റെസ്റ്ററന്റുകളേക്കാള് കൂടുതലാണ് ഇന്ന് നഗരങ്ങളില് യൂണിസെക്സ് സലൂണുകള്. ഹെയര് ബോടോക്സ് ട്രീറ്റ്മെന്റ്, കെരറ്റിന് ട്രീറ്റ്മെന്റ്, നാനോ പ്ലാസ്റ്റി തുടങ്ങി മുടിയുടെ സംരക്ഷണത്തിനായി ഒട്ടനവധി ട്രീറ്റ്മെന്റുകള് ഇന്ന് സലൂണുകളിലും കോസ്മെറ്റോളജി ക്ലിനിക്കുകളിലും ലഭ്യമാണ്. ഹെയര് ബോടോക്സ് ട്രീറ്റമെന്റ് ഇന്ന് സര്വസാധാരണമായിക്കഴിഞ്ഞു. വലിയ തുക ഈടാക്കിയിരുന്ന ഈ ട്രീറ്റ്മെന്റുകള് ഇന്ന് വലിയ തുക മുടക്കാതെ ആര്ക്കും ചെയ്യാനാകും. എന്താണ് ഹെയര് ബോടോക്സ്? ബോടോക്സ് ട്രീറ്റ്മെന്റുകള് സുരക്ഷിതമാണോ?
ഡീപ് കണ്ടീഷനിങ് റിപ്പെയര് ട്രീറ്റ്മെന്റാണ് ബോടോക്സ്. ഇത് മുടിയെ മൃദുവാക്കുമെന്ന് മാത്രമല്ല കെരറ്റിന്, സിസ്റ്റൈന് ട്രീറ്റ്മെന്റുകളില് ഉള്ളതുപോലെ വലിയ തോതില് രാസവസ്തുക്കള് അടങ്ങിയിട്ടുമില്ല.
പേരില് ബോടോക്സ് എന്നുണ്ടെങ്കിലും ബോടുലിനിയം ടോക്സിന് ഇതില് അടങ്ങിയിട്ടില്ല. പ്രൊട്ടീന്, അമിനോ ആസിഡ്, വിറ്റമിന് (ഇ,ബി5), കൊളാജെന് കോംപ്ലെക്സുകള്, ആന്റിഓക്സിഡന്റുകള് എന്നിവയുടെ കോക്ടെയ്ലാണ് ബോട്ടോക്സ്. ചിലപ്പോള് കേടായ മുടിയുടെ ക്യൂട്ടിക്കിളുകളെ സീല് ചെയ്യുന്നതിനായി ചിലപ്പോള് കെരാറ്റിനും ഇതില് ഉള്പ്പെടുത്താറുണ്ട്. നല്ല രീതിയില് കണ്ടീഷന് ചെയ്യുന്നത് കൊണ്ടുതന്നെ മുടിച്ചുരുളുകള് നിവരും,തിളക്കം കൈവരും, മുടിയുടെ സ്വാഭാവികമായ ടെക്സചറില് മാറ്റം വരുത്താതെ തന്നെ മൃദുവാക്കും.
ബോടോക്സ് ട്രീറ്റ്മെന്റും കെരറ്റിന് ട്രീറ്റ്മെന്റും തമ്മിലുള്ള വ്യത്യാസം
കെരാറ്റിന് ട്രീറ്റ്മെന്റില് ഫോര്മാല്ഡിഹൈഡ് അല്ലെങ്കില് ആല്ഡിഹൈഡ് ഏജന്റുകള് ആവശ്യമാണ്. മാത്രമല്ല തുടര്ച്ചയായി മുടി നിവരുന്നതിനായി നല്ല ചൂടില് അയേണ് ചെയ്യുന്നുമുണ്ട്. സിസ്റ്റൈന് ട്രീറ്റ്മെന്റില് അമിനോ ആസിഡ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു കെരറ്റിന് വകഭേദം അടിസ്ഥാനമാക്കിയുള്ള സ്മൂത്തിങ്ങാണ് നടത്തുന്നത്. കാലക്രമേണ ഇത് മുടിയെ ദുര്ബലപ്പെടുത്തും.
ഹെയര് ബോടോക്സ് ചെയ്താല് കെരറ്റിന് ട്രീറ്റ്മെന്റ് എടുത്തത് പോലെ തന്നെയാണ് മുടി കിടക്കുക. അതിനാല് തന്നെ മുടിക്ക് കനം തോന്നണമെങ്കിലും സ്വാഭാവിക ടെക്സചര് വീണ്ടെടുക്കണമെങ്കിലും ബോടോക്സ് ചെയ്യുന്നത് നന്നായിരിക്കും.
ബോട്ടോക്സ് ചെയ്യുന്നത് ആര്ക്കൊക്കെ അനുയോജ്യം?
വരണ്ട, പൊട്ടുന്ന, ഫ്രിസി ആയിട്ടുള്ള മുടിയില് ബോടോക്സ് ചെയ്യുന്നത് നന്നായിരിക്കും. കെമിക്കലി ട്രീറ്റ് ചെയ്യുന്ന മുടിക്കും ബോടോക്സ് ട്രീറ്റ്മെന്റ് നല്ലതാണ്.
മുടിയുടെ ടെക്സചര് മാറ്റാതെ ചുരുളുകള് നിവര്ത്താനും മുടിയുടെ അറ്റം പൊട്ടിപ്പോകുന്നത് ഒഴിവാക്കാനും ആഗ്രഹിക്കുന്നവര്ക്കും ഇത് ഒരു മികച്ച മാര്ഗമാണ്.
കനംകുറവുള്ള മുടിക്ക് ഈ ട്രീറ്റ്മെന്റ് നല്ലതാണ്. കെരറ്റിന് ട്രീറ്റ്മെന്റ് ചെയ്യുന്നത് പോലെ ഒതുങ്ങിക്കിടക്കില്ല.
ആരൊക്കെ ഒഴിവാക്കണം
ഗര്ഭിണികളായ, മുലയൂട്ടുന്ന അമ്മമാര് ഇത്തരം ട്രീറ്റ്മെന്റുകള് ഒഴിവാക്കുന്നതായിരിക്കും നന്നായിരിക്കുക.
തലയോട്ടിയില് ചര്മസംബന്ധമായ അസുഖങ്ങള് ഉള്ളവരും ഇത് ഒഴിവാക്കണം
സ്ട്രെയ്റ്റ് ഫൈന് ഹെയര് ഉള്ളവരും കളര് ചെയ്ത മുടിയുള്ളവരും മറ്റ് കെമിക്കല് ഹെയര് ട്രീറ്റ്മെന്റുകള് ചെയ്തവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും.
Content Highlights: Hair Botox In India: Safety, Efficacy, And Who Should Not Use It