വെള്ളമടിച്ച് ബോധമില്ലാതെ സൂപ്പിൽ മൂത്രമൊഴിച്ചു; 2.71 കോടി രൂപ പിഴ ചുമത്തി കോടതി

ഹൈഡിലാവോ ഹോട്ട്‌പോട്ട് റസ്റ്റോറന്റിലാണ് 17 വയസ്സുള്ള രണ്ട് കുട്ടികൾ മദ്യലഹരിയിൽ ചൂടുള്ള സൂപ്പിലേക്ക് മൂത്രമൊഴിച്ചത്

മദ്യലഹരിയിൽ ചിലർ പല തരത്തിലുള്ള വിചിത്ര പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ പറ്റി നമ്മൾ കേട്ടിട്ടുണ്ടല്ലേ…അത്തരത്തിൽ മദ്യലഹരിയിൽ രണ്ട് കുട്ടികൾ ചെയ്തു കൂട്ടിയ പ്രവൃത്തിക്ക് 2.2 ദശലക്ഷം യുവാൻ (2,71,78,690 രൂപ) നഷ്ടപരിഹാരം നൽകേണ്ടി വന്നിരിക്കുകയാണ് ചൈനയിലെ രണ്ട് കുടുംബങ്ങൾക്ക്. ഷാങ്ഹായിലെ ഹൈഡിലാവോ ഹോട്ട്‌പോട്ട് റസ്റ്റോറന്റിൽ 17 വയസ്സുള്ള രണ്ട് കുട്ടികൾ മദ്യലഹരിയിൽ ചൂടുള്ള സൂപ്പിലേക്ക് മൂത്രമൊഴിച്ചതാണ് പിഴയ്ക്ക് കാരണമായത്.

2025 ഫെബ്രുവരി 24 ന് ഒരു സ്വകാര്യ ഡൈനിംഗ് റൂമിൽ വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ച പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഒരു മേശയിൽ കയറി അവിടെ വെച്ചിരുന്ന ഒരു സൂപ്പിൽ മനഃപൂർവ്വം മൂത്രമൊഴിക്കുകയായിരുന്നു. വലിയ തോതിൽ പച്ചക്കറികളും മാംസവും പാകം ചെയ്യാൻ വെച്ച സൂപ്പിലായിരുന്നു കുട്ടികൾ മൂത്രം ഒഴിച്ചത്. സംഭവത്തിൻ്റെ വീഡിയോ പുറത്ത് വന്നതോടെ റെസ്റ്റൊറൻ്റ് ഉടമകൾ കുടുങ്ങി. തുടർന്ന് സംഭവം നടന്ന തീയതി മുതൽ മാർച്ച് 8 വരെ ഹോട്ടൽ സന്ദർശിച്ച 4,000-ത്തിലധികം ഉപഭോക്താകൾക്ക് കമ്പനി നഷ്ടപരിഹാരം നൽകേണ്ടതായി വന്നു.

യഥാർത്ഥ ബിൽ തുകയുടെ പത്തിരട്ടിക്ക് തുല്യമായ നഷ്ടപരിഹാരവും, എല്ലാ പാത്രങ്ങളും മാറ്റി സ്ഥാപിക്കുകയും, തുടർന്ന് സമഗ്രമായ വൃത്തിയാക്കലും, അണുവിമുക്തമാക്കലും റെസ്റ്റൊറൻ്റ് ഉടമകൾക്ക് ചെയ്യേണ്ടി വന്നു. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം , ഉപഭോക്താക്കൾക്ക് നൽകിയ നഷ്ടപരിഹാരം ചൂണ്ടിക്കാട്ടി ഹൈദിലാവോ ആദ്യം 23 ദശലക്ഷം യുവാനിലധികം നഷ്ടപരിഹാരം കുട്ടികളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. "അപമാനകരമായ പ്രവൃത്തികൾ", ടേബിൾവെയർ മലിനമാക്കൽ, പൊതുജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കൽ എന്നിവയിലൂടെ കൗമാരക്കാർ കമ്പനികളുടെ സ്വത്തവകാശവും പ്രശസ്തിയും മോശമാക്കിയെന്ന് ഷാങ്ഹായ് കോടതി വിധിച്ചു. പിന്നാലെ കൗമാരക്കാരുടെ മാതാപിതാക്കൾ "രക്ഷാകർതൃ കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു" എന്നും നഷ്ടപരിഹാരം അവർ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.

പ്രവർത്തനപരവും പ്രശസ്തിപരവുമായ നാശനഷ്ടങ്ങൾക്ക് 2 ദശലക്ഷം യുവാനും, ടേബിൾവെയർ നഷ്ടങ്ങൾക്കും വൃത്തിയാക്കലിനും 130,000 യുവാനും, നിയമപരമായ ഫീസായി 70,000 യുവാനും നൽകാൻ കോടതി ആവശ്യപ്പെട്ടു. കൗമാരക്കാരോടും അവരുടെ മാതാപിതാക്കളോടും കാറ്ററിംഗ് കമ്പനികൾക്ക് വേണ്ടി ചില പ്രത്യേക പത്രങ്ങളിൽ ക്ഷമാപണം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സിചുവാൻ പ്രവിശ്യയിലെ ജിയാൻയാങ്ങിൽ ആരംഭിച്ച ആദ്യത്തെ റെസ്റ്റോറന്റിൽ നിന്ന് ഹൈഡിലാവോ അതിവേഗം വികസിച്ച ഒരു റെസ്റ്റൊറൻ്റാണ്. ഇപ്പോൾ ലോകമെമ്പാടും 1,000-ലധികം സ്ഥലങ്ങൾ ഇത് പ്രവർത്തിക്കുന്നു. അസാധാരണമായ ഉപഭോക്തൃ സേവനത്തിനും കുടുംബ സൗഹൃദ അന്തരീക്ഷത്തിനും പേരുകേട്ട ഈ ശൃംഖല, സ്ത്രീകൾക്ക് സൗജന്യ മാനിക്യൂർ, കുട്ടികൾ മേശയ്ക്കായി കാത്തിരിക്കുമ്പോൾ കാൻഡി ഫ്ലോസ് തുടങ്ങിയ സവിശേഷ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റെസ്റ്റൊറൻ്റ് കൂടിയാണ്.

Content Highlights- Drunken Children urinated in soup ; Court fines families Rs 2.71 crore

To advertise here,contact us