ഫിറ്റ്നെസ്സ് ഈക്വല്ടു മലൈക അറോറ എന്നുപറഞ്ഞാല് അത് എതിര്ക്കാനാവില്ല. 49 വയസ്സിലും ഫിറ്റ്നെസ്സ് കാത്തുസൂക്ഷിക്കുന്ന മലൈകയ്ക്ക് ജെന് ആല്ഫ മുതല് മില്ലേനിയല്സ് വരെ ആരാധകരായുണ്ട്. എന്നാല് ഫിറ്റ്നെസ്സ് കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി തന്റെ ഇഷ്ടങ്ങളോടൊന്നും മലൈക ഗുഡ്ബൈ പറഞ്ഞിട്ടുമില്ല. എന്തും മിതമായ രീതിയില് ഒരു തെറ്റുമില്ലെന്നാണ് മലൈക പറയുന്നത്. അതിനി കാര്ബോ ഹൈഡ്രേറ്റ് ആണെങ്കിലും..ഞെട്ടിയോ?
സോഹ അലിഖാന്റെ 'ആള് എബൗട്ട് വിത്ത് സോഹ അലിഖാന്' എന്ന പുതിയ യൂട്യൂബ് പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡില് അതിഥിയായെത്തിയപ്പോഴാണ് തന്റെ ഫിറ്റ്നെസ്സിനെ കുറിച്ച് മലൈക മനസ്സ് തുറന്നത്. തടി കുറയ്ക്കുന്നതിനായി കാര്ബ്സ് ഒഴിവാക്കുന്നത് മിത്താണെന്ന് പറഞ്ഞ മലൈക ഇന്റര്മിറ്റന്റ് ഫാസ്റ്റിങ്ങിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
'നിങ്ങള് ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെങ്കില്, അല്ലെങ്കില് ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില് പല ഓണ്ലൈന് വിദഗ്ധരും ഇന്ഫ്ളുവന്സര്മാരും നിങ്ങളോട് ആദ്യം ആവശ്യപ്പെടുക കാര്ബ്സ് ഒഴിവാക്കണം എന്നായിരിക്കും. എന്നാല് ഇത് യാഥാര്ഥ്യത്തില് നിന്ന് വളരെയധികം അകലെയാണ്. കാര്ബ്സ് ഒഴിവാക്കുന്നത് മുടികൊഴിച്ചില്, ക്ഷീണം, തലകറക്കം, ഊര്ജസ്വലതയില്ലാതെ ഇരിക്കുക എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് എല്ലാം അല്പാല്പം കഴിക്കുക എന്നുള്ളതാണ് നല്ലത്.' മലൈക പറയുന്നു.
താന് എല്ലാം മിതമായി കഴിക്കാറുണ്ടെന്നും അവര് പറയുന്നു. 'ഞാന് പ്ലേറ്റില് കഴിക്കാറില്ല. ഞാന് എല്ലായ്പ്പോഴും ചെറിയ ഒരു ബൗളിലാണ് കഴിക്കാറുള്ളത്. നിങ്ങള്ക്ക് ഒരു ദിവസം മൂന്നോ നാലോ പ്രാവശ്യം കഴിക്കാം. അത് പക്ഷെ ഒരു ബൗളില് കൊള്ളുന്ന അത്ര മാത്രമാകണം. തീരെ ചെറിയ ബൗള് ആയിരിക്കരുത് അതെന്നും മലൈക പറയുന്നുണ്ട്.
സൂര്യന് അസ്തമിക്കുന്നതിന് മുന്പ് അത്താഴം കഴിക്കും. അത ശരിക്കും സഹായിക്കുന്ന ഒന്നാണ്..മിതമായി കഴിക്കുന്നതിന് ഒപ്പം മലൈക ഇന്റര്മിറ്റന്റ് ഫാസ്റ്റിങ്ങും ചെയ്യാറുണ്ട്. രണ്ടുവര്ഷങ്ങള്ക്ക് മുന്പാണ് ഇന്റര്മിറ്റന്റ് ഫാസ്റ്റിങ് ആരംഭിക്കുന്നത്. 18 മണിക്കൂര് ഫാസ്റ്റിങ് വിന്ഡോ ആണ് അവര് സ്വീകരിച്ചിരിക്കുന്നത്. അതുപോലെ വീട്ടില് പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിനെയും മലൈക പ്രോത്സാഹിപ്പിക്കുന്നുണ്ട്. നെയ്യ് ആണ് എന്റെ സൂപ്പര് ഫുഡെന്ന് പറഞ്ഞ മലൈക ഉറക്കം, വെള്ളം, അച്ചടക്കം, സ്ഥിരത..ഈ വാക്കുകള് ജീവിതത്തില് യഥാര്ഥത്തില് പ്രയോഗിച്ചുതുടങ്ങുമ്പോള് മുതല് വലിയ വ്യത്യാസങ്ങള് ജീവിതത്തിലുണ്ടാകുമെന്നും അവര് പറയുന്നു.
Content Highlights: Malaika Arora Debunks Low-Carb Diet Myth, Shares Her Intermittent Fasting Secret