മരിച്ചാലും സ്വര്‍ണം ആര്‍ക്കും തരില്ല; മരണത്തിന് മുന്‍പ് വൃദ്ധന്‍ കുഴിച്ചിട്ടത് കോടികളുടെ സ്വര്‍ണനാണയം

മതിലിന് പിന്നില്‍ ഒളിപ്പിച്ച സ്വര്‍ണനാണയ ശേഖരത്തെക്കുറിച്ച് സൂചന നല്‍കിയത് ഗ്രാമവാസികള്‍

മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടുപോകില്ല എന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ഉള്ളത് ആരും എടുക്കരുത് എന്ന് വിചാരിക്കുന്നവരും ഉണ്ടല്ലോ. അത്തരത്തിലൊരാളാണ് ഫ്രാന്‍സിലെ കാസ്റ്റിലോണ്‍സില്‍ താമസിച്ചിരുന്ന 89 വയസുളള പോള്‍ നാര്‍സ് എന്ന വൃദ്ധന്‍. പുരാതന സ്വര്‍ണനാണയം ശേഖരിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. കുറച്ച് കാലം മുന്‍പ് ഇദ്ദേഹം മരണപ്പെട്ടു. പക്ഷേ ഇദ്ദേഹത്തെ പരിചയമുള്ള എല്ലാവരുടെയും ചോദ്യം പോള്‍ നാര്‍സ് സമ്പാദിച്ച സ്വര്‍ണം ഒക്കെ എവിടെപ്പോയെന്നായിരുന്നു.

പോള്‍ നാര്‍സ് വിവാഹം കഴിച്ചിട്ടില്ലായിരുന്നു, ആകെയുള്ള പ്രായമായ സഹോദരിയും മരണപ്പെട്ടു. മരണ ശേഷം ഇയാളുടെ വീട് പലരും അരിച്ചുപെറുക്കിയെങ്കിലും ഒരു തരി സ്വര്‍ണം പോലും ലഭിച്ചില്ല. ആകാംക്ഷ നിറഞ്ഞ ഗ്രാമവാസികള്‍ അവിടെ നിധിയുണ്ടെന്ന് പൊലീസിനെ അറിയിക്കുകയും പൊലീസുകാര്‍ വീട് തിരയുന്നതിനിടയില്‍ ഭിത്തി തുരന്ന് ഒളിപ്പിച്ച് വച്ച നിധി ശേഖരം കണ്ടെത്തുകയുമായിരുന്നു. ചരിത്രകാരന്മാരെ പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നാണയ ശേഖരം. നാര്‍സിന്റെ എസ്റ്റേറ്റില്‍ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് നിധി കണ്ടെത്തിയത്. ചുമരില്‍ ഘടിപ്പിച്ച ഒരു ചിത്രത്തിന് പിന്നില്‍ ഒളിപ്പിച്ച രഹസ്യയിടത്താണ് നിധി കണ്ടെത്തിയത്.

നാര്‍സ് അത്ര പ്രശസ്തനായ വ്യക്തിയൊന്നും ആയിരുന്നില്ല. അധികം യാത്ര ചെയ്യുകയോ മറ്റുള്ളവരോട് അധികം സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അയാള്‍ക്ക് നാണയശേഖരണം വലിയ ഹോബിയായിരുന്നു. തന്റെ കൈവശമുളള എല്ലാ നാണ്യ ശേഖരവും കൃത്യമായി ലേബല്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിരുന്നു.ചിലത് പുരാതന മാസിഡോണിയ (ബിസി 336- 323) കാലഘട്ടത്തിലുളളതായിരുന്നു. മറ്റുളള സ്വര്‍ണനാണയങ്ങള്‍ ലൂയി പതിനാലാമന്റെ ഭരണകാലം മുതല്‍ ലൂയി പതിനാറാമന്റെ കാലഘട്ടത്തിലേതുമായിരുന്നു.

ഒന്നാം ഫ്രഞ്ച് സാമ്രാജ്യത്തിലെ സ്വര്‍ണ നാണയങ്ങളും ഗോതിക് നാണയ ശാസ്ത്രകലയുടെ മാസ്റ്റര്‍ പീസുകളും ആ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പാരീസിലെ ബ്യൂസന്റ് ലെഫെവ്രെ ഹൗസില്‍ ഇത് ലേലം ചെയ്യപ്പെട്ടപ്പോള്‍ 3.8 മില്യണ്‍ ഡോളറാണ് ലഭിച്ചത്. ഇദ്ദേഹത്തിന് മക്കളില്ലാത്തതിനാല്‍ വരുമാനം അകന്ന ബന്ധുക്കളിലേക്ക് പോകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു കോടി രൂപയുടെ മറ്റൊരു സെറ്റ് നാണയങ്ങള്‍ പ്രത്യേകം ലേലം ചെയ്യാനിരിക്കുന്നതേയുള്ളൂവത്രേ.

Content Highlights :Old man buried gold coins worth crores before his death

To advertise here,contact us