
ലോക ടൂറിസം ഭൂപടത്തിൽ പേരുകേട്ട നഗരമാണ് പാരിസ്. ലോകപ്രശസ്തമായ ഈഫല് ടവറിന്റെ നഗരം. പ്രണയിതാക്കളും വിനോദസഞ്ചാരികളും ഫാഷന്പ്രേമികളും ഇരച്ചെത്തുന്ന ഫ്രാൻസിന്റെ അഭിമാനനഗരം. ഒരു വർഷം പാരിസിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില് കയ്യും കണക്കുമുണ്ടാകാറില്ല. എന്നാൽ പാരിസ് നഗരത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഇന്ത്യന് വ്ളോഗര്.
ഇന്ത്യൻ വ്ളോഗറായ വിനായക് മിശ്രയാണ് നഗരത്തിന്റെ മറ്റൊരു മുഖം തന്റെ വ്ളോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ ധാരണകളെയെല്ലാം തകിടം മറിക്കുന്നതാണ് ഈ വീഡിയോ. വൃത്തിഹീനമായ തെരുവുകൾ, അലക്ഷ്യമായി പെരുമാറുന്ന മനുഷ്യരും കച്ചവടക്കാരും തുടങ്ങി ആളുകൾ വെറുത്തുപോകുന്ന ഒരു പാരിസ് നഗരത്തെയാണ് വിനായക് മിശ്ര കാണിച്ചുതരുന്നത്.
ഈ പ്രദേശം ഇങ്ങനെയാണ് എന്നതുകൊണ്ട് പാരിസ് മോശമല്ല എന്ന് വിനായക് പറയുന്നുണ്ട്. വീഡിയോ തുടങ്ങുന്നത് തന്നെ തെരുവുകളിൽ പലതരം കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ കാണിച്ചുകൊണ്ടാണ്. ചപ്പുചവറുകൾ നിറഞ്ഞ, ആകെ വൃത്തിഹീനമായ റോഡാണ് വീഡിയോയിൽ ഉള്ളത്. പേപ്പറുകളും മറ്റും നിലത്ത് വീണുകിടക്കുന്നതായി കാണാം. പലയിടങ്ങളിലും ആളുകൾ ബഹളം വെയ്ക്കുന്നതും മറ്റും കാണാം. എന്നാൽ പാരിസ് നഗരത്തിന്റെ കൃത്യം ഏത് ഭാഗമാണ് ഇതെന്ന് വിനായക് മിശ്ര പറഞ്ഞിട്ടില്ല.
നിരവധി കമന്റുകളാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോക്ക് താഴെ വരുന്നത്. അതിൽ ഭൂരിഭാഗവും വംശീയതയും കുടിയേറ്റവിരുദ്ധതയും നിറഞ്ഞതാണ്. എന്നാൽ ചിലർ പ്രദേശത്തെ ഭരണ സംവിധാനങ്ങളെയാണ് വിമർശിക്കുന്നത്. പ്രധാന നഗരങ്ങളിൽ എല്ലാം ഇത്തരം കച്ചവടത്തെരുവുകൾ ഉണ്ടെന്നും എല്ലാ ദിവസവും അവിടെ വൃത്തിയാക്കേണ്ടത് പ്രാദേശിക ഭരണകൂടത്തിന്റെയടക്കം ഉത്തരവാദിത്വമാണെന്നും നിരവധി കമന്റുകളുണ്ട്. എന്ത് തന്നെയായാലും വീഡിയോ നിരവധി കാഴ്ചക്കാരെ ആകർഷിച്ചുകഴിഞ്ഞു.
Content Highlights: Indian vlogger shows dirty paris streets in his vlog