ചേട്ടനും അനിയനും വിവാഹം ചെയ്തത് ഒരേ യുവതിയെ, ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്ന് വിശദീകരണം

പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനിയന്‍ കപില്‍ വിദേശത്തുമാണ് ജോലി ചെയ്യുന്നത്, ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തങ്ങള്‍ വിവാഹിതരായതെന്നാണ് മൂന്ന് പേരും പറയുന്നത്

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വെങ്കലം. ചേട്ടനും അനിയനും ഒരേ സ്ത്രീയെ വിവാഹം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ഈ ചിത്രം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഇപ്പോളിത അത്തരമൊരു കല്ല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വെെറലാവുന്നത്.ഹിമാചല്‍ പ്രദേശിലെ ഗോത്രവിഭാഗങ്ങളില്‍ ഒന്നായ ഹട്ടി വിഭാഗത്തിലെ സഹോദരന്മാരാണ് ഒരേ യുവതിയെ വിവാഹം ചെയ്തത്. ഹിമാചലിലെ സിര്‍മോര്‍ ജില്ലയിലുള്ള ഗ്രാമത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പ്രദായം നടന്നത്.

പ്രദീപ് നേഹി, കപില്‍ നേഹീ എന്നീ സഹോദരന്മാരുടെ വിവാഹത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാവുന്നത്. സുനിത ചൗഹാന്‍ എന്ന പെണ്‍കുട്ടിയെ ആണ് ഇരുവരും വിവാഹം ചെയ്തത്.

ജൂലായ് 12 മുതല്‍ 14 വരെ നീണ്ടുനിന്ന വിവാഹത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനിയന്‍ കപില്‍ വിദേശത്തുമാണ് ജോലി ചെയ്യുന്നത്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തങ്ങള്‍ വിവാഹിതരായതെന്നാണ് മൂന്ന് പേരും പറയുന്നത്.

തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം നല്‍കുകയായിരുന്നെന്നും മൂവരും മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ബഹുഭർതൃത്വം നിയമപരമല്ലെങ്കിലും ഹിമാചല്‍ പ്രദേശില്‍ പല ജില്ലകളിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചില സ്ഥലങ്ങളിലും ഇത്തരം വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ജോഡിധരണ്‍, ദ്രൗപതിപ്രദ എന്നിങ്ങനെയാണ് ഈ സമ്പ്രദായത്തെ വിളിക്കുന്നത്. പരമ്പരകള്‍ മാറിവരുമ്പോഴും കുടുംബസ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ രീതി വഴി കഴിയുമെന്നതാണ് ഈ രീതി പിന്തുടരുന്നവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം.. ഭര്‍ത്താക്കന്മാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാലും വിവാഹം സാധുവായി തന്നെ തുടരുമെന്നാണ് ഇവിടുത്തെ ഗോത്രവിഭാഗത്തിന്‍റെ വിശ്വാസം. Content Highlights : Women married two men in Himachal Pradesh who are brothers

To advertise here,contact us