സോഷ്യല് മീഡിയയില് അവര് എപ്പോഴും ആക്ടീവായിരിക്കും. എല്ലാ പോസ്റ്റുകളും കാണുകയും സംഭവങ്ങള് അറിയുകയും ചെയ്തുകൊണ്ടിരിക്കും. പക്ഷേ ഒരിക്കല് പോലും അവര് മറുപടി മെസേജുകള് അയയ്ക്കുകയോ അഭിപ്രായങ്ങള് പങ്കുവയ്ക്കുകയോ ചെയ്യാറില്ല. സ്റ്റാറ്റസുകള് മാറുന്നതും പങ്കുവയ്ക്കപ്പെട്ട പോസ്റ്റുകളിലെ അഭിപ്രായങ്ങള് മാറുന്നതും കമന്റുകള് വരുന്നതും പോകുന്നതും ഒക്കെ അവര് ശ്രദ്ധിക്കാറുമുണ്ട്. നിങ്ങളില് ആരെങ്കിലുമൊക്കെ ഇങ്ങനെ ഉണ്ടാവില്ലേ? അല്ലെങ്കില് നിങ്ങള്ക്ക് പരിചയമുള്ള ആരെങ്കിലും ഇക്കൂട്ടത്തില് ഉണ്ടാവില്ലേ? എന്തുകൊണ്ടായിരിക്കും ഇവര് ഒന്നിനോടും പ്രതികരിക്കാത്തത്. ചില ആളുകള് ഇത്തരത്തിലുള്ള നിഷ്ക്രിയ പ്രവര്ത്തനത്തിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്നതിന് മനശാസ്ത്രം ചില കൗതുകകരമായ കാര്യങ്ങള് വ്യക്തമാക്കുന്നുണ്ട്.
ഇത്തരക്കാരെക്കുറിച്ച് മനശാസ്ത്രം പറയുന്ന അഞ്ച് കാര്യങ്ങള് ഇങ്ങനെയാണ്
ആത്മബോധവും സ്വയം നിരീക്ഷണവും
നിശബ്ദ സ്ക്രോളര്മാര്ക്കിടയിലെ ഏറ്റവും പ്രത്യേകതയുളള സ്വഭാവങ്ങളിലൊന്ന് അവരുടെ ഉയര്ന്ന ആത്മബോധമാണ്. ഈ വ്യക്തികള് അവരെ മറ്റുള്ളവര്ക്ക് മുന്നില് എങ്ങനെ അവതരിപ്പിക്കുന്നു എന്നതില് ബോധവാന്മാരായിരിക്കും. പ്രതികരിക്കുന്നതിന് മുന്പ് അക്കാര്യങ്ങളെക്കുറിച്ച് വിശദമായി നിരീക്ഷിക്കും. തെറ്റായി വ്യാഖ്യാനിക്കപ്പെടാന് സാധ്യതയുള്ള എന്തെങ്കിലും ആവേശത്തോടെ പോസ്റ്റ് ചെയ്താല് പിന്നീട് ഖേദിക്കേണ്ടി വരും എന്നതുകൊണ്ടും സോഷ്യല്മീഡിയയിലെ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളായതുകൊണ്ടുമാണിത്.
അഭിപ്രായം പ്രകടിപ്പിക്കുന്നതിനേക്കാള് നിരീക്ഷണത്തിനാണ് മുന്ഗണന
മനശാസ്ത്രപരമായ വീക്ഷണകോണില് നിന്ന് നോക്കുമ്പോള് ഈ വ്യക്തികള് അന്തര്മുഖരായിരിക്കും. ശ്രദ്ധാകേന്ദ്രമാകുന്നതിന് പകരം ഉള്ളടക്കം കാണുന്നതിനാണ് ഇവര് മുന്ഗണന കൊടുക്കുന്നത്. മറ്റുളളവരെക്കുറിച്ച് പഠിക്കുകയും സ്വന്തം സ്വകാര്യ വിധിന്യായങ്ങള് രൂപപ്പെടുത്താനും ശ്രദ്ധിക്കുന്നു. ഇതിനര്ഥം അവര്ക്ക് അഭിപ്രായങ്ങള് ഇല്ല എന്നല്ല. വാസ്തവത്തില് അവര്ക്ക് കൂടുതല് ശക്തമായ അഭിപ്രായങ്ങള് ഉണ്ടായിരിക്കാം. പൊതുവേദികളില് അവരുടെ അഭിപ്രായങ്ങള് പ്രകടിപ്പിക്കില്ല എന്ന് മാത്രം.
വൈകാരികമായ സ്വയം സംരക്ഷണം
ഓണ്ലൈനിലെ പോസ്റ്റുകള്ക്ക് നിങ്ങള് നിങ്ങളുടെ ഭാഗം പങ്കുവയ്ക്കുന്നു. ആ ഭാഗത്തിന് മറ്റുള്ളവര് അവരുടെ വിധിന്യായങ്ങള് അഭിപ്രായങ്ങളായി പറയുന്നു. പല 'നിശബ്ദ ഉപയോക്താ'ക്കളും ഇത്തരം അഭിപ്രായ പ്രകടനങ്ങള് ഒഴിവാക്കാന് ആഗ്രഹിക്കുന്നവരാണ്. മനശാസ്ത്രപരമായി ഇത് വൈകാരികമായ സ്വയംസംരക്ഷണമാണ്. ഒരു കാര്യത്തോടുള്ള അഭിപ്രായം പങ്കുവയ്ക്കുമ്പോള് അതില്നിന്നുള്ള നാണക്കേട് അല്ലെങ്കില് തെറ്റിദ്ധാരണ എന്നിവയില്നിന്ന് സ്വയം സംരക്ഷിക്കാനുള്ള ഒരു പ്രതിരോധ സംവിധാനമാണ് അവരുടെ നിശബ്ദത.
പ്രതികരിക്കുന്നതിന് മുന്പ് സ്വയം നിഗമനങ്ങളില് എത്തിച്ചേരുന്നു
പരസ്യമായി പ്രതികരിക്കുന്നതിന് പകരം വിവരങ്ങള് സ്വകാര്യമായി പ്രോസസ് ചെയ്യുന്നതാണ് അവരെ സംബന്ധിച്ച് പ്രാധാന്യമുളള കാര്യം.
ബാഹ്യമായ കാര്യങ്ങള് പ്രചോദനം നല്കുന്നില്ല
സോഷ്യല് മീഡിയ ബ്രൗസ് ചെയ്യുന്നവരും എന്നാല് കാര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യാത്ത ആളുകള്ക്ക് ലൈക്കുകള്, കമന്റുകള്, ഷെയറുകള് ഇവയൊന്നും പ്രചോദനം നല്കുന്നില്ല. ഒരു പോസ്റ്റിന് എത്ര ലൈക്കുകള് ലഭിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില് അവരുടെ മൂല്യം അളക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്നവരാണ് ഇത്തരക്കാര്.സോഷ്യല്മീഡിയ ട്രെന്ഡുകളൊന്നും അവരെ ബാധിക്കുന്നുമില്ല.
Content Highlights :What is the psychology of those who are always scrolling on social media but are not active?