കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എവിടെ നോക്കിയാലും പാമ്പിനെക്കുറിച്ചുള്ള സംസാരമാണ് കേൾക്കാനുള്ളത്. സോഷ്യൽ മീഡിയയിൽ പോലും പാമ്പുമായി ബന്ധപ്പെട്ട് പലതരം വീഡിയോകളാണ് പ്രചരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളിലും പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. അടുക്കളയിലും ബാത്ത്റൂമിലും അങ്ങനെ ഒളിഞ്ഞിരിക്കാവുന്നിടത്തൊക്കെ പാമ്പുകൾ എത്താറുണ്ട്. നിങ്ങളോടോ, നിങ്ങളുടെ വീടിനോടോ എന്തെങ്കിലും വൈരാഗ്യമുണ്ടായിട്ടല്ല പാമ്പുകൾ അവിടേക്ക് വരുന്നത്. അവരുടെ നിലനിൽപ്പിന്റെ ഭാഗമായി ഭക്ഷണവും സുരക്ഷിതത്വവും തേടി വരുന്നതാണ്. വീട്ടിൽ പാമ്പ് വരുന്നതിന്റെ കാരണങ്ങളും അത് തടയാനുള്ള വഴികളും ഒന്ന് നോക്കിയാലോ....
വിഷം കൂടിയതും, വിഷമില്ലാത്തതും അങ്ങനെ പാമ്പുകൾ നിരവധിയാണ്. നിരുപദ്രവകാരിയാണെങ്കിൽ പോലും ഇഴജന്തുക്കളോട് പൊതുവെ നമുക്ക് വല്ലാത്ത ഭയമാണ്. ഇവയുടെ ആക്രമണം ഏത് വിധേനയായിരിക്കും എന്ന് മുൻകൂട്ടി അറിയാൻ കഴിയാത്തതാണ് അതിനുള്ള ഒരു കാരണം.
എലി ശല്യമുള്ള വീടുകളിൽ പാമ്പ് വരാനുള്ള സാധ്യത കൂടുതലാണ്. എലി പാമ്പിന്റെ പ്രധാന ഭക്ഷണങ്ങളിലൊന്നായതിനാൽ എലിയെ പിടിക്കുന്നതിനായി പാമ്പ് വീടിനുള്ളിൽ കയറുന്നു. കൂടാതെ, പക്ഷി മുട്ട, പല്ലി, തവള തുടങ്ങിയവയും പാമ്പിന്റെ ഭക്ഷണമാണ്. ഇതെല്ലാം ഉണ്ടാകാൻ സാധ്യതയുള്ള വീടുകളിലും പാമ്പുകൾ സ്ഥിരമായി വരാൻ സാധ്യതയുണ്ട്.
വീടിന് വിള്ളലുകൾ ഉണ്ടെങ്കിൽ അതുവഴി പാമ്പ് അകത്ത് കയറാനുള്ള സാധ്യതയുണ്ട്. അത് വലിയ വിള്ളലുകൾ തന്നെ ആവണമെന്നില്ല, നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന ചെറിയ തുളകളോ മറ്റോ ആയിരുന്നാലും അതുവഴി പാമ്പ് കയറാനുള്ള സാധ്യതയുണ്ട്. അതിനാൽ വീടിനുള്ളിലെ വിള്ളലുകളും, തുളകളുമെല്ലാം അടയ്ക്കാൻ ശ്രമിക്കുക.
വീടിന്റെ പരിസരത്ത് കരിയില കൂടി കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. കരിയിലക്കൂട്ടം പാമ്പുകൾക്ക് പറ്റിയ ഒളിത്താവളമാണ്. മാത്രമല്ല കരിയിലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ പ്രഥമദൃഷ്ടിയിൽ നമുക്ക് കാണാനും കഴിയില്ല. അതിനാൽ തന്നെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ചെടികൾ കാടുപിടിച്ച് കിടക്കുന്നുണ്ടെങ്കിൽ അത് വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വീടിന് പുറത്ത് വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പാമ്പുകൾക്ക് അതിജീവിക്കാൻ വെള്ളം ആവശ്യമാണ്. അതിനാൽ തന്നെ വെള്ളം തിരഞ്ഞ് പാമ്പ് വീട്ടിൽ വരാൻ സാധ്യതയുണ്ട്. കെട്ടികിടക്കുന്ന വെള്ളം കളഞ്ഞ് പരിസരം വൃത്തിയാക്കി സൂക്ഷിക്കാം.
ഈർപ്പമുള്ള സ്ഥലങ്ങളിലാണ് അധികവും ഇഴജന്തുക്കൾ വന്നിരിക്കുന്നത്. വിറക് സൂക്ഷിക്കുന്ന സ്ഥലങ്ങൾ, പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എപ്പോഴും നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനിടയിൽ ഇഴജന്തുക്കൾ കയറിയിരുന്നാൽ നമ്മൾ അറിയില്ല. അതിനാൽ തന്നെ സാധനങ്ങൾ കൂട്ടിയിടുന്നതും ഒഴിവാക്കാം.
Content Highlight; Why Snakes Enter Homes and How to Keep Them Away