മഴയാണെങ്കിലും തണുപ്പാണെങ്കിലും ഫാനില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല.. എങ്കിൽ അറിയണം ഇക്കാര്യങ്ങൾ

രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങൾ ഇതൊക്കെയാണ്

ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഫാൻ ഉപയോഗിക്കാതിരിക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും. വലിയ മഴയത്ത് ഫുൾ സ്പീഡിൽ ഫാനിട്ട് പുതപ്പ് മൂടി കിടന്നുറങ്ങുക.. ആഹ്ഹാ. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നാം കണ്ടുവരുന്ന ആളുകളുടെ ഒരു ഫാന്റസിയാണ് ഇത്. ചിലർക്ക് കാറ്റില്ലെങ്കിലും ഫാനിന്റെ ശബ്ദമെങ്കിലും കേൾക്കാതെ ഉറക്കം വരാറില്ല. ഉറങ്ങണമെങ്കിൽ ഫാൻ നിർബന്ധം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ രാത്രി മുഴുവൻ ഇത്തരത്തിൽ ഫാൻ ഉപയോഗിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്തൊക്കെയാണ് രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങൾ എന്ന് നോക്കാം.

സത്യത്തിൽ ചൂടിനെ അകറ്റുന്നതിന് പ്രത്യേകമായി ഫാൻ ഒന്നും ചെയ്യുന്നില്ല. മുറിയിലെ ചൂട് കുറയ്ക്കണമെങ്കിൽ എയർ കൂളറോ, എയർ കണ്ടീഷനറോ ആവശ്യമാണ്. മുറിയിൽ കാറ്റുണ്ടാക്കുക എന്നതാണ് ഫാനിന് ചെയ്യാനാകുന്ന കാര്യം. ഈ കാറ്റ് ശരീരത്തിൽ അടിക്കുമ്പോൾ ഒരു ചൂടിൽ നിന്ന് നേരിയ ആശ്വാസം മാത്രമാണ് ലഭിക്കുന്നത്.

ചൂട് കാലത്ത് ഫാൻ ഉപയോഗിക്കുമ്പോൾ നമുക്ക് ആശ്വാസം തോന്നാറുണ്ട്. വിയർത്ത് കുളിച്ച് ഫാനിനടിയിൽ ഇരിക്കുമ്പോൾ നല്ല തണുപ്പ് തോന്നാറുണ്ടല്ലോ.. എന്നാൽ ഇത് വിയർപ്പിൽ കാറ്റ് തട്ടുമ്പോൾ ഉണ്ടാകുന്ന തണുപ്പാണ്. വെള്ളത്തിൽ കാറ്റടിക്കുമ്പോൾ നടക്കുന്ന ബാഷ്പീകരണമാണ് തണുപ്പിന് കാരണമാകുന്നത്.

ഫാനുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഫാനിന്റെ ലീഫിൽ പൊടിപടലങ്ങളും, ചിലന്തി വലകളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കൃത്യമായി വൃത്തിയാക്കാതിരുന്നാൽ ഫാൻ കറങ്ങുമ്പോൾ മുറിയിൽ പൊടിയും മറ്റും പരക്കാനുള്ള സാധ്യത വളരെ വലുതാണ്. കുറഞ്ഞത് ആഴ്ച്ചയിൽ ഒരിക്കൽ ഫാനിന്റെ ലീഫ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

കറങ്ങുന്നതിനിടെ ഫാൻ ഇളകി വീണ് അപകടം ഉണ്ടാക്കുന്നത് എല്ലാവരുടെയും പേടി സ്വപ്‌നങ്ങളിൽ ഒന്നാണ്. ഫാനുകളുടെ നട്ടും ബോൾട്ടും സ്‌ക്രൂവുമൊക്കെ സുരക്ഷിതമാണോ എന്ന് പരിശോധിക്കുക. കൃത്യമായ ഇടവേളകളിൽ ഇത്തരം കാര്യങ്ങൾ പരിശോധിച്ച് കുഴപ്പങ്ങളില്ല എന്ന് ഉറപ്പാക്കുന്നത് സുരക്ഷാ വീഴ്ച്ചയില്ലാതിരിക്കാൻ സഹായിക്കും.

രാത്രി മുഴുവൻ ഫാനിട്ട് കിടക്കുകയാണെങ്കിൽ മുറിയിൽ കൃത്യമായ വെന്റിലേഷൻ സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കുക. വെന്റിലേഷൻ സൗകര്യങ്ങൾ കുറവുള്ള മുറിയാണെങ്കിൽ ഫാനിന്റെ ഉപയോഗം അപകടങ്ങൾക്ക് കാരണമാകുന്നു.

ആസ്ത്മയും അപസ്മാരവുമുള്ള ആളുകൾ അധികം സ്പീഡിൽ ഫാൻ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. കാറ്റ് നേരിട്ട് മുഖത്തടിക്കുമ്പോൾ ശ്വാസംമുട്ടാനും അപസ്മാരം ഉണ്ടാകാനും കാരണമാകുന്നു. കൂടാതെ വളരെ ചെറിയ കുട്ടികളുടെ മുഖത്തേക്ക് കാറ്റടിക്കുമ്പോളും ഇതേ ശ്വാസംമുട്ടൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Content Highlight; Do You Sleep With a Fan On All Night? Here's What You Should Know

To advertise here,contact us