ചർമ്മ സംരക്ഷണത്തിനായി പല മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇതിൽ തന്നെ കൊറിയൻ സ്റ്റൈൽ സ്കിൻ കെയറിന് നിരവധി ആരാധകരും ഉണ്ട്. കൊറിയൻ റൈസ് ഫേസ്മാസ്കിനും നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ പലപ്പോഴും ഈ സ്കിൻ കെയർ പ്രോഡക്ടുകൾക്ക് വൻ വിലയുള്ളത് സാധാരണക്കാർക്ക് വെല്ലുവിളിയാവാറുണ്ട്. ഇത്തിരി സമയം ചിലവഴിച്ചാൽ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ കൊറിയൻ സ്റ്റൈൽ ഫേസ് മാസ്ക് ഉണ്ടാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലെ പറഞ്ഞു തരാം.
വീട്ടിൽ തന്നെ കൊറിയൻ റൈസ് ഫേസ്മാസ്ക് ഉണ്ടാക്കാനായി ആദ്യമായി റൈസ് പേപ്പർ ഉണ്ടാക്കണം. ഇതിനായി അരിപ്പൊടിയും പൊട്ടാറ്റോ സ്റ്റാർച്ചുമാണ് ആവശ്യമുള്ളത്. എങ്ങനെയാണ റൈസ് പേപ്പർ ഉണ്ടാക്കുന്നതെന്ന് നോക്കാം.
അരിപ്പൊടി - 1 ടേബിൾ സ്പൂൺ
പൊട്ടറ്റോ സ്റ്റാർച്ച് - 1 ടേബിൾസ്പൂൺ
വെള്ളം - ഏകദേശം 1.5 ടേബിൾസ്പൂൺ
ഉപ്പ് - ഒരു നുള്ള്
മൈക്രോവേവ് ചെയ്യാൻ പറ്റുന്ന വശങ്ങൾ ഉള്ള ഒരു പ്ലേറ്റ്
പ്ലാസ്റ്റിക് റാപ് (Microwave-safe plastic wrap)
റൈസ് പേപ്പർ ഉണ്ടാക്കുന്ന വിധം:
ഒരു ചെറിയ പാത്രത്തിൽ അരിപ്പൊടി, പൊട്ടറ്റോ സ്റ്റാർച്ച്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് കട്ടയില്ലാതെ പശ പോലെ പേസ്റ്റ് രൂപത്തിൽ ആക്കുക. തുടർന്ന് മൈക്രോവേവ് ചെയ്യുന്ന പ്ലേറ്റിൽ പ്ലാസ്റ്റിക് റാപ്പ് നന്നായി ചുറ്റുക. എന്നാൽ ഈ പ്ലാസ്റ്റിക് പാത്രത്തിന്റെ നടുവിൽ തട്ടരുത്. തയ്യാറാക്കിയ പേസ്റ്റ് പ്ലാസ്റ്റിക് റാപ്പിന് മുകളിൽ ഒഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മാവ് ഒരുപോലെ നേർത്ത പാളിയായി പരത്തുക.
പ്ലേറ്റ് മൈക്രോവേവിൽ വച്ച് 45 സെക്കൻഡ് ഹൈ ഹീറ്റിൽ ചൂടാക്കുക. (നിങ്ങളുടെ മൈക്രോവേവിന്റെ ശക്തി അനുസരിച്ച് സമയം വ്യത്യാസപ്പെടാം). മാവ് ഉണങ്ങിയെന്ന് കണ്ടാൽ ഓഫ് ചെയ്ത് പുറത്ത് എടുക്കാം. തുടർന്ന് ഈ റൈസ് പേപ്പർ തണുക്കാൻ അനുവദിക്കുക. തണുക്കുമ്പോൾ അരികുകൾ അല്പം ചുരുങ്ങാൻ സാധ്യതയുണ്ട്. തുടർന്ന് ചൂടാറിയ റൈസ് പേപ്പർ പ്ലാസ്റ്റിക് റാപ്പിൽ നിന്ന് ശ്രദ്ധയോടെ ഉരിഞ്ഞെടുക്കുക.
ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള സീറം/ഫേസ് ടോണർ/റൈസ് വാട്ടർ/ഫേഷ്യൽ എസ്സെൻസ് 2-3 ടേബിൾ സ്പൂൺ എടുക്കുക. എന്നാൽ ഇവയും വീട്ടിൽ നിന്ന് തന്നെ എടുക്കാവുന്ന വസ്തുക്കളാണ്. വീട്ടിൽ നിന്ന് ലഭിക്കുന്ന കഞ്ഞി വെള്ളം, ഗ്രീൻ ടീ, കറ്റാർവാഴ ജെൽ + റോസ് വാട്ടർ മിശ്രിതം എന്നിവയിൽ ഏതെങ്കിലും ഒന്ന് എടുത്താൽ മതി. റൈസ് പേപ്പർ എടുത്ത് മുഖത്തിന് ആവശ്യമായ രീതിയിൽ കട്ട് ചെയ്യാം. വേണമെങ്കിൽ, മുഴുവൻ ഷീറ്റ് ഉപയോഗിക്കാതെ, കവിൾ, നെറ്റി, താടി എന്നിങ്ങനെയുള്ള ഭാഗങ്ങളിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാവുന്നതാണ്.
ഇത്തരത്തിൽ കട്ട് ചെയ്ത പേപ്പർ നിങ്ങളുടെ മിശ്രിതത്തിൽ ഏകദേശം 10-30 സെക്കൻഡ് മുക്കി വെക്കുക. അമിതമായി കുതിർത്താൽ അത് കീറിപ്പോകാൻ സാധ്യതയുണ്ട്. തുടർന്ന് മുഖം നന്നായി കഴുകി വൃത്തിയാക്കി റൈസ് പേപ്പർ ഷീറ്റ് മുഖത്ത് ഒട്ടിക്കാം. ഇവ മുഖത്ത് ഇടുമ്പോൾ കുമിളകൾ വരാതെ നോക്കണം.
മാസ്ക് ഏകദേശം 15-20 മിനിറ്റ് മുഖത്ത് വെക്കണം. ഈ സമയം മാസ്കിലെ പോഷകങ്ങൾ ചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. മാസ്ക് പൂർണ്ണമായും ഉണങ്ങി കട്ടിയാകുന്നതിന് മുൻപ് മാറ്റാൻ ശ്രദ്ധിക്കണം.
Content Highlights: Homemade Korean-style rice face mask for glowing skin