നിങ്ങളെ അഭിനന്ദിക്കുമ്പോഴും അവരുടെ ഈ വാക്കുകള്‍ അസൂയ വെളിപ്പെടുത്തും

വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍ എന്നൊക്കെ അവര്‍ പറയുമ്പോഴും ഉളളിന്റെ ഉളളില്‍ മറ്റൊന്നാണ്

നമുക്കൊരു വിജയം ഉണ്ടാകുമ്പോള്‍ ധാരാളം ആളുകള്‍ അഭിനന്ദനം അറിയിക്കാനെത്തും. ആ അഭിനന്ദനങ്ങളെല്ലാം നമ്മെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ അഭിനന്ദിക്കാന്‍ എത്തുന്ന എല്ലാവരും യഥാര്‍ഥത്തില്‍ നിങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുന്നവരാണെന്ന് തോന്നുന്നുണ്ടോ? ചിലരുടെയെങ്കിലും അഭിനന്ദനങ്ങള്‍ അവര്‍ ഉള്ളില്‍ തട്ടി അല്ല പറയുന്നതെന്ന് തോന്നിയിട്ടില്ലേ. അത്തരത്തില്‍ ഉളളില്‍ തട്ടി പറയാത്ത അഭിനന്ദനങ്ങള്‍ ചില വാക്കുകളിലൂടെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

'കൊളളാം നന്നായിരിക്കുന്നു'

ഇങ്ങനെ കേള്‍ക്കുമ്പോള്‍ നിങ്ങളെ അഭിനന്ദിക്കുന്നു എന്നൊക്കെ തോന്നുമെങ്കിലും പലപ്പോഴും അവരുടെ അഭിനന്ദനത്തിന്റെ ധ്വനി നിങ്ങള്‍ ആ ഭാഗ്യം അര്‍ഹിക്കുന്നില്ല, അല്ലെങ്കില്‍ ഭാഗ്യംകൊണ്ട് ലഭിച്ചു എന്നൊക്കെ സൂചിപ്പിക്കുന്ന അടിവരയിട്ട വാക്കുകള്‍ പോലെ തോന്നാം.

'കഠിനാധ്വാനം ചിലപ്പോള്‍ ഫലം ചെയ്യുമെന്ന് ഞാന്‍ വിചാരിക്കുന്നു'

ഇങ്ങനെ പറയുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന ' ചിലപ്പോള്‍' എന്ന വാക്ക് നിങ്ങളുടെ നേട്ടത്തെ കുറച്ച് കാണുകയോ , അല്ലെങ്കില്‍ സംശയിക്കുകയോ ചെയ്യുന്നതിന്റെ സൂചനകള്‍ നല്‍കുന്നു. ഭാഗ്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന ധ്വനി അവരുടെ സംസാരത്തില്‍ ഉണ്ടാവും.

'ഞാനും അത് ചെയ്യണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ വളരെ തിരക്കിലായി പോയി'

ഇങ്ങനെ പറയുമ്പോള്‍ അവര്‍ സ്വയം അവരിലക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കും. അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഇതോ ഇതിലും മികച്ചതോ കിട്ടുമായിരുന്നു എന്ന ധ്വനി ആ വാക്കുകള്‍ക്ക് ഉണ്ടാകും. ഇതും നിങ്ങളുടെ വിജയത്തില്‍ അവര്‍ക്ക് അസൂയ ഉണ്ട് എന്നതിന്റെ തെളിവാണ്.

"നല്ല കാര്യം, എല്ലാവര്‍ക്കും ഇതുപോലെ ഒരു അവസരം ലഭിക്കും"

ഈ വാക്കുകള്‍ നിങ്ങളുടെ വിജയത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വിജയം നിങ്ങള്‍ നേടിയെടുത്തതല്ല അത് അനിവാര്യമായിരുന്നു എന്ന സൂചനയാണ് ഇതിലൂടെ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണ് എന്ന ധ്വനിയാണ് അവരുടെ ഈ വാക്കുകളില്‍.

"നിനക്ക് ശരിക്കും അത് കിട്ടിയോ, നേരാണോ?"

ഇത്തരത്തില്‍ അതിശയോക്തി കലര്‍ന്നതോ ആവര്‍ത്തിച്ചോ തോന്നുന്ന ആശ്ചര്യപ്രകടനം നിങ്ങളുടെ വിജയത്തിലുള്ള അവിശ്വാസത്തെയോ നിങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്ന ആശയത്തെയോ പ്രതിഫലിപ്പിച്ചേക്കാം.

'പക്ഷേ നിങ്ങള്‍ക്ക് കിട്ടയ സ്ഥാനം/ അവസരം അത്ര മികച്ചതല്ലെന്ന് തോന്നുന്നു'

നിങ്ങളെ അഭിനന്ദിക്കേണ്ട അവസരത്തിലും നിങ്ങളുടെ നേട്ടത്തെ വിലകുറച്ച് കാണുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് അവരുടെ ഉള്ളിന്റെ ഉള്ളിലെ അസൂയയെയാണ് എടുത്തുകാണിക്കുന്നത്.

'ഇത് കൊള്ളാം, നന്നായിട്ടുണ്ട് ഇതുപോലെ ചെയ്ത മറ്റൊരാളെ എനിക്കറിയാം അയാള്‍ക്ക് വലിയ ഗുണമൊന്നും ലഭിച്ചില്ല'

നോക്കൂ, നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്ന സമയത്ത് ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ എന്താവും നിങ്ങളുടെ മാനസികാവസ്ഥ. നിങ്ങളെ സന്തോഷിപ്പിക്കുന്നതിന് പകരം പലപ്പോഴും അറിയാതെതന്നെ സംശയിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യും.

'ഈ വിജയം എല്ലാ കാലവും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'

ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് തോന്നുമെങ്കിലും നിങ്ങളുടെ വിജയം താല്‍ക്കാലികമായിരിക്കണമെന്ന മട്ടില്‍ അത് അനിശ്ചിതത്വം സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്.

Content Highlights :Does it seem like everyone who comes to congratulate you is genuinely happy about your success?

To advertise here,contact us