തലവെട്ടിക്കളഞ്ഞിട്ടും പുല്ലുപോലെ നടക്കുന്ന ആരെയെങ്കിലുമൊക്കെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കില് അത് ചിത്രകഥകളിലും കെട്ടുകഥകളിലുമൊക്കെയായിരിക്കും. യഥാര്ഥ ജീവിതത്തില് ഒരു ഈച്ചയെപോലും അങ്ങനെ സങ്കല്പ്പിക്കാന് കഴിയില്ല. എന്നാല് വിശ്വസിച്ചേ മതിയാകൂ.. മരണത്തെ വെല്ലുവിളിച്ച് ചരിത്രത്തില് ഇടംനേടിയ മൈക്ക് എന്ന കോഴിയാണ് യഥാര്ഥ ജീവിതത്തിലെ ഈ അത്ഭുത കഥാപാത്രം. 1945 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. കൊളറാഡോയിലെ ഫ്രൂട്ട എന്ന പട്ടണത്തില് ഒരു കര്ഷകന് വളര്ത്തിയിരുന്ന കോഴിയാണ് ഈ കഥാപാത്രം.
ഫ്രൂട്ടയിലെ കര്ഷകനായ ലോയ്സ് ഓള്സണ് അത്താഴത്തിന് താന് വീട്ടില് വളര്ത്തുന്ന ഒരു കോഴിയെ കറിവയ്ക്കാന് തീരുമാനിച്ചു. അഞ്ചരമാസം പ്രായമുളള ഒരു കോഴിയെയാണ് അന്ന് ലോയ്സ് കറിവയ്ക്കാന് തെരഞ്ഞെടുത്തത്. അയാള് ഒരു കൊടാലി വീശി കോഴിയെ കൊല്ലാന് നോക്കി. പക്ഷേ വിധി മറ്റൊന്നായിരുന്നു. കോടാലിയുടെ വെട്ട് കൊണ്ട് കോഴിയുടെ തലയുടെ ഭൂരിഭാഗവും മുറിഞ്ഞുപോയി. പക്ഷേ കോഴിയുടെ ജീവന് പോയില്ല. അത് തലയില്ലാതെ അവിടെയെല്ലാം ഓടിനടന്നു. ഒന്നും രണ്ടും ദിവസം കഴിഞ്ഞപ്പോള് എല്ലാവര്ക്കും അത്ഭുതം കൂടി.
കോഴി കൊത്താനും മുഖം വെള്ളത്തില് കഴുകാനും വരെ ശ്രമിച്ചിരുന്നു. പക്ഷേ അതെല്ലാം അവ്യക്തമായ ആംഗ്യങ്ങളായാണ് കാഴ്ചക്കാര്ക്ക് തോന്നിയത്. പിന്നീട് ലോയ്സും കുടുംബവും മൈക്ക് എന്ന അത്ഭുത കോഴിയെ പരിചരിക്കാന് തുടങ്ങി.
തലയുടെ ഭൂരിഭാഗവും മുറിഞ്ഞ് പോയെങ്കിലും മൈക്കിന്റെ തലച്ചോറിന്റെ ഒരു ഭാഗവും ഒരു ചെവിയും കേടുകൂടാതെയിരുന്നു. ശ്വസനം, ഹൃദയമിടിപ്പ്, റിഫ്ലെക്സ് പ്രവര്ത്തനങ്ങള് തുടങ്ങിയ അടിസ്ഥാന പ്രവര്ത്തനങ്ങള്ക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ബ്രെയിന് സ്റ്റെം കേടുകൂടാതെയിരുന്നു. ഇത് മൈക്കിനെ ഗുരുതരമായ അവസ്ഥയിലും ജീവിക്കാന് സഹായിച്ചു. കഴുത്തിലെ അന്നനാളിയുടെ തുറസ്സ് വഴിഒരു ഐഡ്രോപ്പര് ഉപയോഗിച്ചാണ് ലോയ്സ് കോഴിക്ക് ഭക്ഷണം നല്കിയിരുന്നത്.
തലയില്ലാത്ത അത്ഭുത കോഴിയെക്കുറിച്ചുള്ള വാര്ത്ത പെട്ടെന്ന് പരന്നു. താമസിക്കാതെ മൈക്ക് താരമായി. മൈക്കുമായി രാജ്യം മുഴുവന് ലോയ്സ് പര്യടനം നടത്തി. മൈക്കിന്റെ പ്രശസ്തി വളര്ന്നു. ടൈം,ലൈഫ് മാഗസിനുകളില് ഇടംനേടി ഒരു ദേശീയ കൗതുകമായി മാറി. തലയില്ലാത്ത അത്ഭുത കോഴിയെ വെച്ച് ലോയ്സ് പ്രതിമാസം 4,500 ഡോളര് വരെ സമ്പാദിച്ചു.
എന്നാല് മൈക്കിന്റെ ജീവിതയാത്ര 1947 മാര്ച്ചില് അവസാനിച്ചു. ഒരു ടൂര് കഴിഞ്ഞ് മൈക്കും ലോയ്സും മടങ്ങിയ വഴിയില് ഭക്ഷണശാലയില് കയറുകയും മൈക്കിന് ഭക്ഷണം കൊടുക്കുന്നതിനിടയില് അന്നനാളത്തില് കുടുങ്ങുകയും മൈക്ക് ചത്തുപോകുകയുമായിരുന്നു.
Content Highlights :The story of Mike, the miraculous chicken who lived for a year and a half despite losing his head