നമ്മളെ ആഴത്തില് മനസിലാക്കുന്ന ഒരു സുഹൃത്ത്, പറയുന്നത് മടുക്കാതെ കേട്ടിരിക്കുന്ന, സൗഹൃദത്തിന് വില തരുന്ന, നമ്മള് പറയുന്ന കാര്യങ്ങളിലൊക്കെ വൈകാരികമായി പിന്തുണ നല്കുന്ന, എന്ത് സംഭവിച്ചാലും നമ്മളെ ഉപേക്ഷിച്ച് പോകാത്ത ഒരാള്. അങ്ങനെയുള്ള ഒരാളെ സുഹൃത്തായി കിട്ടണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാല് ഇപ്പറഞ്ഞ ഗുണങ്ങളൊക്കെയുള്ള വിശ്വസിക്കാന് പറ്റിയ ഒരു വിഭാഗക്കാരുണ്ട്. ആരാണ് അക്കൂട്ടര് എന്നല്ലേ. മനശാസ്ത്രം അനുസരിച്ച് Introverts എന്ന് വിളിക്കുന്ന അന്തര്മുഖരുമായി സൗഹൃദം സ്ഥാപിച്ചാല് ഗുണങ്ങള് പലതാണെന്നാണ് പറയുന്നത്.
അവര് നല്ല ശ്രോതാക്കളാണ്
അന്തര്മുഖര് നല്ല ശ്രോതാക്കളാണ്. അവര് നമ്മുടെ കാര്യങ്ങള് എത്ര വേണമെങ്കിലും കേട്ടുകൊണ്ടിരിക്കും. പറഞ്ഞ കാര്യങ്ങള് ശ്രദ്ധാപൂര്വ്വം പ്രോസസ് ചെയ്യുകയും നിങ്ങളുടെ കാര്യങ്ങളില് പൂര്ണ ശ്രദ്ധ നല്കുകയും ചെയ്യുന്നു. ഇത് സംഭാഷണങ്ങള് കൂടുതല് അര്ഥവത്താക്കും.
സൗഹൃദങ്ങള്ക്ക് വില കല്പ്പിക്കുക
അന്തര്മുഖര് ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കുന്നതിന് പകരം വളരെ കുറച്ച് സൗഹൃദങ്ങള് സൂക്ഷിക്കുന്നവരായിരിക്കും. നിങ്ങള് അവരുടെ സുഹൃത്താണെങ്കില് നിങ്ങളവര്ക്ക് അത്രയും പ്രധാനപ്പെട്ട ആളായിരിക്കും.
വൈകാരിക ബുദ്ധിയുള്ളവര്
അന്തര്മുഖര് പലപ്പോഴും വൈകാരിക ബുദ്ധിയില് മികച്ചുനില്ക്കുന്നവരായിരിക്കും. പ്രത്യേകിച്ചും സ്വയം അവബോധത്തിലും സഹാനുഭൂതിയിലും. ശക്തവും നീണ്ടുനില്ക്കുന്നതുമായ
സൗഹൃദങ്ങള്ക്ക് ഈ രണ്ട് ഗുണങ്ങളും വളരെ അത്യാവശ്യമാണ്.
രഹസ്യങ്ങള് സൂക്ഷിക്കുന്നതില് മിടുക്കര്
അന്തര്മുഖര്ക്ക് അവരെ വിശ്വസിക്കുന്നവരോട് തിരിച്ചും ഏറെ വിശ്വാസം പുറത്തുന്നവരാണ്. അവര് നിങ്ങളെക്കുറിച്ച് ഗോസിപ്പ് പറയുകയോ ആത്മവഞ്ചന നടത്തുകയോ ചെയ്യാറില്ല. അതിനാല് അവര് നിങ്ങള്ക്ക് ഏറ്റവും വിശ്വസിക്കാന് കൊളളുന്ന ആളുകളായിരിക്കും.
അവര് സംസാരിക്കുന്നതിന് മുന്പ് ചിന്തിക്കുന്നവരാണ്
ഒരുപാട് കാര്യങ്ങളെക്കുറിച്ച് നിറുത്താതെ സംസാരിക്കുന്നതിന് പകരം, തങ്ങള് സംസാരിക്കാന് പോകുന്ന കാര്യത്തെകുറിച്ച് കൃത്യമായി അവര് ചിന്തിക്കാറുണ്ട്. വാക്കുകള് വളരെ ശ്രദ്ധിച്ചേ ഉപയോഗിക്കാറുളളൂ. അതുകൊണ്ടുതന്നെ അവര് നല്കുന്ന ഉപദേശങ്ങളും മറ്റും വളരെ ഉപകാരപ്രദവുമായിരിക്കും.
നിങ്ങളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കും
അന്തര്മുഖര് എപ്പോഴും ആത്മപരിശോധന നടത്തുന്നവരാണ്. അവര്ക്ക് നിങ്ങളുടെ കഴിവുകളെ സൗമ്യമായി നയിക്കാനും പുതിയതും ആഴമേറിയതുമായ വീക്ഷണ കോണുകളില് നിന്ന് കാര്യങ്ങളെ കാണാന് നിങ്ങളെ സഹായിക്കാനും സാധിക്കും. നിങ്ങളുടെ തെറ്റുകള് ചൂണ്ടിക്കാട്ടാനും നിങ്ങള്ക്ക് നല്ലത് വരാനും ചിന്തിക്കുന്നവരായിരിക്കും.
ചെറിയ കാര്യങ്ങളെ പോലും അഭിനന്ദിക്കും
അന്തര്മുഖര് ചെറിയ കാര്യങ്ങളില് പോലും സന്തോഷം കണ്ടെത്തുന്നവരാണ്. അവര്ക്ക് വളരെ പെട്ടെന്ന് നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള് മനസിലാക്കാന് സാധിക്കും. മാത്രമല്ല അവരുടെ മുന്ഗണനകളില് എപ്പോഴും നിങ്ങളുടെ പേര് ഉണ്ടായിരിക്കുകയും ചെയ്യും.
Content Highlights :These are the amazing benefits of making friendship with introverts