നായയ്ക്കും റെസിഡൻഷ്യൽ സർട്ടിഫിക്കറ്റോ? ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

'ഡോഗ് ബാബു' എന്ന നായയ്ക്കാണ് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നത്

പട്ടിക്കും റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റോ! വാര്‍ത്ത കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ. ബീഹാറില്‍ 'ഡോഗ് ബാബു' എന്ന നായയ്ക്കാണ് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നത്. എന്നാല്‍ നായയ്ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. റവന്യൂ ഓഫീസര്‍ മുരാരി ചൗഹാന്റെ ഡിജിറ്റല്‍ ഒപ്പോട് കൂടിയ താമസ സര്‍ട്ടിഫിക്കേറ്റാണ് ഡോഗ് ബാബുവിന് നല്‍കിയിരിക്കുന്നത്. ബീഹാറിലെ പട്ന ജില്ലയിലായിരുന്നു നായയ്ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം നടന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബീഹാര്‍ ആര്‍ടിപിഎസിന്റെ മസൗരി സോണ്‍ ഓഫീസ് പോര്‍ട്ടലില്‍ നിന്ന് തന്നെയാണ് ഡോഗ് ബാബുവിനും റെസിഡന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്നത്. മനുഷ്യര്‍ക്ക് നല്‍കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഏറെ വ്യത്യസ്തമല്ല നായയുടേത്. കുത്ത ബാബു എന്ന നായയുടെയും, കുത്തിയ ദേവി എന്ന നായയുടെയും മകനാണ് ഡോഗ് ബാബു എന്ന പ്രത്യേകതയുമുണ്ട്. പട്ന ജില്ലയിലെ പരിഷത്ത് മസൗരിയിലെ 15-ാം വാര്‍ഡിലാണ് മൊഹല്ല കൗലിചക് എന്ന വിലാസമാണ് ഡോഗ് ബാബുവിന്റെ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന അഡ്രസ്.

എന്നാല്‍ നായയ്ക്ക് റെസിഡന്‍ഷ്യല്‍ അഡ്രസ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായതോടെ സംഭവം നിയമപരമായി നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ് ഭകണകൂടം. അപേക്ഷകന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും, അത്തരം ഒരു സര്‍ട്ടിഫിക്കറ്റ് എത്തരത്തില്‍ പുറത്ത് വന്നു എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ അധികാര ദൂര്‍വിനിയോഗം നടന്നോയെന്ന് സംശയിക്കുന്നതായി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

This has to be the funniest fake certificate.Dog Babu, son of Kutta Babu & Kutiya Devi officially certified as a resident of Bihar 🐶💀Someone really used a government template to make a dog's residence certificate!Bureaucracy gone wild or meme of the year? pic.twitter.com/rc78FEDTx9

അതേസമയം സര്‍ട്ടിഫിക്കറ്റിനെ കുറിച്ചുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'ഏറ്റവും തമാശയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ന്യൂയോര്‍ക്കില്‍ നായ്ക്കളെ കുടുംബാംഗങ്ങളായി അംഗീകരിക്കുന്നെന്നും അതുകൊണ്ട് നമ്മളും ലോകത്തിനൊപ്പം സഞ്ചരിക്കുന്നെന്ന് മറ്റൊരു കാഴ്ചക്കാരന്‍ പരിഹസിച്ചു. ഇത് ബീഹാറില്‍ മാത്രം സംഭവിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തല്‍.

Content Highlight; ‘Dog Babu’ Gets Residence Certificate in Bihar, Internet Laughs

To advertise here,contact us