പൂക്കളാല്‍ അലങ്കരിക്കപ്പെട്ട മനോഹരമായ ചാദറിന് കീഴെ സന്തോഷത്തോടെ വിവാഹമണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്ന വധു ഉത്തരേന്ത്യന്‍ വിവാഹത്തിലെ പതിവുകാഴ്ചയാണ്. കുടുംബത്തിന്റെ സംരക്ഷണത്തില്‍ നിന്ന് വരനൊപ്പമുള്ള പുതിയ ജീവിതത്തിലേക്കുള്ള വധുവിന്റെ പരിവര്‍ത്തനത്തിന്റെ പ്രതീകമാണ് ചാദറിന് കീഴില്‍ മണ്ഡപത്തിലേക്ക് വധുവെത്തുന്നതിലൂടെ സൂചിപ്പിക്കുന്നത്. വധുവിന്റെ സഹോദരന്മാരോ, അടുത്ത പുരുഷ ബന്ധുക്കളോ ആണ് ചാദര്‍ സാധാരണായായി വധുവിന് തലയ്ക്ക് മുകളിലായി ഉയര്‍ത്തിപ്പിടിക്കുക. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ അടുത്തിടെ നടന്ന വിവാഹത്തില്‍ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചുകൊണ്ട് ദാചര് പിടിച്ചത് പൊലീസുകാരായിരുന്നു. വധുവിന്റെ ഇരുവശത്ത് പൂക്കള്‍ നിറച്ച താലം പിടിച്ചുകൊണ്ട് വനിതാ പൊലീസും അവള്‍ക്കൊപ്പം നടന്നു. മാനുഷിക മൂല്യങ്ങളൊന്നും നഷ്ടപ്പെട്ടുകഴിഞ്ഞിട്ടില്ലെന്ന ഓര്‍മപ്പെടുത്തലായിരുന്നു ഗോണ്ട ജില്ലയില്‍ നടന്ന ആ വിവാഹം.
വിവാഹം നടക്കാന്‍ രണ്ടുദിവസം മാത്രമുള്ളപ്പോഴാണ് ഏപ്രില്‍ 24ന് ഉദയ് കുമാരിയുടെ സഹോദരന് ശിവ്ദിന്‍ അവരുടെ വീട്ടില്‍ നടന്ന കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെടുന്നത്. പെണ്‍കുട്ടിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ പണമത്രയും മോഷ്ടിക്കപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഭയപ്പെട്ട വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറി.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംസ്ഥാന വനിത കമ്മിഷന് അംഗം റിതു ശശി പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും വിവാഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കുകയുമായിരുന്നു. പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാളും ഭാര്യയും പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അദ്ദേഹം പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപയും വിവാഹത്തിന് ആവശ്യമായ ആഭരണങ്ങളും വീട്ടുസാധനങ്ങളും കൈമാറി. അതിനുപുറമേ വരന്റെ വീട്ടുകാരെ സ്വീകരിക്കാന്‍ വധുവിന്റെ അടുത്ത ബന്ധുക്കളായി പൊലീസുകാര്‍ എല്ലാവരും യൂണിഫോമില്‍ തന്നെയെത്തി.വീട്ടിലെത്തിയ അതിഥികള്‍ക്ക് ആതിഥേയത്വമരുളിയതും സദ്യയുടെയും അലങ്കാരപണികളുടെയും ഉള്‍പ്പെടെ വിവാഹകാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചത് പൊലീസുകാരായിരുന്നു.
വിവാഹത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തി. കുറ്റവാളികള്‍ക്കെതിരെ മാത്രമല്ല, ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം പൊലീസ് ഉണ്ടെന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. 'ഒരു കുടുംബം പ്രതിസന്ധിയിലാകുമ്പോള്‍, അവരെ സംരക്ഷിക്കുകയും അവര്‍ക്ക് ഉറപ്പുനല്‍കുകയും അവരുടെ ജീവിതം തിരികെ കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്' ജയ്സ്വാള്‍ പറയുന്നു.
'വീട്ടിലെ കവര്‍ച്ചയ്ക്ക് ശേഷം മകളുടെ വിവാഹം നടക്കില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി, പക്ഷേ പോലീസ് സൂപ്രണ്ടും ഭാര്യയും ഉത്തരവാദിത്തം ഏറ്റെടുത്തു. പോലീസുകാര്‍ ഡ്യൂട്ടിയിലാണെന്ന് തോന്നിയേ ഇല്ല. അവര്‍ ഞങ്ങളുടെ വീട്ടുകാരായാണ് തോന്നിയത്.' വധുവിന്റെ അച്ഛന് പറയുന്നു.
ഇന്‍സ്പെക്ടര്‍ അരുണ്സിങ്ങിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലില്‍ വധുവിന്റെ സഹോദരനെ കൊലപ്പെടുത്തിയ ഗുണ്ട നേതാവ് ഗ്യാന്‍ ചന്ദിനെ പൊലീസ് കീഴ്പ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ മരണപ്പെട്ടു. ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.
Content Highlights: UP Police's Kind Gesture: Helping Girl Get Married After Brother's Murder