വെളുക്കേണ്ട, കൊറിയന്‍ ഗ്ലാസ് സ്കിന്‍ മതി; പുതുതലമുറ കെ-ബ്യൂട്ടി ആരാധകരാകുന്നു

ഇന്ത്യയില്‍ കൊറിയന്‍ ഉത്പന്നങ്ങളുടെ വളര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ ഇവയൊക്കെ

വീടിന്റെ മുറ്റത്ത് നിന്ന മഞ്ഞള്‍ പറിച്ച് അരച്ചെടുത്ത് മുഖത്ത് തേച്ചിരുന്ന കാലത്തു നിന്ന് കൊറിയന്‍ ഗ്ലാസ് സ്‌കിന്നില്‍ എത്തി നില്‍ക്കുന്ന വിപ്ലവമാണ് ഇന്ത്യന്‍ സൗന്ദര്യ പരിചരണത്തില്‍ സംഭവിച്ചിരിക്കുന്നത്. കൊറിയന്‍ ഗ്ലാസ് സ്‌കിന്നെന്ന സ്വപ്‌നത്തിന് പിന്നാലെയാണ് ഇപ്പോള്‍ യുവ തലമുറ. അതുകൊണ്ടു തന്നെ കണ്ണടച്ചു തുറന്നതു പോലെയായിരുന്നു കൊറിയന്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്ന വളര്‍ച്ച.

കെ ബ്യൂട്ടിയുടെ ഇന്ത്യയുടെ വിപണി മൂല്യം 2021ല്‍ 3200 കോടി രൂപ എന്നത് 2032 ആകുമ്പോഴേക്കും 8500 കോടി രൂപ ആകുമെന്നാണ് കണക്കുകള്‍. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇപ്പോള്‍ 39 ശതമാനം സ്ത്രീകളും അവരുടെ ദിനചര്യത്തില്‍ കുറഞ്ഞത് 25ശതമാനം കൊറിയന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ്.

വര്‍ണവിവേചനവും കര്‍ശനമായ സൗന്ദര്യ മാനദണ്ഡവും പാലിച്ചു പോന്നിരുന്ന ഒരു രാജ്യത്ത്. കൊറിയന്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ഇന്ത്യയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാനും സാധിച്ചു. ചര്‍മ്മത്തിന്റെ നിറമല്ല ആരോഗ്യകരമായ ചര്‍മ്മമാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കെ-ബ്യൂട്ടി ഉത്പന്നങ്ങള്‍ക്ക് സാധിച്ചു. മുന്‍ തലമുറകളെ അടക്കിവാണിരുന്ന ഫെയര്‍നെസ് ക്രീം ഭ്രമത്തില്‍ നിന്ന് യുവാക്കള്‍ മാറുകയാണ്. പകരം, ചര്‍മ്മത്തിന്റെ നിറം ഏതെന്ന് എന്നതിലപ്പുറം ചര്‍മ്മത്തിന്റെ ആരോഗ്യം, ജലാംശം, സ്വാഭാവിക തിളക്കം എന്നിവയുടെ കൊറിയന്‍ കാഴ്ച്ചപ്പാട് അവര്‍ സ്വീകരിച്ചിരിക്കുകയാണ്.

ഇതിന്റെ ഫലം ഇപ്പോള്‍ പലയിടങ്ങളിലും കാണാന്‍ സാധിക്കും. ഡല്‍ഹിയിലെ ഹുമയൂണ്‍പൂര്‍ പോലുള്ള പ്രദേശങ്ങളില്‍ കൊറിയന്‍ റെസ്റ്റോറന്റുകള്‍ക്കും ഫാഷന്‍ സ്റ്റോറുകള്‍ക്കും തൊട്ടടുത്തായി പ്രത്യേക കെ-ബ്യൂട്ടി സ്റ്റോറുകള്‍ ഇപ്പോള്‍ കാണാന്‍ സാധിക്കും. അഞ്ച് വര്‍ഷം മുമ്പ് സയന്‍സ് ഫിക്ഷന്‍ പോലെ തോന്നുമായിരുന്ന നൈല്‍ മ്യൂസിന്‍ ഫേഷ്യലുകള്‍ പോലുള്ള ചികിത്സകള്‍ കൊറിയന്‍ ബ്യൂട്ടി ക്ലിനിക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. 2026 ആകുമ്പോഴേക്കും വിപണി പ്രതിവര്‍ഷം 9.4% വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചര്‍മ്മസംരക്ഷണത്തെ സ്വയം പരിചരണമായി കാണുന്ന Gen Z, Gen Alpha ആയിരിക്കും ഈ വിപണിയിലെ പ്രധാന ഉപഭോക്താക്കള്‍.

Content highlights: the rise of k beauty in india embracing korean skincare trend

To advertise here,contact us