സ്വപ്നം കാണുകയാണെന്ന് അറിഞ്ഞുകൊണ്ട് ഒരു സ്വപ്നം കണ്ടാലോ? ഇത്തരത്തില്‍ പകുതി ബോധത്തില്‍ കാണുന്ന സ്വപ്നങ്ങളാണ് ലൂസിഡ് ഡ്രീം എന്ന് അറിയപ്പെടുന്നത്. മലയാളത്തില്‍ പറഞ്ഞാല്‍ വ്യക്തമായ സ്വപ്നം. ഉറക്കം മുറുകുന്നതിന് മുന്‍പ്, അതായത് പാതി ഉറക്കത്തില്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വപ്നം കാണാന്‍ കഴിയും.
ലൂസിഡ് ഡ്രീമിലായിരിക്കുമ്പോള് സ്വപ്നത്തിന്റെ ആശയത്തെ നിങ്ങള്‍ക്ക് തീരുമാനിക്കാം. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഒരു സിനിമ പോലെ സ്വപ്നത്തില്‍ കാണാമെന്നത് എത്ര മനോഹരമായ കാര്യമാണ്. ഉപബോധമനസിനെ ഉപയോഗപ്പെടുത്തിയാണ് തലച്ചോര്‍ ലൂസിഡ് ഡ്രീം നടപ്പിലാക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. തലച്ചോറിലെ ചില തരംഗങ്ങളുടെ പാറ്റേണും, വൈദ്യുത സിഗ്നലുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ലൂസിഡ് ഡ്രീമിന് പിന്നിലെ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തലച്ചോറ് ഏറ്റവും സജീവമായിരിക്കുന്ന ഘട്ടത്തിലാണ് ലൂസിഡ് ഡ്രീം കാണാൻ കഴിയുക. ഈയൊരു ഘട്ടത്തിൽ കാണുന്ന സ്വപ്നങ്ങൾ തെളിച്ചമുള്ളതും വ്യക്തവുമായിരിക്കും. ലൂസിഡ് ഡ്രീം നടക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനം ഏത് തരത്തിലായിരിക്കുമെന്ന് മനസിലാക്കാൻ വിദഗ്ധർ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണത്തിന് വിധേയരായവരുടെ ഉറക്കത്തിന്റെ തുടക്കത്തിൽ അവരുടെ മസ്തിഷ്ക തരംഗങ്ങളും പോളിസോമ്നോഗ്രാഫിക് ഡാറ്റയും പ്രത്യേക യന്ത്രം ഉപയോഗിച്ച് രേഖപ്പെടുത്തിയിരുന്നു. ലൂസിഡ് ഡ്രീമിലായിരിക്കുമ്പോൾ മസ്തിഷ്ക തരംഗത്തിലും പോളിസോമ്നോഗ്രാഫിക് ഡാറ്റയിലും വ്യത്യാസമുള്ളതായി കണ്ടെത്തി.
പാതി ഉറക്കത്തിലെ സ്വപ്നം കാണുമ്പോള്‍ മെമ്മറി പ്രൊസസിങും, പെര്‍സെപ്ഷനും മറ്റൊരു തരത്തിലാണ് പ്രവര്‍ത്തിക്കുക എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലൂസിഡ് ഡ്രീമിങ് എന്നത് ഒരു നിസാര പ്രക്രിയയല്ല. ഇതില്‍ തലച്ചോറിന്റെ നിരവധി സംവിധാനങ്ങള്‍ ഒരുപോലെ പ്രവര്‍ത്തിച്ചാണ് ഈ സ്വപ്നം സാധ്യമാകുന്നത്, അതുകൊണ്ട് തന്നെയാണ് മറക്കാതെ കണ്ടതെന്താണെന്ന് കൃത്യമായി ഓര്‍ത്തുവെക്കാന്‍ കഴിയുന്നത്. ഉറക്കത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തലച്ചോര്‍ നിര്ത്തിവെക്കുന്നതിനാലാണ് എഴുന്നേല്ക്കുമ്പോള് സ്വപ്നം പൂര്‍ണമായോ, ഭാഗികമായോ മറന്ന് പോകുന്നത്.
ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മള് ഏറ്റവുമധികം ചിന്തിക്കുന്ന കാര്യങ്ങള്‍, നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് സ്വപ്നത്തില്‍ വരിക എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പരസ്പര ബന്ധമില്ലാത്തതും, നമ്മളുമായി യാതൊരു ബന്ധമില്ലാത്തതുമായ സ്വപ്നങ്ങള്‍ കാണുന്നത് എന്തുകൊണ്ടാണെന്നതില്‍ വ്യക്തതയില്ല. നമ്മുടെയൊക്കെ സ്വപ്നങ്ങളില്‍ വന്നിട്ടുള്ള പരസ്പര ബന്ധമില്ലാത്ത എന്തെല്ലാം കാര്യങ്ങളുണ്ട് അല്ലെ..
Content Highlight; Lucid Dreaming Is a Different State of Mind, Not Just Sleep or Being Awake