
ലക്ഷ്യങ്ങൾ നേടാൻ പ്രായം ഒരു തടസ്സമാണോ? പലർക്കും ഇക്കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടായിരിക്കും. ചിലർക്ക് ജീവിതത്തിൽ ചെയ്തുതീർക്കേണ്ട പല കാര്യങ്ങളും മൂലം ലക്ഷ്യങ്ങളെ മാറ്റിവെയ്ക്കേണ്ടതായി വരാം. എന്നാൽ മറ്റ് ചിലർ എല്ലാറ്റിനെയും അവഗണിച്ചുകൊണ്ട് മുന്നേറും. അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ എങ്ങനെയെങ്കിലും സമയം കണ്ടെത്തും. അത്തരത്തിലൊരു കഥയാണ്, അല്ല ഒരാളുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
മൈത്രേയ സാദേ യുവാവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 52-ാം വയസിൽ എംബിഎ ബിരുദം നേടിയ തന്റെ പിതാവിന്റെ നേട്ടം ആഘോഷിക്കുകയാണ് മൈത്രേയയും കുടുംബവും. കാണുന്ന ആരുടേയും മനസ്സിൽ പോസിറ്റിവിറ്റി നിറയ്ക്കുന്ന, സന്തോഷം നൽകുന്ന ഒരു വീഡിയോയാണ് ഇത്.
ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തുന്ന പിതാവിനെ കുടുബാംഗങ്ങൾ എല്ലാവരും കൂടി സ്വീകരിക്കുന്നതാണ് വീഡിയോയിൽ കാണാനാകുക. എല്ലാവരെയും അദ്ദേഹത്തിന്റെ മുഖം പ്രിന്റ് ചെയ്ത മുഖംമൂടി ധരിച്ചാണ് കാണാനാകുന്നത്. ബിരുദധാരികൾ അണിയുന്ന തൊപ്പിയും കാണാം. വീടാകെ ബലൂണും പേപ്പറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ട പിതാവ് ആകെ ആശ്ചര്യപ്പെടുന്നതും സന്തോഷത്തോടെ മക്കളെ ആലിംഗനം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുളളത്. എന്ത് അടിപൊളി കുടുംബമാണ് ഇത് എന്ന് ചിലർ പറയുന്നുണ്ട്. നമുക്ക് വേണ്ടി നിരന്തരം കഷ്ടപ്പെടുന്ന മാതാപിതാക്കൾക്കു അവർ അർഹിക്കുന്ന കാര്യങ്ങൾ ലഭിക്കുമ്പോൾ സന്തോഷമെന്ന മറ്റൊരാൾ പറയുന്നു. ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടാൻ പ്രായം ഒരു തടസ്സമല്ലെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ നിങ്ങൾ പഠിപ്പിക്കുകയാണ് എന്നാണ് മാറ്റിയൊരു കമന്റ്. എന്തുതന്നെയായാലും ജീവിതത്തിൽ ഒരിക്കലും തളരരുത് എന്നും ആത്മവിശ്വാസം കൈവിടരുത് എന്നതിനും ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നതിൽ സംശയമില്ല.
Content Highlights: video of family celebrating mba graduation of 52 year old man goes viral