അഹങ്കാരമുണ്ടോ? ഈഗോയെ നിയന്ത്രിക്കാന്‍ വഴികളുണ്ട്

ഈഗോയുള്ളവരാണെങ്കില്‍ അത് മാറ്റിയെടുക്കാന്‍ ഈ അഞ്ച് വഴികള്‍ പരീക്ഷിച്ച് നോക്കൂ...

നമുക്കെല്ലാവര്‍ക്കും അഹങ്കാരമുണ്ട്. എല്ലാവര്‍ക്കും ഞാനാണ് വലുത് എന്ന് തെളിയിക്കാനാണ് ആഗ്രഹം. വിമര്‍ശനം ഇഷ്ടപ്പെടാതിരിക്കുകയോ മറ്റൊരാള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ വിഷമം തോന്നുകയോ ചെയ്യുന്നത് പോലെ ചെറിയൊരു കാര്യമായിരിക്കാം അത്. പക്ഷേ അഹങ്കാരവും അസൂയയും വര്‍ധിക്കുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കും വഴക്കുകളിലേക്കും മനസമാധാനം നഷ്ടപ്പെടുന്നതിലേക്കും നയിക്കും. മാത്രമല്ല മറ്റൊരാളോട് പകയും വിദ്വേഷവും ഉണ്ടാവുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ആകെ കൈവിട്ടുപോകും.സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തതാണ് അഹങ്കാരത്തിനും വിട്ടുകൊടുക്കാനുള്ള മടിയിലേക്കും നയിക്കുന്നത്.

എന്നാല്‍ നിങ്ങള്‍ക്ക് സമാധാനം വേണമെന്നും സ്വസ്ഥത വേണമെന്നും ആഗ്രഹമുണ്ടെങ്കില്‍ അഹങ്കാരത്തെ സ്വയം കൈകാര്യം ചെയ്യേണ്ടതുണ്ട്. കുറച്ച് സ്വയം അവബോധവും , ചില ലളിതാമായ ദൈനംദിന ശീലങ്ങളും മതി ഇക്കാര്യം നിയന്ത്രിക്കാന്‍.

പ്രതികരണം എല്ലായ്പ്പോഴും ആവശ്യമില്ല

ആരെങ്കിലും നിങ്ങളോട് മോശമായി സംസാരിക്കുകയോ നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കാതിരിക്കുകയോ ചെയ്താല്‍ നിങ്ങള്‍ സാധാരണയായി എന്താണ് ചെയ്യുക. ആദ്യ പ്രതികരണം ഉടനടി മറുപടി നല്‍കുക എന്നതായിരിക്കും. എന്നാല്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാതിരുന്നു നോക്കൂ. അതുകൊണ്ട് നിങ്ങള്‍ ദുര്‍ബലനാണെന്ന് അര്‍ഥമില്ല. ചെറിയ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതുതന്നെയാണ് നല്ലത്.

നിങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല

നിങ്ങള്‍ പറയുന്നതാണ് അവസാന വാക്ക്, മറ്റാരും പറയുന്നതിനെ അംഗീകരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശരിയല്ല. എല്ലായ്പ്പോഴും നിങ്ങളുടെ വാദങ്ങള്‍ ശരിയായിക്കൊള്ളണമെന്നില്ല.

നേട്ടങ്ങളുടെ പിറകെ പോകാം പക്ഷേ ഇടവേളയെടുക്കണം

വിജയിക്കണമെന്ന ആഗ്രഹം നല്ലതാണ്. എന്നാല്‍ എപ്പോഴും എല്ലാകാര്യങ്ങളിലും വിജയിച്ചുകൊണ്ടിരിക്കണം എന്ന കാഴ്ചപ്പാട് ശരിയല്ല. എപ്പോഴും സ്വയം തെളിയിച്ചുകൊണ്ടിരിക്കണം എന്ന തോന്നല്‍ നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. അതുകൊണ്ട് നിലവിലുള്ളതിനെ വിലമതിക്കാന്‍ പഠിക്കുക. എല്ലാം വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം നിങ്ങളെ വീണ്ടും വീണ്ടും അഹങ്കാരിയാക്കും.

മറ്റുള്ളവര്‍ക്കും അവസരം കൊടുക്കുക

എപ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കണമെന്ന നിര്‍ബന്ധം മാറ്റിവയ്ക്കുക. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുന്നതോ, അവര്‍ അംഗീകാരം നേടുന്നതോ, അവര്‍ മുന്നില്‍ നിന്ന് നയിക്കുന്നതോ നിങ്ങളെ ഒരിക്കലും താഴ്ത്തുന്നില്ല. സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക.

എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുക

എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ മാനസികമായ സമാധാനത്തെയും സന്തോഷത്തെയും കെടുത്തിക്കളയും. ജീവിതം എപ്പോഴും നിങ്ങള്‍ വിചാരിക്കുന്നതുപോലെ മുന്നോട്ട് പോകണമെന്നില്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാധിക്കാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക. അപ്പോള്‍ത്തന്നെ പകുതി ഭാരം കുറഞ്ഞതുപോലെ തോന്നും.

Content Highlights :If you have an ego, try these five ways to change it...

To advertise here,contact us