവാവുമായുണ്ടായിരുന്നു പ്രണയബന്ധമായിരുന്നു ഇതിന് പിന്നിൽ. രാജ് കുഷ്വഹ എന്നായിരുന്നു യുവാവിൻ്റെ പേര്. ഇവർ ഒന്നിച്ചു ജീവിക്കാനായി ഹണിമൂണിനിടെ രാജയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയും അതിനായി ആളെ ഏർപ്പടുത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്, വിശാൽ, ആനന്ദ്, ആകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും 19 മുതൽ 23 വരെ പ്രായം ഉള്ളവരാണ്. സോനത്തിൻ്റെ കുടുംബത്തിന് സംഭവം അറിയാമായിരുന്നുവെന്നും വിവാഹം രാജ് കുഷ്വഹയുമായി നടത്തി കൊടുക്കില്ലായെന്ന് പറഞ്ഞതോടെയാണ് രഘുവംഷിയെ വിവാഹം ചെയ്യാൻ സോനം തയ്യാറാവുന്നത്. എന്നാൽ രഘുവംശിയുമൊത്ത് ഒരുമിച്ച് ജീവിക്കാനായിരുന്നില്ല ആ വിവാഹം. മറിച്ച് രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം കാമുകനുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു സോനത്തിൻ്റെ പദ്ധതി. സോനം നടത്തിയ അരുംകൊല രാജ്യശ്രദ്ധ നേടിയ വാർത്തയായിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിലാണ് ദസറയിലെ ശൂർപ്പണഖ ദഹനത്തിൽ സോനത്തെയും ഉൾപ്പെടുത്തിയത്. സോനം കൂടാതെ അരും കൊല നടത്തിയ മറ്റ് പത്ത് സ്ത്രീകളുടെയും ചിത്രം പ്രതിമയിൽ വെക്കാനാണ് സംഘടനയുടെ തീരുമാനം. അതേസമയം, ചടങ്ങിൽ തങ്ങൾ പങ്കെടുക്കുമെന്ന് അറിയിച്ച് രാജ രഘുവംശിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights- Dussehra celebrations in Indore by burning effigy of women criminals