ദീർഘകാലത്തെ പ്രണയം; സയാമീസ് ഇരട്ടകളിൽ ഒരാൾ വിവാഹിതയായി; മറ്റൊരാൾ സിം​ഗിളായി തുടരും

താൻ സിംഗിളായി തുടരുമെന്ന് ലുപിറ്റ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ താരങ്ങളായ സയാമീസ് ഇരട്ടകളാണ് കാര്‍മെന്‍ ആന്‍ഡ്രേഡും ലുപിറ്റ ആന്‍ഡ്രേഡും. ഇപ്പോഴിതാ താന്‍ വിവാഹിതായി എന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇതിൽ കാര്‍മെന്‍. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് കാമുകനായ ഡാനിയല്‍ മക്കോര്‍മാക്കിനെയാണ് 25-കാരിയായ കാര്‍മെന്‍ വിവാഹം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു തീര്‍ത്തും സ്വകാര്യമായ വിവാഹം നടന്നതെന്നും പീപ്പിള്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-ല്‍ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് അഞ്ച് വര്‍ഷത്തോളം പ്രണയിച്ചു. കഴിഞ്ഞ വര്‍ഷം ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്‌സ് ലീപ്പ് ബ്രിഡ്ജില്‍വെച്ച് ചെറിയ ചടങ്ങോടെയാണ് വിവാഹം നടത്തിയത്. തന്റെ യുട്യൂബ് വീഡിയോയിലൂടെയും കാര്‍മെന്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരുന്നു. വീഡിയോയിൽ താൻ ഭർത്താവായെന്ന് മക്കോര്‍മാക്ക് സ്ഥിരീകരിക്കുന്നുമുണ്ട്. അതേ സമയം താൻ സിംഗിളായി തുടരുമെന്ന് ലുപിറ്റ പറഞ്ഞു.

സയാമീസ് ഇരട്ടകളായ കാര്‍മെനും ലുപിറ്റയും മെക്‌സിക്കോയിലാണ് ജനിച്ചത്. രണ്ടുപേര്‍ക്കും സ്വന്തമായി ഹൃദയവും ഒരു ജോടി ശ്വാസകോശവും വയറുമുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ യുഎസിലേക്ക് താമസം മാറിയ ഇവരുടെ ഉടലുകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ്. ഇരുവരും ഒരേ ഇടുപ്പെല്ലും പ്രത്യുത്പാദന വ്യവസ്ഥയും പങ്കിടുന്നു. രണ്ട് പേര്‍ക്കും രണ്ട് കൈകള്‍ വീതമുണ്ടെങ്കിലും ഒരു കാല്‍ മാത്രമാണുള്ളത്.

Content Highlights: Twin Carmen Andrade Marries Longtime Boyfriend Daniel McCormack

To advertise here,contact us