മുംബൈയില്‍ കനത്തമഴയും വെള്ളക്കെട്ടും; ജോലിക്കെത്തിയേ തീരുവെന്ന് ബോസ്! രണ്ട് വാക്കില്‍ മറുപടി നല്‍കി യുവതി

വെള്ളക്കെട്ടിലും കനത്തമഴയിലും പെട്ട് വൈകിയെന്നും അതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു താന്‍ എന്ന് യുവതി പറയുന്നു

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടുമാണ് അനുഭവപ്പെട്ടത്. ഇതിനിടയില്‍ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ടുപോയ ഒരു ജീവനക്കാരി, തനിക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് തന്റെ ബോസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചു. എന്നാല്‍ ബോസ് നല്‍കിയ മറുപടിയും അതിന് യുവതി തിരികെ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ റെഡ്ഡിറ്റിലെ സംസാരവിഷയം.

ഇരുവരും നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വൈറലായിരിക്കുകയാണ്. വെള്ളക്കെട്ടിലും കനത്തമഴയിലും പെട്ട് വൈകിയെന്നും അതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു താന്‍ എന്ന് യുവതി പറയുന്നു. ഇതേ തുടര്‍ന്നാണ് ബോസിന് മെസേജ് അയച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. കനത്ത മഴയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ച ദിവസമായിരുന്നു. സ്വകാര്യ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും നല്‍കിയിരുന്നു. പക്ഷേ മഴയില്‍ കുടുങ്ങി സമയം താമസിച്ചു എന്നറിയിച്ചപ്പോള്‍, വൈകിയാലും കുഴപ്പമില്ല ജോലിക്ക് കയറണമെന്നായിരുന്നു ബോസിന്റെ റിപ്ലേ. ഇതിന് മറുപടിയായി അത് നടക്കില്ല , നോട്ട് പോസിബിള്‍ എന്നാണ് യുവതി നല്‍കിയ മറുപടി.

കൂടുതല്‍ കാര്യങ്ങള്‍ വിവരക്കാനോ വാക്കുതര്‍ക്കത്തിനോ മുതിരാതെ കൃത്യായി തന്നെ ബോസിന്റെ നിര്‍ദേശപ്രകാരം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ യുവതി കാണിച്ച ധൈര്യത്തിനെ പോസ്റ്റ് വായിച്ചവരും സ്‌ക്രീന്‍ ഷോട്ട് കണ്ടവരുമെല്ലാം അഭിനന്ദിക്കുകയാണ്. തനിക്ക് വേണ്ടി നിലകൊള്ളുക എന്ന തീരുമാനം ശരിയായി തന്നെ കൈക്കൊണ്ടുവെന്നും ചിലര്‍ റെഡ്ഡിറ്റ് പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

സ്വന്തം ടീമിനൊപ്പം നില്‍ക്കുന്ന ഒരു മാനേജറിനെയാണ് ആവശ്യം. അതിന് വേണ്ടത് നട്ടെല്ലാണ്. അല്ലാതെ ആരുടെയും അടിമയാവരുത് എന്നത് അടക്കമുള്ള കമന്റുകളും ചിലര്‍ ചെയ്തിട്ടുണ്ട്.Content Highlights: Mumbai woman's befitting reply to boss who demand her to come to office amidst Heavy Rain

To advertise here,contact us