വേലിയില്‍ കിടന്ന പാമ്പിനെ..; റീല്‍സെടുക്കാന്‍ പാമ്പിന് ഉമ്മ കൊടുത്തു, കര്‍ഷകന് കടിയേറ്റു

50 കാരനായ കര്‍ഷകനാണ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നത്

റീല്‍സ് ചിത്രീകരിക്കാന്‍ ആളുകള്‍ എന്തിനും തയ്യാറാകുന്ന കാലമാണ്. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കിണറ്റില്‍ വീണവരും പുഴയിലെ ഒഴുക്കില്‍ പെട്ടവരും ഉള്‍പ്പെടെ നിരവധി വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം നാം കാണുന്നുമുണ്ട്. പക്ഷെ അപകട വാര്‍ത്തകള്‍ പെരുകുമ്പോഴും റീല്‍സ് ചിത്രീകരിക്കുന്നതിനായി എന്ത് സാഹസത്തിനും മുതിരാന് ഇന്ന് ആളുകള്‍ക്ക് മടിയില്ല.

യുപിയിലെ മൊറാദാബാദിലുള്ള 50 വയസുകാരനായ ജിതേന്ദ്രകുമാറും ചെയ്തത് അത്തരത്തിലൊരു കാര്യമാണ്. ജിതേന്ദ്ര കുമാറിന് ഒന്ന് വൈറലാകണമെന്ന് തോന്നി. അപ്പോഴാണ് പ്രദേശത്തെ മതിലിന് സമീപം ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. ഒട്ടും മടിച്ചില്ല ജിതേന്ദ്രകുമാര്‍ നേരെ ചെന്ന് പാമ്പിനെ പിടിച്ച് നാട്ടുകാരുടെ മുന്നില്‍ വച്ച് കഴുത്തില്‍ ചുറ്റി. എന്നിട്ട് റീല്‍ എടുക്കാന്‍ മൊബൈല്‍ ഓണാക്കി. പിന്നെ പാമ്പിന് ഉമ്മകൊടുക്കുന്ന വീഡിയോ ചിത്രീകരിച്ചു.

റീല്‍സെടുക്കാനുള്ള ചുംബനമാണെന്നൊന്നും പാമ്പിന് മനസ്സിലാകാന്‍ തരമില്ലല്ലോ. പാമ്പ് ജിതേന്ദ്രകുമാറിന്‍റെ നാക്കില്‍ കടിച്ചു. കര്‍ഷകനായ ഇയാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

പാമ്പ് കടിയേറ്റ ഉടനെ ഇയാളുടെ സ്ഥിതി മോശമാകുകയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.കുമാറിന്റെ കുടുംബം ഇതുവരെ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചിട്ടില്ല.സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ കാഴ്ചക്കാരില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടാക്കിയത്.

Content Highlights :Snake bite while filming reels. 50-year-old farmer hospitalized

To advertise here,contact us