രാവിലെ എട്ടുമണിക്ക് മുന്‍പ് ചെയ്ത ഈ 10 കാര്യങ്ങളാണ് ഇവര്‍ക്ക് വിജയം നേടിക്കൊടുത്തത്

ശീലങ്ങള്‍ തുടങ്ങിവയ്ക്കാന്‍ എളുപ്പമാണ്, പക്ഷെ അത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിലാണ് കാര്യം

ജീവിതവിജയം നേടിയവരെ നോക്കി അന്തംവിട്ടുനില്‍ക്കാറില്ലേ.. ഇവര്‍ക്കിതെങ്ങനെ സാധിച്ചുവെന്ന് ആലോചിച്ച്. അതിന് ഒറ്റ ഉത്തരമേയുള്ളൂ, ദൃഢനിശ്ചയം. ഒരു ദിവസം നിങ്ങള്‍ എങ്ങനെ ആരംഭിക്കുന്നു എന്നുള്ളതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ഒരു ദിവസം രൂപപ്പെടുന്നത്. സിഇഒ, കായികതാരങ്ങള്‍,സംരഭകര്‍ തുടങ്ങി ഏതുമേഖലയില്‍ ശോഭിക്കുന്നവരുടെ ജീവിതമെടുത്തുനോക്കിയാലും ഒരു ദിവസത്തിലെ ആദ്യമണിക്കൂറുകള്‍ അവരുടെ ജീവിതവിജയത്തിന് എത്രത്തോളം മുതല്‍ക്കൂട്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. രാവിലെ എട്ടുമണിക്ക് മുന്‍പായി ചില കാര്യങ്ങള്‍ ശീലിച്ചാല്‍ വിജയം നിങ്ങളുടെയും കൈപ്പിടിയില്‍ നില്‍ക്കും. ജീവിതത്തില്‍ പലമേഖലകളില്‍ വിജയം നേടിയ ആളുകള്‍ രാവിലെ എട്ടുമണിക്ക് മുന്‍പ് ചെയ്യുന്ന 10 ശക്തമായ ശീലങ്ങള്‍ പരിചയപ്പെടാം.

നേരത്തേ ഉണരുക

രാവിലെ 5 മണിക്കും ആറരയ്ക്കും ഇടയിലായി ഉണരുക. ഒരു മികച്ച തുടക്കം നല്‍കാന്‍ ഇത് സഹായിക്കും. നേരത്തേ ഉണരുന്നവരെ സംബന്ധിച്ച് പ്രഭാതകൃത്യങ്ങള്‍ എല്ലാം ചെയ്തതിന് ശേഷം യുക്തിപരമായി ചിന്തിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും വ്യായാമത്തിനും സമയം കണ്ടെത്താന്‍ സാധിക്കും.ഇത് അന്നത്തെ ദിവസത്തിന് ഒരു ഫ്രഷ് സ്റ്റാര്‍ട്ട് നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട.

മൈന്‍ഡ്ഫുള്‍നെസ്സ് പരിശീലിക്കാം

വിജയം അവനവന് ഉള്ളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. 10 മിനിട്ട് നീണ്ട് നില്‍ക്കുന്ന ബ്രീത്തിങ്, ജോണലിങ്, മെഡിറ്റേഷന്‍ തുടങ്ങിയ ശീലങ്ങള്‍ സമ്മര്‍ദം കുറയ്ക്കുന്നതിനും ഒരു ഉല്പാദനക്ഷമമായ ദിവസത്തിന് തയ്യാറെടുക്കുന്നതിനും നിങ്ങളെ സഹായിക്കും.

വ്യായാമം

യോഗ,ഓട്ടം, കായിക പരിശീലനങ്ങള്‍, നടത്തം തുടങ്ങി അതിരാവിലെയുള്ള ശരീര ചലനങ്ങള്‍ ആ ദിവസത്തേക്ക് മുഴുവനുമുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതാണ്. ചിന്തകളില്‍ വ്യക്തത വരുത്തും, മാനസിക നില മെച്ചപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന്റെ ആകൃതിമെച്ചപ്പെടത്താന്‍ മാത്രമല്ല മാനോനില മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും.

ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യാം

ജീവിതത്തോട് പ്രതികരിക്കുക എന്നതിലുപരി വിജയിച്ച ആളുകള്‍ ചെയ്യുന്നത് നേരത്തേ പ്ലാന്‍ ചെയ്തത് പ്രകാരം ഒരു ദിവസത്തെ സമീപിക്കുകയാണ്. അന്നത്തെ ലക്ഷ്യങ്ങളും കാര്യങ്ങളും എഴുതിവയ്ക്കാം. അതിന്റെ മുന്‍ഗണനാക്രമത്തില്‍ നിങ്ങളുടെ പ്രവൃത്തികള്‍ സെറ്റ് ചെയ്യുന്നതിനായി സാധിക്കും. ഇത് ശ്രദ്ധയും വേഗതയും നല്‍കും.

വായിക്കാം അല്ലെങ്കില്‍ പുതുതായി എന്തെങ്കിലും പഠിക്കാം

ശരീരത്തിന് ഭക്ഷണം നല്‍കുന്നത് പോലെ തലച്ചോറിന് നല്‍കുന്ന ഭക്ഷണമാണ് വായന. വിജയിച്ചവരെല്ലാവരും 15-30 മിനിട്ട് വായനയ്ക്കായി ദിവസവും നീക്കിവയ്ക്കുന്നവരാണ്. അല്ലെങ്കില്‍ പോഡ്കാസ്റ്റ് കേള്‍ക്കാം. അല്ലെങ്കില്‍ ഒരു ടെഡ് ടോക്ക് പതിവായി കേള്‍ക്കാം. ഇത് ബുദ്ധിശക്തിയേയും ജിജ്ഞാസയെയും ഉണര്‍ത്തും. ഭാഷ മെച്ചപ്പെടുത്താനും സഹായകമാണ്.

പ്രഭാതഭക്ഷണം

കനപ്പെട്ട പ്രഭാത ഭക്ഷണം എന്നതില്‍ നിന്ന് മാറി, പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിലേക്ക് സ്വയമെത്തുക. നല്ല പ്രൊട്ടീന്‍ ഉള്ള, പഞ്ചസാര അധികം ചേര്‍ക്കാത്ത, ഭക്ഷണങ്ങള്‍ ശീലമാക്കാം.

കൃതജ്ഞത പരിശീലിക്കാം

അന്നത്തെ ദിവസം ലഭിച്ച നല്ല കാര്യങ്ങള്‍ക്ക് കൃതജ്ഞതയുള്ളവരായിരിക്കാം. അത് ജേണല്‍ ചെയ്യുകയുമാവാം. ഈ മാനസിക നിലയിലുള്ള ഈ മാറ്റം വൈകാരിക സ്ഥിരത നേടുന്നതിന് നിങ്ങളെ പ്രാപ്തരാക്കും. നല്ല കാര്യങ്ങളില്‍ കൃതജ്ഞതയുള്ളവരായിരിക്കുകയും അല്ലാത്ത കാര്യങ്ങളെ വൈകാരിക തകര്‍ച്ചയില്ലാതെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യും.

കഠിനമായത് ആദ്യം തന്നെ

ഏറ്റവും പ്രയാസമുള്ള കാര്യം ഒരു ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ചെയ്യാവുന്നതാണ്. പ്രഭാതത്തില്‍ ഉന്മേഷവും ഊര്‍ജവും കൂടുതലായിരിക്കും. ഏറ്റവും പ്രയാസപ്പെട്ട കാര്യം ഏറ്റവും ആദ്യം ചെയ്യുക വഴി അന്നത്തെ ദിവസം മുഴുവന്‍ അതിനെക്കുറിച്ച് ആകുലപ്പെടുന്നതും ഒഴിവാക്കാം.

ഫോണ്‍ മാറ്റിവയ്ക്കാം

ഇന്നത്തെ കാലത്ത് മൊബൈല്‍ ഇല്ലാതെ ഒരു ജീവിതം സങ്കല്പിക്കാന്‍ സാധ്യമല്ല. അത്യന്താപേക്ഷിതമായ ഈ ഉപകരണം തന്നെയാണ് ശ്രദ്ധതെറ്റിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യവും. അതുകൊണ്ട് ബോധപൂര്‍വം അതില്‍ നിന്ന് മാറിനില്‍ക്കുന്നതിനായി അത് മാറ്റിവയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ് വേണ്ടത്.

വിജയത്തെ ദിവാസ്വപ്‌നം കാണാം

ദാസനും വിജയനും പാല്‍ക്കച്ചവടം ചെയ്യുന്നത് സ്വപ്‌നം കാണുന്നതുപോലെ ജീവിത വിജയം നേടുന്നത് പതിവായി ചിന്തകളില്‍ കൊണ്ടുവരണം. അത് മനസ്സില്‍ ദൃശ്യവല്‍ക്കരിക്കണം. മികച്ച രീതിയില്‍ ഒരു പ്രസന്റേഷന്‍ നടത്തേണ്ട സമയത്തോ മറ്റോ അത് നല്ല രീതിയില്‍ നടത്തുന്നതായി ഭാവനയില്‍ കാണുന്നവരാണേ്രത ഇന്ന് നാം കാണുന്ന പല വിജയിച്ചവരും.

Content Highlights: 10 Things Successful People Do Before 8 AM

To advertise here,contact us