തിങ്കളാഴ്ച വ്രതം, വൈകിട്ട് 6.30ന് ഡിന്നര്‍; 57-ാം വയസിലും അക്ഷയ് ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെ

'വെയ്റ്റ് ലിഫ്റ്റിങ് ചെയ്തുകൊണ്ടുള്ള ട്രെയ്നിങ്ങുകൾ ചെയ്യാറില്ല'

ബോളിവുഡില്‍ പേരുകേട്ട ഫിറ്റ്‌നസ് ഫ്രീക്കുകളിലൊരാളാണ് അക്ഷയ് കുമാര്‍. 57-ാം വയസ്സിലും ആരോഗ്യം കാത്തുസൂക്ഷിക്കുന്ന അക്ഷയ്‌യുടെ ജീവിത ശൈലിയും ബി ടൗണില്‍ ഏറെ പ്രശസ്തമാണ്. കൃത്യനിഷ്ഠ, ഫിറ്റ്നസ് ശീലങ്ങൾ, ദിനചര്യകൾ എന്നിവ അക്ഷയുടെ ഫിറ്റ്നസ് രഹസ്യങ്ങളിൽ പ്രധാനമാണ്. അദ്ദേഹം സ്ഥിരമായി രാത്രി 10 മണിയോടെ ഉറങ്ങാൻ പോവുക, വൈകിയുള്ള പാർട്ടികൾ ഒഴിവാക്കുക, വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, ഇതെല്ലാമാണ് അക്ഷയ് വർഷങ്ങളായി അദ്ദേഹം പിന്തുടരുന്ന ശീലങ്ങൾ.

വളരെ ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. താൻ തിങ്കളാഴ്ചകളിൽ ഒരു ദിവസം മുഴുവൻ വ്രതമെടുക്കാറുണ്ടെന്ന് അക്ഷയ് കുമാർ പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് അവസാനം ഭക്ഷണം കഴിക്കുക.

എല്ലാ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട മാർഗം ആരോഗ്യകരമായ വയറാണ്. പരമ്പരാഗതമായ രീതിയിൽ പരിശീലനം നടത്താറില്ല. വെയ്റ്റ് ലിഫ്റ്റിങ് ചെയ്തുകൊണ്ടുള്ള ട്രെയ്നിങ്ങുകൾ ചെയ്യാറില്ല. ഞാൻ തിങ്കളാഴ്ചകളിൽ ഉപവാസമെടുക്കും, ഞായറാഴ്ചയാണ് അവസാനമായി ഭക്ഷണം കഴിക്കുക, തിങ്കളാഴ്ച മുഴുവൻ വ്രതം അനുഷ്ഠിച്ച് ചൊവ്വാഴ്ച രാവിലെ വരെ അത് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.

വൈകുന്നേരം 6:30 ന് അത്താഴം കഴിക്കുന്ന രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു, "നേരത്തെ അത്താഴം കഴിക്കുകയെന്നത് പ്രധാനമാണ്. രാത്രിയിൽ നമ്മൾ ഉറങ്ങാൻ പോകുമ്പോൾ, നമ്മുടെ കണ്ണുകൾ വിശ്രമിക്കുന്നു, നമ്മുടെ കാലുകൾ വിശ്രമിക്കുന്നു, നമ്മുടെ കൈകൾ വിശ്രമിക്കുന്നു, നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും വിശ്രമിക്കുന്നു. അതുകൊണ്ടുതന്നെ നേരത്തെയുള്ള അത്താഴം നിങ്ങളുടെ ശരീരത്തിന് വളരെ പ്രധാനമാണ്. എന്നാൽ വൈകി ഭക്ഷണം കഴിച്ചാൽ വിശ്രമിക്കാത്തത് നിങ്ങളുടെ വയറാണ് "

നമ്മൾ എഴുന്നേൽക്കുമ്പോഴേക്കും വയറിന് വിശ്രമിക്കാൻ സമയമായി. നമ്മുടെ പ്രഭാതഭക്ഷണം കഴിക്കുകയും വീണ്ടും വയറ് പ്രവർത്തിക്കുകയും ചെയ്യുന്നു. എല്ലാ രോഗങ്ങളും വരുന്നത് ആമാശയത്തിൽ നിന്നാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. വയറിന് പരമാവധി ശ്രദ്ധ നൽകുകയാണെങ്കിൽ‌ രോഗങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരില്ലെന്ന് ഞാൻ കരുതുന്നു. ഇതാണ് ഞാൻ എപ്പോഴും പിന്തുടരുന്നത്. അതിനാൽ, വൈകുന്നേരം 6.30 ന് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. കാരണം നിങ്ങൾക്ക് ഭക്ഷണം ദഹിപ്പിക്കാൻ സമയം ലഭിക്കും. അങ്ങനെയെങ്കിൽ നിങ്ങൾ ഉറങ്ങാൻ പോകുമ്പോഴേക്കും, 9, 9.30, 10 മണി ആകുമ്പോഴേക്കും, ആമാശയം വിശ്രമിക്കാൻ പൂർണ്ണമായും തയ്യാറാകും.അദ്ദേഹം കൂട്ടിച്ചേർത്തു.

വെയ്റ്റ് ലിഫ്റ്റിങ് വ്യായാമം ചെയ്യാറില്ല. പകരം റോക്ക് ക്ലൈംബിങ്, ഔട്ട്‌ഡോർ സ്പോർട്സ്, ബോഡി-വെയ്റ്റ് വ്യായാമങ്ങളാണ് പരിശീലിക്കുന്നത്. തൻ്റെ ജിം കുരങ്ങുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതു പോലെയാണെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. കാരണം പരമ്പരാഗത വെയ്റ്റ് ലിഫ്റ്റിങ് രീതിക്ക് പകരം പിടിച്ചുകയറാനും തൂങ്ങിക്കിടക്കാനുമുള്ള വ്യായാമങ്ങൾക്കാണ് അവിടെ പ്രധാനമായും സൗകര്യമൊരുക്കിയിരിക്കുന്നത്. 'യുവർ ബോഡി ഓൾറെഡി നോസ്' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കവേയാണ് അക്ഷയ് തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.

Content Highlights: Akshay Kumar's secret to fitness at 57 is full day fast on Mondays, dinner at 6:30 PM

To advertise here,contact us