നാലാംവയസ്സില് സംഭവിച്ച അപകടത്തെ കുറിച്ച് മനസ്സ് തുറന്ന് നര്ത്തകി ശക്തി മോഹന്. അപകടത്തില് കാല് തകര്ന്നുവെന്നും വീണ്ടും നടക്കാനാവില്ലെന്നാണ് ഡോക്ടര്മാര് വിധിയെഴുതിയതെന്നും ശക്തി മോഹന് പറയുന്നു. കാലുകളില് വലിയ മുറിപ്പാടുകളാണ് ആ അപകടം ബാക്കിയാക്കിയത്. ആ പാടുകള് കണ്ട് ആരാണ് തന്നെ വിവാഹം കഴിക്കാന് പോകുന്നതെന്ന് ആശങ്കപ്പെട്ടവരുണ്ടെന്നും അമ്മ പോലും പ്ലാസ്റ്റിക് സര്ജറി നടത്താന് ആവശ്യപ്പെട്ടിരുന്നുവെന്നും ശക്തി മോഹന് പറയുന്നു. സുവിന് സരണ് ഷോയില് സംസാരിക്കുകയായിരുന്നു ശക്തി.
ഡല്ഹിയിലെ എന്റെ വീടിന് അടുത്തുള്ള ഒരു റോഡ് മുറിച്ചുകടക്കുകയായിരുന്നു ഞാന്. സഹോദരിയെ കയ്യിലുള്ള ഒരു സംഗതി കാണിച്ചുകൊടുക്കുന്നതിനുള്ള ആവേശത്തിലായിരുന്നു ഞാന്. അതിനാല് തന്നെ റോഡിലൂടെ ഞാന് ഓടുകയായിരുന്നു. പെട്ടെന്നാണ് ഒരു ബൈക് എന്റെ കാലില് ഇടിക്കുന്നത്. വലിയ അപകടമായിരുന്നു. എനിക്ക് വീണ്ടും നടക്കാനാകില്ലെന്ന് ഡോക്ടര്മാര് മാതാപിതാക്കളെ അറിയിച്ചു. എനിക്കന്ന് നാലുവയസ്സ് മാത്രമാണ് പ്രായം. ഇപ്പോഴും എന്റെ കാലുകളില് അതിന്റെ പാടുകളുണ്ട്. ഏഴുമാസത്തോളം എനിക്ക് ഇരിക്കാന് പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
എന്താണ് സംഭവിക്കുന്നത് കുട്ടിയായിരുന്ന തനിക്ക് മനസ്സിലായിരുന്നില്ലെന്നും അമ്മയാണ് നടക്കാന് കരുത്തുപകര്ന്നതെന്നും അവര് പറയുന്നു. 'ഇപ്പോള് അമ്മ പറയാറുണ്ട്. നിനക്ക് നടക്കാന് കഴിയില്ലെന്നാണ് ഡോക്ടര് പറഞ്ഞത് കാരണം നീ പറക്കാന് പോവുകയായിരുന്നെന്നാണ്.ആറ് ഏഴ് മാസത്തിന് ശേഷം ഞാന് നടക്കാന് ആരംഭിച്ചു. എന്റെ അമ്മ ഒരിക്കലും വിശ്വാസം കൈവിട്ടില്ല, അമ്മ എന്നെ നടത്തിക്കുക തന്നെ ചെയ്തു. ഞാന് തീരെ കുഞ്ഞായിരുന്നു. എന്താണ് എനിക്ക് ചുറ്റും നടക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായില്ല. എനിക്കാണെങ്കില് സന്തോഷമായിരുന്നു സ്കൂളില് പോകേണ്ട, ആളുകള് വീട്ടില് എന്നെ കാണാന് വരുന്നു, മിഠായി തരുന്നു.'
കാലുകളിലെ പാടുകള് മറയ്ക്കുന്നതിനായി പ്ലാസ്റ്റിക് സര്ജറി നടത്താന് ആവശ്യപ്പെട്ടതായും അവള് ഓര്ക്കുന്നുണ്ട്. പലരും എന്റെ പാടുകള് നോക്കി ആരാണ് നിന്നെ വിവാഹം കഴിക്കുക എന്ന് ചോദിച്ചവരുണ്ട്. അമ്മ പ്ലാസ്റ്റിക് സര്ജറി ചെയ്ത് അത് മറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല് ഞാനതെ കുറിച്ച് ഒന്നും ചിന്തിച്ചില്ല. എനിക്കത് വേണ്ടായിരുന്നു. ഞാന് എന്റെ പാടുകള് എന്റെ സ്വന്തമാണ്. ഞാനവയെ സ്നേഹിക്കുന്നു.'
നര്ത്തകിയും കൊറിയോഗ്രാഫറുമായ ശക്തി നിരവധി ടെലിവിഷന് റിയാലിറ്റി ഷോകളിലെ ജഡ്ജായിരുന്നു.
Content Highlights: Shakti Mohan recalls her bike accident at age 4