'നിനക്ക് നല്ല ശമ്പളമുണ്ടല്ലോ.. ഒരു ജോലിക്കാരിയെ വച്ച് വീട്ടുപണികൾ തീർത്തൂടെ?' ജോലി ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കുന്ന സ്ത്രീകൾ എപ്പോഴും കേൾക്കുന്ന പലവിധ ചോദ്യങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ ഒരു സ്ത്രീ ജോലി ചെയ്ത് സമ്പാദിച്ച്, അതിന്റെ പകുതി പണം വീട്ടുജോലികൾ ചെയ്യുന്ന ആൾക്ക് കൊടുക്കേണ്ട കാര്യമെന്താണെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താവ്. ഇന്ത്യൻ സ്ത്രീകളെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള അവരുടെ ജീവിതത്തെക്കുറിച്ചും അവർ എഴുതിയ കുറിപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
'ഞാനൊരു അവിവാഹിതയായ, സ്വന്തമായി തൊഴിൽ ചെയ്യുന്ന ആളാണെന്ന് കരുതുക. എനിക്ക് രാവിലെ എഴുന്നേറ്റ്, അമ്മ തരുന്ന കാപ്പിയും പലഹാരവും കഴിച്ച് ഓഫീസിലേക്ക് പോകാം. എന്നാൽ ഞാൻ വിവാഹിതയാണെങ്കിൽ പാചകം, വീട്ടുപണികൾ, കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കിയ ശേഷം മാത്രമെ പുറത്ത് ജോലിക്ക് പോകാൻ കഴിയുകയുള്ളു. ഇത് എന്റെ മാത്രം കാര്യമല്ല, ജോലിക്ക് പോകുന്ന വിവാഹിതരായ ഇന്ത്യൻ സ്ത്രീകളുടെ എല്ലാം അവസ്ഥ ഇത് തന്നെയാണ്.' അവർ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റ് വൈറലായതോടെ നിരവധി സ്ത്രീകളാണ് തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്. ചില ആളുകൾ വിവാഹം കഴിക്കുന്നതിലെ ഗുണങ്ങൾ പങ്കുവച്ചപ്പോൾ മറ്റുചിലർ തങ്ങളുടെ ഏറ്റവും മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞു.
'ഇത് പലപ്പോഴും പങ്കാളിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഓഫീസിലെ ജോലി എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, വീണ്ടും വീട്ടിലെ ജോലികൾ ചെയ്യേണ്ടി വരുന്നത് മടുപ്പാണ്. എന്നാൽ ജോലികൾ ചെയ്യാൻ കൂടെ കൂടുകയും, വീട്ടുജോലികൾ ഒരാളുടെ മാത്രം ചുമതലയാണെന്ന് കരുതാതിരിക്കുകയും ചെയ്യുന്ന പങ്കാളിയുണ്ടെങ്കിൽ അത് അത്ര ബുദ്ധിമുട്ടല്ല, പക്ഷെ മറിച്ചാണെങ്കിൽ ആ വിവാഹം കൊണ്ട് സ്ത്രീക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം.' പോസ്റ്റിന് താഴെ ഒരു സ്ത്രീ കമന്റ് ചെയ്തു.
വിവാഹത്തിന് ശേഷം സ്ത്രീയുടെ ഉത്തരവാദിത്തമാണ് ഭക്ഷണവും, വീടിന്റെ വൃത്തിയും, കുട്ടികളുടെ കാര്യങ്ങളും തുടങ്ങി എല്ലാമെന്ന് കരുതുന്ന ആളുകളുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ എങ്ങനെ ഇത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാകുന്നു? ഈ ഉത്തരവാദിത്തങ്ങൾ തീർക്കാൻ എന്തിന് സ്ത്രീ അവർ സമ്പാദിക്കുന്ന പണം മാത്രം നൽകി വീട്ടിൽ ജോലിക്ക് ആളെ നിർത്തേണ്ടി വരുന്നു.
'വിവാഹിതരും, ഭർത്താക്കന്മാരുടെ ബന്ധുക്കളോടൊപ്പം താമസിക്കേണ്ടി വരുന്നതുമായ ചില സ്ത്രീകളുണ്ട്. അവർ അനുഭവിക്കുന്നത് യഥാർത്ഥത്തിൽ പീഡനമാണ്. അവരുടെ വിലാപങ്ങൾ നിശബ്ദമാണ്, അത് ആരും കേൾക്കാറില്ല. അവിവാഹിതരായിരിക്കുമ്പോഴുള്ള സമാധാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല.' വിവാഹത്തെക്കുറിച്ച് എഴുതിയ മറ്റൊരു സ്ത്രീ വൈകാരികമായി കുറിച്ചു.
'വിവാഹം ഒരിക്കലും സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. ഭർത്താവിന്റെ അമ്മയ്ക്കൊപ്പം താമസിക്കുന്നതാണ് മറ്റൊരു വലിയ കടമ്പ. സ്ത്രീകൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിലും, നിങ്ങൾ പ്രണയിക്കുന്ന ആളെ വിവാഹം ചെയ്യുകയാണെങ്കിൽ, അയാൾക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുകയാണെങ്കിൽ, അത്തരം ബന്ധങ്ങൾ സന്തോഷം നൽകിയേക്കാം.' മറ്റൊരു സ്ത്രീ വ്യക്തമാക്കി.
വിവാഹത്തെക്കുറിച്ചുള്ള വ്യത്യസ്ത സ്ത്രീകളുടെ അഭിപ്രായങ്ങളാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകൾക്ക് കല്ല്യാണത്തിൽ താൽപര്യം കുറഞ്ഞ് വരുന്നു എന്ന പഠനങ്ങൾ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത്തരം ചർച്ചകൾ എപ്പോഴും സ്ത്രീകൾ പുരുഷന്മാരെ വെറുക്കുന്നു, അവർ ജോലി ചെയ്ത് സ്വന്തം പൈസയുണ്ടാക്കി ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന സ്വാർത്ഥരാണ് തുടങ്ങിയ സംസാരങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വിവാഹത്തിന് ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഒരു ഘട്ടത്തിലും സമൂഹത്തിൽ അടയാളപ്പെടുത്തിയിട്ടില്ല.
സ്വന്തമായി ജോലിയുള്ള സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കിൽ, അതില്ലാത്ത സ്ത്രീകൾ എങ്ങനെ അതിജീവിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സ്വന്തമായി വരുമാനമുള്ള സ്ത്രീകളെ ഈ വിധത്തിൽ പരിഗണിക്കുന്ന സമൂഹം അതില്ലാത്തവരെ പരിഗണിക്കുന്ന രീതി എങ്ങനെയായിരിക്കും. ഇത്തരത്തിലുള്ള മോശം പരിഗണന മാത്രം ലഭിക്കുന്ന വിവാഹം എന്ന ചടങ്ങിനെ സ്ത്രീകൾ എതിർക്കുന്നത് തങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും കോട്ടം തട്ടും എന്നതുകൊണ്ടാണ്.
Content Highlight; "All Duties, No Benefits?" Woman Questions Role of Married Women in India in Viral Post.