സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരല്ല യഥാര്‍ഥത്തില്‍ ഹാപ്പി കപ്പിള്‍..പിന്നെ?

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ദമ്പതികള്‍ യഥാര്‍ഥത്തില്‍ സന്തുഷ്ടരല്ലെന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ഒന്നിച്ചുപോയ യാത്രയുടെ ചിത്രങ്ങള്‍, ആനിവേഴ്‌സറി, ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍, ഒന്നിച്ചുള്ള കോഫി ഡേറ്റ്..എത്ര സന്തുഷ്ടമാണ് ഇവരുടെ ജീവിതം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ദമ്പതികളെ കണ്ടിട്ടില്ലേ.. ജീവിക്കുകയാണെങ്കില്‍ ഇവരെപ്പോലെ ജീവിക്കണമെന്ന് ഫോട്ടോ കാണുന്നവര്‍ മനസ്സില്‍ പറയുകയും ചെയ്യും.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ദമ്പതികള്‍ യഥാര്‍ഥത്തില്‍ സന്തുഷ്ടരല്ലെന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ സന്തുഷ്ടരായ ദമ്പതികള്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ലൈക്കും ഹാര്‍ട്ടും വാരിക്കൂട്ടി അതില്‍ ആനന്ദം കണ്ടെത്തില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

തങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത അവര്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കാന്‍ പോലും ആഗ്രഹിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അവര്‍ക്കൊന്നും തെളിയിക്കേണ്ട. മറിച്ച് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കൂടെ ഒന്നിച്ചിരുന്ന് ആസ്വദിക്കാനാണേ്രത അവര്‍ക്ക് താല്പര്യം. ആരുടെയും ലൈക്കും കമന്റുമല്ല ജീവിതത്തിലെ സന്തോഷം തീരുമാനിക്കുന്നതെന്ന് സാരം.

സ്‌നേഹം വളരെ സ്വകാര്യമായി കാത്തുസൂക്ഷിക്കുന്നവര്‍ക്കിടയില്‍ അടുപ്പം വളരെക്കൂടുതലായിരിക്കുമെന്നും അവര്‍ മികച്ച് രീതിയില്‍ പരസ്പരം ആശയവിനിമയം നടത്തുന്നവരായിരിക്കുമെന്നും ബന്ധം ദൃഢമായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. അവരെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം മറ്റാരും കാണാത്തത് ആയിരിക്കും. പത്തില്‍ രണ്ട് ദമ്പതികള്‍ ഇപ്രകാരം സ്വന്തം ജീവിതം പബ്ലിക്കാക്കാന്‍ ആഗ്രഹം ഇല്ലാത്തവരായിരിക്കുമെന്ന് ഡേറ്റിങ് ആപ്പ് സിഇഒ രവി മിത്തല്‍ പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാത്തവര്‍ക്ക് മറ്റ് ദമ്പതികളെ അപേക്ഷിച്ച് സ്‌ട്രെസ് കുറവായിരിക്കുമെന്നും സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. അവര്‍ സമാധാനപ്രിയരും ശാന്തശീലരും ആയിരിക്കും. അവര്‍ ലോകം എന്തുചിന്തിക്കുന്നു എന്ന് ആശങ്കപ്പെടുന്നവരായിരിക്കില്ല. മറ്റുള്ളവരെ കാണിക്കുന്നതിനേക്കാള്‍ പരസ്പര വിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നവരായിരിക്കും ഇവര്‍.

വിദഗ്ധര്‍ പറയുന്നത്

സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശപ്പിക്കേണ്ടതുണ്ടോ ഇല്ലയോ എന്നുള്ളത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് സന്തോഷത്തോടെയായിരിക്കണം, അരക്ഷിതാവസ്ഥയുടെയോ, അസൂയയുടെയോ പുറത്ത് ആയിരിക്കരുത്. അത് ആരോഗ്യകരമല്ല. സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളുമായി ഉണ്ടാക്കുന്ന ബന്ധത്തേക്കാള്‍ പരസ്പരമുള്ള ബന്ധത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. സ്വന്തം സ്വകാര്യ നിമിഷങ്ങളെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തരുത്. ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ അത് ഉത്കണ്ഠയോ സമ്മര്‍ദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പോസ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാവരും ചെയ്യുന്നു അതുകൊണ്ട് നമുക്കും ചെയ്യാം എന്നുകരുതിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മുതിരാതിരിക്കുക.

Content Highlights: The Secret to Happy Couples: Why They Keep Their Relationship Offline

To advertise here,contact us