നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ആഡംബര വസതി; 7000 സ്‌ക്വയര്‍ഫീറ്റില്‍ പണിതീര്‍ത്ത കവിത!

ഈ ബംഗ്ലാവിനുള്ളിലെ കാഴ്ചകള്‍ അതിമനോഹരം

പൈതൃകവും സമകാലിക ആഡംബരവും ഒത്തുചേര്‍ന്ന 7000 സ്‌ക്വയര്‍ ഫീറ്റിലെ അത്ഭുതം. ചെന്നൈ വീനസ് കോളനിയിലെ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെ വസതിയെ ഇങ്ങനെ വിശേഷിപ്പിക്കാം. നേരത്തേ കൊളോണിയന്‍ സ്‌റ്റൈലില്‍ രൂപകല്പന ചെയ്തിരുന്ന ഭവനത്തെ കാലത്തിനും ആവശ്യങ്ങള്‍ക്കും അനുരൂപമായ വിധത്തില്‍ ഇഷ്ടങ്ങളോട് ഒരു കോംപ്രമൈസിനും തയ്യാറാവാതെ നവീകരിക്കുകയായിരുന്നു നയനും വിഘ്‌നേഷും. വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും ഇവിടെ സ്വസ്ഥം എന്നുപറയുന്നതിന് സമാനായി പാരമ്പര്യവും ആധുനികതയും പ്രകൃതിയും വിട്ടുവീഴ്ചകളില്ലാതെ സമ്മേളിക്കുന്ന ഇടമെന്ന് കൂടി ഈ ഭവനത്തെ വിളിച്ചാല്‍ തെറ്റില്ല.

നല്ല വായുസഞ്ചാരം, സൂര്യപ്രകാശം, കാറ്റ് ഇതെല്ലാം സ്വാഭാവികമായും ലഭിക്കുന്ന അതിമനോഹരമായ രൂപകല്പനയാണ് ഈ വീടിന്റെ ഹൈലൈറ്റ്. അസ്തമയ സൂര്യന്റെ രശ്മികളേറ്റുവാങ്ങുന്നതിനനുസരിച്ച് ഭംഗി കൂടുന്ന രീതിയിലാണ് വീടിന്റെ ഇന്റീരിയര്‍ പോലും സെറ്റ് ചെയ്തിരിക്കുന്നത്. 40 ദിവസങ്ങള്‍ക്കുള്ളിലാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. സൂര്യപ്രകാശം നല്ല രീതിയില്‍ ലഭിക്കുന്ന രീതിയില്‍ വീടിന്റെ കാതല്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു നവീകരണമാണ് ആഗ്രഹിച്ചതെന്ന് നയന്‍ താര പറയുന്നു.

വലിയ ജനാലകള്‍, തുറന്ന ടെറസ് എന്നിവയെല്ലാം ഒരു ദിവസത്തെ കാലാവസ്ഥയ്ക്കനുസരിച്ച് വീടിന്റെ സ്വഭാവവും മാറ്റുന്നുണ്ട്..എര്‍ത്തി ടോണിലാണ് സൗന്ദര്യാത്മകത നിലനിര്‍ത്തുന്നത്. തടികൊണ്ടുള്ള തൂണുകള്‍, മനോഹരമായ മണ്‍പാത്രങ്ങള്‍, ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത പുരാവസ്തുക്കള്‍ എന്നിവയെല്ലാം ഇന്റീരിയറിന്റെ ഭംഗി ഉയര്‍ത്തുന്നു. വീടിനകത്തുള്ള ഓരോ ഫര്‍ണീച്ചറും ഡെക്കറുകളും അത് െൈഡനിങ് ടേബിളാകട്ടെ, അലങ്കാരത്തിനായി വച്ച ശില്പങ്ങളാകട്ടെ ആ വസതിയുടെ ആഡംബരത്തിന് തങ്ങളുടേതായ ഒരു കോണ്‍ട്രിബ്യൂഷന്‍ നല്‍കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ വ്യക്തിജീവിതത്തിനും പ്രൊഷണല്‍ കാര്യങ്ങള്‍ക്കും ഒരുപോലെ ഇടം നല്‍കുന്ന ഒരു ഹോം സ്റ്റുഡിയോ. കോണ്‍ഫറന്‍സ് റൂം, പ്രത്യേക മീറ്റിങ് മുറികള്‍, അസിറ്റന്റ് ഡയറക്ടേഴ്‌സിനുള്ള ഇടം, നയനും വിഘ്‌നേഷിനും പ്രത്യേകം സ്വകാര്യ ഓഫിസുകള്‍, അതിഥികള്‍ക്കുള്ള കിടപ്പുമുറി, വീട്ടിലെത്തുന്ന സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ലോഞ്ച്, വീടിന്റെ പുറകുവശത്തുള്ള ഡൈനിങ് ഏരിയ എന്നിവയെല്ലാം ഈ വീടിന്റെ പ്രത്യേകതകളാണ്.

വീട്ടിലെത്തുന്ന ആരുടെയും ശ്രദ്ധ കവരുന്ന, നയന്‍താരയ്ക്ക് പ്രിയപ്പെട്ട ഒരിടം വിഘ്‌നേഷിന്റെ സ്റ്റുഡിയോ ആണ്. ഒരു സോഷ്യല്‍ ഹബ്ബായി രൂപാന്തരം ചെയ്ത ഒരു ഓപ്പണ്‍ ടെറസ് കഫേയിലേക്കാണ് അത് തുറക്കുന്നത്.' എനിക്ക് പ്രിയപ്പെട്ട ഇടം ടെറസ് കഫേ ലോഞ്ചുള്ള വിഘ്‌നേഷിന്റെ സ്റ്റുഡിയോ ആണ്. അവിടെയാണ് പതിവായി ഞങ്ങള്‍ അതിഥികള്‍ക്ക് ആതിഥ്വം വഹിക്കുന്നത്.' നയന്‍താര പറയുന്നു. ഒരു ഡബിള്‍ ഹൈറ്റ് ഗ്ലാസ് നിര്‍മിതി ഉള്‍പ്പെടുന്നതാണ് ഇത്. ബംഗ്ലാവിന്റെ മറ്റ് ഭാഗങ്ങില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിര്‍മിതി ആണെന്ന് മാത്രമല്ല, തടസ്സമില്ലാത്ത മനോഹര കാഴ്ചകളും ഇത് നല്‍കുന്നുണ്ട്.

ജയ്പുരിലെ പരവതാനികള്‍, നാഗ കസേരകള്‍, ഗുഡ് എര്‍ത്ത് കുഷ്യനുകള്‍ എന്നിവയെല്ലാം കൊണ്ടാണ് ഈ ലോഞ്ച് അലങ്കരിച്ചിരിക്കുന്നത്. ഈ ലോഞ്ചില്‍ മോറോക്കന്‍ ശൈലിയിലുള്ള സീറ്റിങ് ആണ് ക്രമീകരിച്ചിരിക്കുന്നത്. ഹാങ്ങിംഗ് ലൈറ്റുകള്‍ പോലും വ്യത്യസ്തമാണ്. വളരെ കാഷ്വലായിട്ടുള്ള കൂടിച്ചേരലുകള്‍ക്കുള്ള അന്തരീക്ഷമൊരുക്കുന്ന ഇടം. അവിടെ നിന്ന് പുറത്തേക്ക് തുറക്കാവുന്ന ഗ്ലാസ് ഡോറുകള്‍ പച്ചപ്പിലേക്കുള്ള മനോഹര കാഴ്ചയാണ് നല്‍കുന്നത്.

ഓഫീസിലെ ഫര്‍ണീച്ചര്‍ പോലും വ്യത്യസ്തമാണ്. കൊത്തുപണികളുള്ള പച്ച നിറത്തിലുള്ള വാതില്‍ തുറന്നാല്‍ കാണുന്ന കസ്റ്റമൈസ്ഡ് ഫര്‍ണീച്ചര്‍ ആരേയും കൗതുകപ്പെടുത്തും. പാറക്കല്ലും തടിയും ഉപയോഗിച്ച് പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഒപ്പം ചുമരുകള്‍ക്ക് അലങ്കാരമായി അതിമനോഹരമായ പെയിന്റിങ്ങുകളും തടിയില്‍ നിര്‍മിച്ച വാള്‍ ഡെക്കറുകളും.

ഔട്ടോഡോര്‍ ലിവിങ്ങിനും തുല്യ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. തുറന്ന ടെറസുകളും ബാംബൂ ഡെക്കുകളും നഗര കാഴ്ചകള്‍ സമ്മാനിക്കുന്നു. വീടിനോട് ചേര്‍ന്നുള്ള ഒരു ചിക്കു മരവും സ്വഭാവിക പച്ചപ്പും വീടിന്റെ ഔട്ട്‌ഡോറിനെ കൂടുതല്‍ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്നതാണ്. പരമ്പരാഗത വാസ്തുവിദ്യ, കരകൗശല വസ്തുക്കള്‍, ആധുനിക ഡിസൈനുകള്‍ എന്നിവയെല്ലാം ചേര്‍ന്നസര്‍ഗാത്മകതയുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലമാണ് ഈ മനോഹര സൗധം. കൊളോണിയല്‍ രീതിയിലുള്ള മുന്‍ഭാഗം മുതല്‍ ചില്ലുഭിത്തികളുള്ള സ്റ്റുഡിയോയും ടെറസ് കഫേയും ചേര്‍ന്ന് പഴയകാലത്തിന്റെയും പുതുമയുടെയും കയ്യൊപ്പ് ചാര്‍ത്തുന്നു.

Content Highlights: Nayanthara And Vignesh Shivan's 7,000 Sq. Ft Colonial Bungalow In Chennai

To advertise here,contact us