റിലേഷന്‍ഷിപ്പില്‍ ആദ്യം വേണ്ടത് ആത്മാഭിമാനം; ക്ഷമയ്ക്കും അതിരുകളുണ്ട്

നിങ്ങള്‍ ഇപ്പോള്‍ ഉളള ബന്ധത്തില്‍ ഒട്ടും സന്തോഷം അനുഭവിക്കുന്നില്ല,എല്ലാം സഹിക്കുകയാണ് എന്ന് എങ്ങനെ മനസിലാക്കാം

ആത്യന്തികമായി എല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. ഇഷ്ടപ്പെടുന്ന ഒരാളോടൊപ്പം അവരുടെ സ്‌നേഹത്തിലും പരിചരണത്തിലും ജീവിക്കാന്‍ ആഗ്രഹിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ശരിയായ ആളോടൊപ്പമാണോ നിങ്ങള്‍ സ്‌നേഹം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് അല്ലെങ്കില്‍ ജീവിക്കുന്നത്.. അതിന് ആദ്യം നിങ്ങള്‍ സ്വയം ബഹുമാനിക്കുന്നവരാണോ സ്വയം വില കൊടുക്കുന്നവരാണോ എന്നറിയേണ്ടിയിരിക്കുന്നു. സ്വന്തം മൂല്യം തിരിച്ചറിയാതെ നിങ്ങള്‍ ഒരു ബന്ധത്തില്‍ കുടുങ്ങി കിടക്കുകയാണോ എന്നതിനുളള ലക്ഷണങ്ങള്‍ ഇതാണ്.

ആവര്‍ത്തിച്ചുളള മോശം പെരുമാറ്റത്തോട് ക്ഷമിക്കുന്നു

പങ്കാളി നിങ്ങളോട് കള്ളം പറയുക, മോശമായി ആശയവിനിമയം നടത്തുക, അല്ലെങ്കില്‍ നിങ്ങളോട് അനാദരവ് കാണിക്കുക തുടങ്ങിയ കാര്യങ്ങളെ നിങ്ങള്‍ നിരന്തരം ന്യായീകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത്. നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു തെറ്റ് പറ്റുമ്പോള്‍ എല്ലാവരുടെയും മുന്നിലേക്ക് നിങ്ങളെ തെറ്റുകാരനോ തെറ്റുകാരിയോ ആക്കി വിട്ടുകൊടുക്കുന്നത്. ഇതൊക്കെ സ്ഥിരമായി, പോട്ടെ, സാരമില്ല എന്ന മനോഭാവത്തോടെ വിട്ടുകൊടുക്കുന്നത് സ്വയം ബഹുമാനമില്ലാത്തതിന്റെ സൂചനയാണ്.

കിട്ടിയതില്‍ സന്തോഷം കണ്ടെത്തുന്നു

പങ്കാളി എത്ര മോശമായി പെരുമാറിയാലും നിങ്ങള്‍ വിചാരിക്കുന്നത് സാരമില്ല എന്റെ കൂടെ ഉണ്ടല്ലോ എന്ന തോന്നലാണോ? എന്നാല്‍ അത് അപകടമാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ കുറച്ച് കാണുന്നതിന്റെ സൂചനയാണിത്. ആരോഗ്യമുളള ഒരു ബന്ധം പരസ്പരമുളള അഭിനന്ദനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അല്ലാതെ നിരാശയിലല്ല.

എല്ലാകാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യുന്നു

വൈകാരിക സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതുമുതല്‍ വീട്ടിലെ എന്തെങ്കിലും കാര്യങ്ങളുടെ ഡേറ്റുകള്‍ ആസൂത്രണം ചെയ്യുന്നതുവരെ നിങ്ങള്‍ തന്നെ കൈകാര്യം ചെയ്യുക. അത് മാത്രമല്ല നിങ്ങള്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടായാലും പങ്കാളിക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ ആയിരിക്കും നിങ്ങളത് കൈകാര്യം ചെയ്യുന്നത്. ഒരു ബന്ധത്തിന്റെ വൈകാരിക ഭാരം മുഴുവന്‍ നിങ്ങള്‍ ഒറ്റയ്ക്കാണ് വഹിക്കുന്നതെങ്കില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ പരിഗണിക്കുന്നില്ല എന്നുവേണം കരുതാന്‍.

അസംതൃപ്തി തോന്നിയിട്ടും തുടരുക

വൈകാരിക ബന്ധത്തിന്റെ അഭാവമോ, വാത്സല്യത്തിന്റെ അഭാവമോ, ഒന്നിച്ചുള്ള ലക്ഷ്യങ്ങളുടെ അഭാവമോ എന്തുമാകട്ടെ നിങ്ങള്‍ക്ക് നിരന്തരം ശൂന്യതയോ അസംതൃപ്തിയോ തോന്നുന്നുണ്ടെങ്കിലും അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം സ്‌നേഹവും വിലയും ഇല്ലെന്ന് മനസിലാക്കാം.

നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഭയം

പങ്കാളിയില്‍നിന്ന് കൂടുതല്‍ ശ്രദ്ധ, വാത്സല്യം, സത്യസന്ധത എന്നിവയൊക്കെ വേണമെന്ന് ആവശ്യപ്പെടാന്‍ നിങ്ങള്‍ മടിക്കുന്നത് നിങ്ങളുടെ പങ്കാളി നിങ്ങളെ വിട്ട് പോകുമെന്ന പേടികൊണ്ടാണോ, അതോ സമാധാനം നിലനിര്‍ത്താന്‍ നിങ്ങളുടെ ആവശ്യങ്ങള്‍ അടിച്ചമര്‍ത്തുന്നതാണോ.. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം സ്‌നേഹം ഇല്ലെന്ന് വേണം കരുതാന്‍. മാത്രമല്ല നിങ്ങള്‍ക്ക് വിലയില്ലാത്ത ആ ബന്ധത്തില്‍നിന്ന് ഇറങ്ങി പോകാറായി എന്നും മനസിലാക്കാം.

Content Highlights :How to understand that you are not happy in your current relationship and are just enduring everything

To advertise here,contact us