ബോളിവുഡ് നടിയും സ്റ്റൈൽ ഐക്കണുമായ കരീന കപൂറിൻ്റെ ഫിറ്റനെസ്സും ഡയറ്റും പലപ്പോഴും ചർച്ചയാവാറുണ്ട്. 44 കാരിയായ കരീന ഇപ്പോഴും എങ്ങനെ യുവത്വം നിലനിർത്തുന്നുവെന്നതിന് ഒരു ഉത്തരമേ ഉള്ളൂ. കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണങ്ങളും. കരീന കപൂര് കഴിഞ്ഞ 18 വര്ഷമായി ഒരേ ഭക്ഷണക്രമം പിന്തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ദീര്ഘകാല പോഷകാഹാര വിദഗ്ദ്ധയായ റുജുത ദിവേക്കര്.
ഉണര്ന്നയുടനെ ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്ടസ്, പ്രഭാതഭക്ഷണത്തിന് പരോട്ട അല്ലെങ്കില് പോഹ ഉച്ചഭക്ഷണത്തിന് പരിപ്പും ചോറും, വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് ചീസ് ടോസ്റ്റ് (ചിലപ്പോള്) അല്ലെങ്കില് മാമ്പഴം/മാമ്പഴ മില്ക്ക് ഷേക്ക്, അത്താഴത്തിന് നെയ്യ്/പുലാവ് ചേര്ത്ത ഖിച്ഡി എന്നിവയാണ് കരീനയുടെ ഡയറ്റെന്ന് റുജുത വ്യക്തമാക്കി.
എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കാമോ ?
വിദഗ്ദ്ധരുടെ അഭിപ്രായത്തില്, എല്ലാ ദിവസവും ഒരേ ഭക്ഷണമോ ലഘുഭക്ഷണമോ കഴിക്കുന്നത് പ്രശ്നമുള്ള കാര്യമല്ല. നിങ്ങള് ആവര്ത്തിക്കുന്ന ഭക്ഷണം എന്താണെന്നതിനെ ആശ്രയിച്ചാണ് അതിൻ്റെ ഫലപ്രാപ്തിയും ഇരിക്കുന്നത്.
പോഷകങ്ങള് നിറഞ്ഞ ഭക്ഷണം
ആരോഗ്യം നിലനിര്ത്താന് നിങ്ങളുടെ ശരീരത്തിന് ധാരാളം വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാല്, നിങ്ങള് ദിവസവും ഒരേ ഭക്ഷണം കഴിക്കുകയാണെങ്കില്, അത് പഴങ്ങളും പച്ചക്കറികളും ഉള്പ്പെടെ പോഷകസമൃദ്ധമായിരിക്കണമെന്നത് ശ്രദ്ധിക്കണം.
നിങ്ങളുടെ ഭക്ഷണം ആരോഗ്യ ആവശ്യങ്ങള് നിറവേറ്റുന്നുണ്ടോ ?
നിങ്ങള്ക്ക് ഏതെങ്കിലും തരത്തിലെ ആരോഗ്യപ്രശ്നമുണ്ടെങ്കില് ഡോക്ടര് നിര്ദ്ദേശിക്കുന്ന ചില ഭക്ഷണക്രമങ്ങള് മാത്രം പിന്തുടരുക. നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അനുയോജ്യമല്ലാത്ത ഭക്ഷണം ദിവസവും കഴിക്കുന്നത് കാലക്രമേണ ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകും.
ദിവസവും ഒരേ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങള്
ഒരേ തൂക്കം നിലനിർത്താൻ ഒരേ കാലറിയും ഭക്ഷണവും
ശരീരഭാരം കുറയ്ക്കാന് ശ്രമിക്കുമ്പോള് കലോറിയുടെ അളവ് മനസിലാക്കുന്നത് സഹായകരമാകും. അങ്ങനെ വരുമ്പോൾ ഒരേ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിൻ്റെ അളവിനെക്കുറിച്ചും കാലറിയെ പറ്റിയും നിങ്ങൾക്ക് ഒരു ബോധ്യം നൽകും.
ദിവസവും ഒരേ ഭക്ഷണം കഴിക്കുന്നതിന്റെ ദോഷങ്ങള്
എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കുന്നത് എല്ലാവര്ക്കും അനുയോജ്യമായിരിക്കണമെന്നില്ല. ഭക്ഷണം ആവര്ത്തിക്കുന്നതിന്റെ ചില പോരായ്മകള് ഇവയാണ്:
കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു
നിങ്ങളുടെ മാനസികാരോഗ്യം വര്ദ്ധിപ്പിക്കുന്നതില് ആരോഗ്യകരമായ കുടല് പ്രധാന പങ്ക് വഹിക്കുന്നു. പഠനങ്ങള് അനുസരിച്ച്, ആരോഗ്യകരമായ സന്തുലിതാവസ്ഥ കൈവരിക്കാന് കുടലിന് നിരവധി വ്യത്യസ്ത ഭക്ഷണങ്ങള് ആവശ്യമാണ്. നിങ്ങള് എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിച്ചാലും നിങ്ങളുടെ കുടലിലെ മൈക്രോബയോമിന് തടസ്സം നേരിടാം. അതിനാൽ കുടലിൻ്റെ ആരോഗ്യത്തിന് വ്യത്യസ്ഥ ഭക്ഷണങ്ങൾ ആവശ്യമാണ്.
പോഷകങ്ങള് നഷ്ടപ്പെട്ടേക്കാം
നിങ്ങള് എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കുകയാണെങ്കില്, അത് പോഷകങ്ങളുടെ കുറവിന് കാരണമാകും. ഇത് ദീര്ഘകാലാടിസ്ഥാനത്തില് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും. ഒരു ഭക്ഷണവും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും, ധാതുക്കളും, ആരോഗ്യകരമായ കൊഴുപ്പുകളും, പ്രോട്ടീനും നല്കുന്നില്ലെന്ന് ഡോക്ടര്മാര് പറയുന്നു. ഒരേ ഭക്ഷണം ആവര്ത്തിക്കുന്നത് വിറ്റാമിനുകളുടെയും, ധാതുക്കളുടെയും, മറ്റ് പ്രധാന പോഷകങ്ങളുടെയും കുറവിന് കാരണമാകും. ഇതിനെല്ലാം പുറമെ ഭക്ഷണത്തോട് മടുപ്പും തോന്നിയേക്കാം.
Content Highlights- 'No boredom… Same food for 18 years' This is Kareena's diet, which maintains her youthful look even at the age of 44