വിമാനയാത്രയ്ക്കിടയില്‍ ഫ്രഷ് പാസ്ത ഉണ്ടാക്കി യുവതി; കയ്യടിച്ചും ചീത്തവിളിച്ചും സോഷ്യല്‍ മീഡിയ

വിന്‍ഡോ സീറ്റിലിരുന്ന് ഇഷ്ടപാനീയം രുചിച്ചുകൊണ്ട് അവര്‍ പാസ്തയുണ്ടാക്കി.

വിമാനയാത്രയ്ക്കിടയില്‍ ഫ്രഷ് പാസ്ത ഉണ്ടാക്കി യുവതി; കയ്യടിച്ചും ചീത്തവിളിച്ചും സോഷ്യല്‍ മീഡിയ
dot image

വിമാന യാത്ര, വിന്‍ഡോ സീറ്റ്..നിങ്ങളാണെങ്കില്‍ എന്തുചെയ്യും മേഘക്കൂട്ടങ്ങളെയെല്ലാം ആസ്വദിച്ച്, കുറേക്കഴിയുമ്പോള്‍ ബോറടിച്ച് യാത്ര അവസാനിപ്പിക്കും..എന്നാല്‍ കാറ്റി ബ്രൂക്‌സ് എന്ന യുവതി വിമാനയാത്രയെ ആസ്വാദ്യകരമാക്കിയത് ഇഷ്ടപ്പെട്ട സംഗതി ചെയ്തുകൊണ്ടാണ്. വിന്‍ഡോ സീറ്റിലിരുന്ന് ഇഷ്ടപാനീയം രുചിച്ചുകൊണ്ട് അവര്‍ പാസ്തയുണ്ടാക്കി. ഉണ്ടാക്കിയെന്ന് മാത്രമല്ല ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വിമാനത്തിലെ ഭക്ഷണം നിങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ എന്തുചെയ്യും സ്വയമുണ്ടാക്കും എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ഒരു ബൗളില്‍ ആവശ്യത്തിന് മാവും വെള്ളവും ചേര്‍ത്ത് യുവതി മാവ് കുഴക്കുന്നതും പിന്നീട് അതിനെ ന്യോഹ്കീ(gnocchi)പാസ്തയാക്കുന്നതെല്ലാം കാണാം. ഇതിനായി ഒരു മെറ്റല്‍ കട്ടറും ന്യോഹ്കീ ബോര്‍ഡും അവര്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തു. 8.1 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടത്.

പാസ്ത ഉണ്ടാക്കുക എന്നുള്ളത് എത്രത്തോളം എളുപ്പമുള്ളതാണെന്ന് കാണിക്കാനാണ് ശ്രമിച്ചതെന്നും വിമാനയാത്രക്കിടയില്‍ പോലും ഉണ്ടാക്കാനാവുന്നതാണെന്നും യുവതി കുറിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

മൂര്‍ച്ചയുള്ള എന്ത് വസ്തുവും വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവാദമില്ലെന്നിരിക്കേ എങ്ങനെയാണ് കട്ടിങ് ടൂള്‍ യുവതി കയ്യില്‍ കരുതിയതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ സഹയാത്രക്കാരെ ബഹുമാനിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മാവ് അലര്‍ജിയുള്ളവര്‍ യാത്രക്കാരില്‍ ഉണ്ടാകാമെന്നും ആര്‍ക്കെങ്കിലും അലര്‍ജി മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പെട്ടെന്നൊന്നും ആശുപത്രിയില്‍ എത്തിക്കാനാവില്ലെന്ന് ഓര്‍ക്കണമെന്നും ഇത്തരത്തില്‍ അലര്‍ജിയുള്ള ഒരു കുട്ടിയുടെ അമ്മ പറയുന്നുണ്ട്. അതേസമയം യുവതിയെ അഭിനന്ദിച്ചവരും കുറവല്ല. വിവിധതരം പാസ്തകള്‍ അതിവിദഗ്ധമായും രുചികരമായും തയ്യാറാക്കുന്ന കുക്കാണ് കാറ്റി. buonapastaclub എന്ന അവരുടെ ഇന്‍സ്റ്റ ഹാന്‍ഡിലില്‍ ഇത്തരത്തില്‍ നിരവധി വ്യത്യസ്തമായ പാസ്ത മേക്കിങ് വീഡിയോകള്‍ കാണാം.

Content Highlights: Woman's In-Flight Pasta Making Sparks Online Debate

dot image
To advertise here,contact us
dot image