യുവാക്കളെയും കുടുംബങ്ങളെയും കബളിപ്പിച്ച് വിവാഹം കഴിച്ച് സ്വര്ണവും പണവുമായി മുങ്ങുക. ഒന്നും രണ്ടുമല്ല 25 യുവാക്കളാണ് അനുരാധ പാസ്വാന് എന്ന വിവാഹത്തട്ടിപ്പുകാരിയുടെ വലയില് വീണത്. 23 വയസ്സാണ് ഇവര്ക്ക്.
ഓരോ തവണയും വിവാഹത്തിനായി പുതിയ നഗരങ്ങള് തിരഞ്ഞെടുക്കുന്ന അനുരാധ പുതിയ പേരും സ്വീകരിക്കും. ഇരയെ ചൂണ്ടയിലാക്കിയാല് വൈകാതെ വിവാഹം കഴിക്കും. ഭര്ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസവും സ്നേഹവും പിടിച്ചുപറ്റുന്നത് വരെ നല്ലവളായ മരുമകളായും ഭാര്യയായും അഭിനയിക്കും..വിശ്വാസം നേടിക്കഴിഞ്ഞാല് പിന്നെ സ്വര്ണവും പണവുമായി മുങ്ങും. അടുത്ത നഗരത്തില് പുതിയൊരു പേരില് പ്രത്യക്ഷപ്പെടും ഇതേ തട്ടിപ്പ് തുടരും. അനുരാധ തനിച്ചായിരുന്നില്ല, ഒരു സംഘം അവള്ക്കൊപ്പമുണ്ടായിരുന്നു ആ തട്ടിപ്പ് സംഘത്തിന്റെ നേതാവായിരുന്നു അനുരാധ.
തൊഴില് രഹിതനായ ഒരു സഹോദരന് മാത്രമുള്ള പാവപ്പെട്ട യുവതിയായാണ് ബ്രോക്കര്മാര് അനുരാധയെ വരനും കുടുംബത്തിനും പരിചയപ്പെടുത്തുക. സഹായത്തിന് ആരുമില്ലാത്ത യുവതിക്ക് വിവാഹം കഴിക്കണമെന്നും നല്ലൊരു ജീവിതം തുടങ്ങണമെന്നും ആഗ്രഹമുണ്ട്. പക്ഷെ അതിനുള്ള സ്വത്തോ പണമോ കയ്യില് ഇല്ലെന്നം അവര് കുടുംബത്തെ അറിയിക്കും. സഹാനുഭൂതി തോന്നി ഇവരെ വിവാഹം കഴിക്കാന് വരനും കുടുംബവും തയ്യാറാകുന്നതോടെ കഥ ക്ലൈമാക്സില് എത്തുകയായി. കല്യാണം ഉറപ്പിച്ചുകഴിഞ്ഞാല് ബ്രോക്കര് ഫീസായി രണ്ടുലക്ഷം രൂപ ബ്രോക്കര് വരന്റെ കുടുംബത്തില് നിന്ന് ഈടാക്കും.
തുടര്ന്ന് വിവാഹത്തിനുള്ള സമ്മത പത്രം തയ്യാറാക്കും. തുടര്ന്ന് വീട്ടിലോ, അമ്പലത്തിലോ വച്ച് വിവാഹം. പിന്നെ മിടുക്കിയും സ്നേഹനിധിയും കരുണയുള്ളവളുമായ മരുമകളായി അനുരാധ അഭിനയം ആരംഭിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും മികച്ച ബന്ധം സ്ഥാപിക്കും. വിശ്വാസം നേടിക്കഴിഞ്ഞാല് ഭക്ഷണത്തില് ഉറക്കമരുന്ന് കലര്ത്തി എല്ലാവരെയും ഉറക്കിക്കിടത്തി സ്വര്ണവും പണവുമായി അവര് മുങ്ങുകയും ചെയ്യും.
ഏപ്രില് 20ന് ആണ് വിഷ്ണു ശര്മയെന്ന യുവാവ് അനുരാധയെ വിവാഹം കഴിക്കുന്നത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. പപ്പു മീണയായിരുന്നു വിവാഹത്തിന്റെ ബ്രോക്കര്. അയാള്ക്ക് കമ്മിഷനായി രണ്ടുലക്ഷം രൂപയാണ് വിഷ്ണു നല്കിയത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള് പാസ്വാന് 1.25 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 30,000 രൂപയുമായി സ്ഥലംവിട്ടു. 30,000 രൂപ വിലവരുന്ന മൊബൈല് ഫോണും ഇവര് കൊണ്ടുപോയി.
'ലോണെടുത്താണ് ഞാന് വിവാഹം കഴിച്ചത്. അന്നുരാത്രി ഒരു കുഞ്ഞിനെ പോലെ ഞാന് ഉറങ്ങിപ്പോയി. ആരോ എനിക്ക് ഉറക്കഗുളിക തന്നതുപോലെ.' വിഷ്ണു പറയുന്നു. വിഷ്ണുവും കുടുംബവും ചതിപറ്റിയത് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ്.ഒടുവില് അവര് പൊലീസില് കേസുകൊടുക്കാന് തീരുമാനിച്ചു. വിഷ്ണു നല്കിയ വിവരങ്ങള് വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനുരാധ വലയിലായത്.
അനുരാധയെ കുടുക്കാന് വിവാഹക്കെണി തന്നെയാണ് പൊലീസ് തയ്യാറാക്കിയത്. ഒരു കോണ്സ്റ്റബിളിനെ വരനാക്കി ബ്രോക്കറുടെ അടുത്തേക്ക് വിട്ടു. വിവാഹത്തിന് സമ്മതമറിയിച്ച് തയ്യാറായെത്തിയ അനുരാധയെ ഇവര് കുടുക്കുകയായിരുന്നു. ഭോപ്പാലില് വച്ചാണ് യുവതിയെ അറസ്റ്റുചെയ്തത്.
Content Highlights: Rajasthan Police's Uno Reverse For 'Looting Bride' Who Cheated 25 Grooms