മുമ്പെങ്ങോ പേഫോൺ ഉപയോഗിച്ചതിന് ബില്ലടച്ചില്ല; ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരന്‍ തടങ്കലിൽ

വളരെ പഴക്കമുള്ള ഒരു നിയമലംഘനത്തിന്റെ പേരിലാണ് കാലങ്ങളായി അമേരിക്കയില്‍ താമസിച്ചുവരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്

30 വര്‍ഷത്തിലേറെയായി പരംജിത്ത് സിങ് കുടുംബവുമൊത്ത് അമേരിക്കയില്‍ താമസിച്ചുവരികയാണ്. ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്‌നില്‍ ബിസിനസ് നടത്തുന്ന ഇയാള്‍ ഗ്രീന്‍കാര്‍ഡ് ഉടമകൂടിയാണ്. അമേരിക്കയില്‍ ജീവിക്കുന്നതിനെക്കുറിച്ച് ഏറെക്കാലം സ്വപ്‌നം കണ്ടതിന് ശേഷമാണ് പരംജിത്ത് അവിടെ എത്തുന്നതുതന്നെ. കഠിനാധ്വാനത്തിലൂടെ തന്റെ അമേരിക്കന്‍ സ്വപ്‌നം കെട്ടിപ്പടുത്ത വ്യക്തിയാണ് ഇദ്ദേഹം. അമേരിക്കയിലെത്തി മൂന്ന് പതിറ്റാണ്ടോളം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയില്‍ പരംജിത്ത് ഒരു രോഗിയായി മാറി. ബ്രെയിന്‍ ട്യൂമറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമാണ് അറുപതുകാരനായ പരംജിത്തിനെ ബാധിച്ചത്.

എന്നാൽ ഇതൊന്നുമല്ല മറ്റൊരു ദുര്‍വിധിയാണ് പരംജിത്തിനെ ഇപ്പോൾ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ വന്ന് തിരികെ പോകുമ്പോള്‍ ചിക്കോഗോ ഒഹെയര്‍ വിമാനത്താവളത്തില്‍വച്ച് പരംജിത്ത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യമെന്താണെന്നല്ലേ. ഐസിഇ പ്രകാരം( ആഭ്യന്തര സുരക്ഷാ വകുപ്പ്) ഇയാളെ കസ്റ്റഡിയിലെടുത്തത് വളരെ പഴയ ഒരു കേസിന്റെ പേരിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ പണമടയ്ക്കാതെ പേ ഫോണ്‍ ഉപയൊഗിച്ചതാണ് ഇപ്പോള്‍ പരംജിത്തിന് വിനയായത്.

അങ്ങനെ വീട്ടിലേക്ക് പോകേണ്ട പരംജിത്തിനെ നേരെ കൊണ്ടുപോയത് ജയിലിലേക്കാണ്. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം അഞ്ച് ദിവസം ഇയാളെ വിമാനത്താവളത്തില്‍ത്തന്നെ തടഞ്ഞ് വെയ്ക്കുകയും ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രി ബില്‍ ലഭിക്കുമ്പോഴാണ് പരംജിത്തിന്റെ വീട്ടുകാര്‍ ഇക്കാര്യം അറിയുന്നതുപോലും. ഇപ്പോഴും ഇയാള്‍ ജയില്‍ മോചിതനായിട്ടില്ല.

പരംജിത്തിന്റെ അഭിഭാഷകന്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്നും ആരോഗ്യം മോശമായ ആളാണെന്നും ഉദ്യേഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ അവരുടെ ഭാഗത്തുനിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഒരു ഗ്രീന്‍ കാര്‍ഡ് ഉടമയെന്ന നിലയില്‍ ഇത്രയും നാള്‍ തടങ്കലില്‍ വയ്‌ക്കേണ്ട കാര്യമില്ലായിരുന്നു എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരംജിത്ത് ബോണ്ട്ഹിയറിംഗില്‍ വിജയിച്ചെങ്കിലും മോചനം ഇപ്പോഴും വൈകുകയാണ്. അടുത്ത ഘട്ടം ഒരു ഫെഡറല്‍ കോടതിയെ സമീപിക്കുക എന്നതാണെന്ന് പരംജിത്ത് സിങിന്റെ അഭിഭാഷകന്‍ അറിയിക്കുന്നത്.

Content Highlights:Paramjit Singh, who has been living in the US for many years, was arrested by the police for a long-standing violation

To advertise here,contact us