അമ്മയെ ചികിത്സിക്കാന്‍ ഡ്യൂട്ടി ഡോക്ടറെ നിര്‍ബന്ധിച്ച് എഎസ്പിയുടെ വീട്ടിലെത്തിച്ചു; യു പി പൊലീസിനെതിരെ പരാതി

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡോക്ടറോട് പൊലീസുകാര്‍ മോശമായി പെരുമാറുകയും സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസിന്റെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

ഉത്തർപ്രദേശിലെ കാണ്‍പൂരിലുള്ള ഇറ്റാവയില്‍ ഒരു കൂട്ടം പൊലീസുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സീനിയർ സൂപ്രണ്ടന്റ് ഓഫ് പൊലീസിന്റെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയതായി പരാതി. തന്നോട് പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും ഡോ. രാഹുല്‍ ബാബു ആരോപിച്ചു. ആ സമയത്ത് അത്യാഹിത വിഭാഗത്തില്‍ ധാരാളം രോഗികളുണ്ടായിരുന്നുവെന്നും തന്നെ കൊണ്ടുപോയാല്‍ രോഗികള്‍ വലയുമെന്നും പറഞ്ഞ് പൊലീസുകാരോട് അപേക്ഷിച്ചിട്ടും അവര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് ഡോക്ടര്‍ രാഹുല്‍ ബാബു പറയുന്നത്.

പൊലിസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജും നാല് കോണ്‍സ്റ്റബിള്‍മാരും ആശുപത്രിയിലെത്തുകയും എസ്എസ്പി ബ്രിജേഷ് ശ്രീവാസ്തവയുടെ വസതിയിലേക്ക് രോഗിയായ അമ്മയെ പരിശോധിക്കാന്‍ വരാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഡോ. രാഹുല്‍ ബാബുവിന്റെ ആരോപണം.

തനിക്ക് പകരം വനിതാ ജീവനക്കാരെ അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പൊലീസുകാര്‍ സമ്മതിച്ചില്ല.അവര്‍ തന്നോട് മോശമായി പെരുമാറിയെന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്നുമാണ് ഡോക്ടര്‍ പരാതിപ്പെടുന്നത്. മോശം പെരുമാറ്റം ആശുപത്രിയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

എസ്എസ്പി ശ്രീവാസ്തവ ഡോക്ടറോട് സംഭവത്തെക്കുറിച്ച് സംസാരിക്കുകയും അതേസമയം, ഡോക്ടറെ നിര്‍ബന്ധിച്ച് കൊണ്ടുവരാന്‍ ഒരു ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒരു സ്വകാര്യ ഡോക്ടറെ വിളിക്കാന്‍ പിആര്‍ഒയോട് ആവശ്യപ്പെട്ടിട്ടിരുന്നുവെന്നും എസ്എസ്പി ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. വിഷയം അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്എസ്പി ഉറപ്പ് നല്‍കി.

ഭാവിയില്‍ ഇത്തരം കേസുകള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.കെ. സിംഗ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ നിരവധി സംഘടനകള്‍ ഒപിഡി സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഉടന്‍ തന്നെ വിഷയത്തില്‍ നടപടിയെടുക്കുമെന്ന് സിഎംഒ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കിയ ശേഷമാണ് ഒപിഡി സേവനങ്ങള്‍ പുനരാരംഭിച്ചത്.

Content Highlights :UP police forcibly took home a doctor who was on duty to treat ASP's mother

To advertise here,contact us