വധശിക്ഷ,ഒടുവില്‍ മോചനം; യഥാര്‍ഥ കൊലയാളിയെ കണ്ടെത്തുന്നവര്‍ക്ക് 60 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് യുവാവ്

കുറ്റാരോപിതനായി ജീവിക്കാനാവില്ല, യഥാര്‍ഥ കൊലയാളിയെ കണ്ടെത്തുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നില്‍..

ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെടുക, ശിക്ഷ അനുഭവിക്കേണ്ടി വരിക.. ജീവിതം അവസാനിച്ചെന്ന് തോന്നുന്ന സന്ദര്‍ഭം! എന്നാല്‍ ജീവിതം വച്ചുനീട്ടിയ ഈ വെല്ലുവിളികളെ സമര്‍ഥമായി മറികടന്ന ഒരു യുവാവുണ്ട് ചൈനയില്‍. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട്, ഒടുവില്‍ നിരപരാധിത്വം തെളിയിക്കുകയും ജയില്‍ മോചിതനാവുകയും ചെയ്ത കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ചെങ് ഷിജിയാങ് എന്ന 49കാരന്‍.

നിരപരാധിയാണെന്ന് തെളിഞ്ഞ് ജയില്‍ മോചിതനായെങ്കിലും യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തിയേ തീരൂ എന്ന വാശിയിലാണ് ചെങ്. ഇതിനായി യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലവും അയാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ചുലക്ഷം യുവാനാണ് പ്രതിഫലം. അതായത് ഏകദേശം അറുപത് ലക്ഷം രൂപ.

സ്വന്തം ഗ്രാമത്തിലെ സ്ത്രീയെ കൊന്നു എന്നാരോപിച്ചായിരുന്നു 1998ല്‍ 22-ാമത്തെ വയസില്‍ ചെങ്ജയിലലടയ്ക്കപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ 56 വയസുള്ള, ഗ്രാമത്തിലെ പ്രമുഖന്റെ ഭാര്യയായിരുന്നു. ചെങ് ഒരു ഫര്‍ണിച്ചര്‍ കട തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനുള്ള പണം കണ്ടെത്തുന്നതിന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം ചെയ്തത് എന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍.

കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസ് തന്നെ വല്ലാതെ മര്‍ദിച്ചുവെന്ന് ചെങ് കോടതിയില്‍ പറഞ്ഞിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കോടതി തയ്യാറായില്ല. വിചാരണയില്‍ ചെങ് ഷിജിയാങിന് കോടതി വധ ശിക്ഷ വിധിച്ചു. അയാള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി, പക്ഷെ ഫലമുണ്ടായില്ല. എന്നാല്‍ തളരാത്ത ചെങ് വീണ്ടും അപ്പീലുമായി മുന്നോട്ടുപോയി.ഇത്തവണ കോടതി ചെങിനെ പരിഗണിക്കുകയും ശിക്ഷ ജീപര്യന്തത്തിലേക്ക് കുറയ്ക്കുകയും ചെയ്തു.

ചെങ് വര്‍ഷങ്ങളോളം ജയില്‍ ജീവിതം തുടര്‍ന്നു, എന്നാല്‍ 2006ല്‍ കോടതി ഈ കേസില്‍ ഒരു പുനര്‍വിചാരണ നടത്തി. അപ്പോഴാണ് സംശയാസ്പദമായ പല കാര്യങ്ങളുമുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുന്നത്. കൊലപാതകം നടത്തി എന്ന് പറയുമ്പോളും അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് രക്തക്കറ പോലും കണ്ടെത്തിയിരുന്നില്ല. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന ആയുധവും പൊലീസിന് ലഭിച്ചിരുന്നില്ല.

ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ചെങ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. നഷ്ടപരിഹാരമായി അദ്ദേഹത്തിന് 1,79,000 യുവാന്‍ (23 ലക്ഷം രൂപയിലധികം) നഷ്ടപരിഹാരവും നല്‍കി. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷമുള്ള ജീവിതം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് ചെങ് പറയുന്നു. കുറ്റവിമുക്തനായെങ്കിലും സമൂഹം പിന്നെയും കൊലപാതകിയായി മാത്രമെ തന്നെ പരിഗണിച്ചിരുന്നുള്ളു, ഏറെ കാലമെടുത്തു ഇത് മാറി വരാന്‍ എന്നും ചെങ് വേദനയോടെ പറഞ്ഞു.

'എനിക്ക് എന്റെ കഴിഞ്ഞ കാലത്തില്‍ നിന്ന് മുക്തി നേടണമായിരുന്നു.' ചാങ് ബിസിനസ് രംഗത്തേക്ക് തിരികെ ഇറങ്ങി. നിലവില്‍ ചെങ് ഒരു സ്മാര്‍ട്ട് ടോയ്‌ലെറ്റ് കമ്പനിയുടെ ഉടമയാണ്. താന്‍ ഒരു നല്ല വ്യക്തിയാണെന്നും, സമൂഹത്തെ ദ്രോഹിക്കുന്ന വിധത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടില്ലെന്നും ഊട്ടിയുറപ്പിക്കാനാണ് ഇപ്പോള്‍ യഥാര്‍ത്ഥ കൊലപാതകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് ചെങ് പറഞ്ഞു.

Content Highlight; Wrongly Jailed Chinese Man Offers ₹60 Lakh to Find Real Killer

To advertise here,contact us