ഭാവിവരന് മറ്റൊരു പ്രണയമുണ്ടെന്ന് സംശയം,ഡിറ്റക്ടീവിനെ സമീപിച്ച് യുവതി;സത്യം അറിഞ്ഞപ്പോള്‍ ഞെട്ടിയത് ഡിറ്റക്ടീവ്

വിവാഹം ആലോചിക്കുന്ന വരനെക്കുറിച്ചും വധുവിനെക്കുറിച്ചും അറിയാനും സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നവരുണ്ട്.

ചീറ്റിങ്.. റിലേഷന്‍ഷിപ്പില്‍ തുടര്‍ന്നുകൊണ്ടുതന്നെ മറ്റൊരു പ്രണയ ബന്ധത്തിന് പങ്കാളി തയ്യാറാവുകയാണെങ്കില്‍ അത് ചീറ്റിങ്ങല്ലാതെ എന്താണ്? ബന്ധങ്ങളില്‍ ഇത്തരം ചീറ്റിങ്ങുകള്‍ പതിവായതോടെ പങ്കാളിയുടെ കള്ളത്തരം പൊളിക്കാന്‍ പലരും ഇന്ന് സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം വരെ തേടുന്നുണ്ട്. വിവാഹം ആലോചിക്കുന്ന വരനെക്കുറിച്ചും വധുവിനെക്കുറിച്ചും അറിയാനും സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നവരുണ്ട്.

അത്തരത്തില്‍ ഒരു യുവതിക്ക് വേണ്ടി അന്വേഷണം നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് ബല്‍ദേവ് പുരി തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് വെറോണയുടെ മാച്ച്‌മെയ്ക്കിങ് യുട്യൂബ് ചാനലിലൂടെ.. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബല്‍ദേവിനെ ഒരു യുവതി സമീപിക്കുന്നത്.

'സര്‍, ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. നിങ്ങള്‍ ആ പയ്യനെ കുറിച്ച് അന്വേഷണം നടത്തി തരണം. കാരണം, മാസങ്ങള്‍ കൂടുമ്പോള്‍ അയാള്‍ വിദേശത്തേക്ക് പോകുന്നുണ്ട്, പ്രത്യേകിച്ച് ഒരു നഗരത്തിലേക്കാണ് ആ യാത്രകളെല്ലാം. അതെന്തിനാണെന്ന് കണ്ടെത്തി തരണം.' എന്നായിരുന്നു യുവതിയുടെ ആവശ്യം.

യുവതിയുടെ ആവശ്യപ്രകാരം അന്വേഷണം നടത്തിയ ഡിറ്റക്ടീവ് ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അവിടെ ബന്ധമുണ്ടെന്ന് കണ്ടെത്തി. ആ സ്ത്രീയും ഇയാളും തമ്മില്‍ സാമ്പത്തികമായും ശാരീരികമായും എല്ലാ അര്‍ഥത്തിലും ബന്ധം പുലര്‍ത്തിയിരുന്നുവത്രേ.

ഇക്കാര്യം കണ്ടെത്തിയ ഡിറ്റക്ടീവ് അന്വേഷണത്തിന് സമീപിച്ച യുവതിയെ വിളിച്ച് കാര്യം പറഞ്ഞു. കണ്ടെത്തിയ കാര്യങ്ങളെല്ലാം യുവതിയെ ധരിപ്പിച്ചു. എന്നാല്‍ യുവതിയുടെ മറുപടി തങ്ങളെ ഞെട്ടിച്ചുവെന്ന് ഡിറ്റക്ടീവ് പറയുന്നു.' മിസ്റ്റര്‍ പുരി, ഞാന്‍ വളരെയധികം സന്തുഷ്ടയാണ്. കാരണം ഞാന്‍ ബൈസെക്ഷ്വലാണ്. അയാള്‍ എന്തായാലും അത് അറിയും. ഇപ്പോള്‍ ഞാന്‍ കുറച്ച് റിലാക്‌സ്ഡ് ആണ്. എനിക്ക് ടെന്‍ഷനില്ല.

ഇനി എനിക്ക് അയാളെ വിവാഹം കഴിക്കാം, അദ്ദേഹത്തിനൊപ്പം താമസിക്കാം. ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകും. അതേസമയം, എനിക്ക് എന്റെ പ്രണയിതാവുമായുള്ള ബന്ധത്തില്‍ തുടരുകയും ചെയ്യാം. ഞാന്‍ രണ്ടുബന്ധങ്ങളും നന്നായികൊണ്ടുപോകും.' എന്നായിരുന്നു യുവതിയുടെ മറുപടി. താന്‍ ഇത്തരത്തിലൊരു കേസ് അന്വേഷിക്കുന്നത് ആദ്യമാണെന്നാണ് ബല്‍ദേവ് പുരി പറയുന്നത്.

ഇത്തരത്തില്‍ പങ്കാളികളെ കുറിച്ചുള്ള അന്വേഷണത്തിനായി തന്നെ സമീപിക്കുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് പുരി പറയുന്നു. ചിലപ്പോള്‍ അന്വേഷണത്തിനായി വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാമെന്നും പുരി പറയുന്നു.

Content Highlights: Cheating Scandal Takes a Twist: Woman's Reaction Leaves Detective Speechless

To advertise here,contact us