മാതാപിതാക്കളുടെ വിവാഹമോചനം തന്റെ വിവാഹ ജീവിതത്തെയും ബാധിച്ചിരിക്കാം: കല്‍ക്കി കൊച്ച്‌ലിന്‍

'വിവാഹമോചനം നേടിയ ആദ്യ വര്‍ഷങ്ങള്‍ എളുപ്പമായിരുന്നില്ല'

ഇമേജിനെക്കുറിച്ച് ആശങ്കകളൊന്നുമില്ലാത്ത ബോളിവുഡ് താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കല്‍ക്കി കൊച്ചിലിന്‍. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്ര സത്യസന്ധമായാണ് പലപ്പോഴും കല്‍ക്കി അഭിമുഖങ്ങളില്‍ പങ്കുവയ്ക്കാറുള്ളതും. കുട്ടിക്കാലത്തേ അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നും അവരുടെ ബന്ധത്തിലെ വിള്ളല്‍ തന്റെ ജീവിതത്തെയും ബന്ധങ്ങളെയും ബാധിച്ചുവെന്നും കല്‍ക്കി സൂമിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

'എനിക്ക് 13 വയസ്സുള്ളപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടുന്നത്. പരസ്പരം അവര്‍ വളരെ മോശമായിട്ടാണ് ഇടപെട്ടിരുന്നത്. അവര്‍ക്കിടയില്‍ വളരുന്നത് വളരെ കഠിനമായിരുന്നു. ചിലപ്പോള്‍ അതാകാം എന്റെ വിവാഹമോചനത്തിനുള്ള കാരണം.' കല്‍ക്കി പറയുന്നു.

2011ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെ കല്‍ക്കി വിവാഹം ചെയ്തിരുന്നു, എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല എന്ന് കല്‍ക്കി പറയുന്നു. വിവാഹമോചനം നേടിയ ആദ്യ വര്‍ഷങ്ങള്‍ എളുപ്പമായിരുന്നില്ല. മുന്‍പങ്കാളിയെ മറ്റൊരാള്‍ക്കൊപ്പം കാണുന്നത് ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ രണ്ടുപേരുടെയും ജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണമെന്ന് മനസ്സിലാക്കിയെന്നും കല്‍ക്കി പറയുന്നു.

കുറച്ചുവര്‍ഷങ്ങളെടുത്താലും ആ അകലം മുറിവുണക്കാന്‍ സഹായിച്ചുവെന്നും കല്‍ക്കി ഓര്‍ക്കുന്നു. ഇന്ന്, കശ്യപുമായി സൗഹൃദം പുലര്‍ത്തുന്നുണ്ട് കല്‍ക്കി. കശ്യപിന്റെ മകളുടെ വിവാഹത്തിന് കല്‍ക്കി എത്തിയിരുന്നു.

Content Highlights:

To advertise here,contact us