നിങ്ങളുടെ അടുക്കളയിലെ വെളിച്ചെണ്ണയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്

വെളിച്ചെണ്ണ എങ്ങനെ കേടാകാതെ സൂക്ഷിക്കാം, അതിനുള്ള മാര്‍ഗ്ഗങ്ങളും ഇതാ...

പാചകത്തിനായാലും ആയുര്‍വ്വേദ മരുന്നുകള്‍ നിര്‍മ്മിക്കാനായാലും തേച്ചുകുളിക്കാനായാലും, തലമുടിയില്‍ പുരട്ടാനായാലും ഒക്കെ വെളിച്ചെണ്ണ വളരെ അത്യാവശ്യമുള്ള ഒരു വസ്തു തന്നെയാണ്. നമ്മുടെ എല്ലാവരുടെയും അടുക്കളകളില്‍ വെളിച്ചെണ്ണയുണ്ട് താനും. എന്നാല്‍ പാചകത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമല്ലെങ്കില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

  • ഒരു ചെറിയ കുപ്പിയില്‍ വെളിച്ചെണ്ണ എടുത്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കില്‍ തണുത്തുറഞ്ഞ് കട്ടിയായിരിക്കും. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലെ മായം ദ്രാവക രൂപത്തില്‍ കുപ്പിയുടെ മുകളില്‍ പൊങ്ങികിടക്കും.
  • ശുദ്ധമായ വെളിച്ചെണ്ണ അതിന്റെ നിറം നോക്കി തിരിച്ചറിയാന്‍ സാധിക്കും. യാതൊരു നിറവുമില്ലാതെ തെളിഞ്ഞ രീതിയിലായിരിക്കും മായം കലരാത്ത വെളിച്ചെണ്ണ.
  • ഒരു പാത്രത്തില്‍ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ ബട്ടര്‍ ചേര്‍ക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടോ എന്ന് നോക്കാവുന്നതാണ്.
  • അടികട്ടിയുളള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടാവാം.

വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെ

  • ആട്ടിച്ചെടുത്ത വെളിച്ചെണ്ണ ആണെങ്കില്‍ അത് വെയിലത്ത് വെച്ച് അതിലെ ജലാംശം മൊത്തത്തില്‍ ഇല്ലാതായതിനുശേഷം മാത്രം നന്നായി അടച്ചു സൂക്ഷിക്കുന്നതാണ്.
  • വെളിച്ചെണ്ണ ഒഴിച്ചു വയ്ക്കുന്ന പാത്രമോ കുപ്പിയോ നല്ലതുപോലെ അടച്ചുവയ്ക്കുവാന്‍ സാധിക്കുന്നവയായിരിക്കണം. അല്ലാത്ത പക്ഷം ഇതിലേയ്ക്ക് വായുസഞ്ചാരം ഉണ്ടാവുകയും അതില്‍ ഈര്‍പ്പം തങ്ങി നിന്ന് എണ്ണ ചീത്തയാകുവാനുള്ള സാധ്യതയും കൂടുതലാണ്.
  • നല്ലപോലെ കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുത്ത കണ്ടയ്നറില്‍ വെളിച്ചെണ്ണ സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക.
  • ഈര്‍പ്പം തങ്ങി നില്‍ക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ വെള്ളത്തിന്റെ അംശം ഉള്ളിടത്ത് വെളിച്ചെണ്ണ സൂക്ഷിച്ചാല്‍ അത് വേഗത്തില്‍ ചീത്തയാകും.
  • കുറച്ച് അളവില്‍ മാത്രമാണ് വെളിച്ചെണ്ണ ഉള്ളതെങ്കില്‍ അത് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് കേടുകൂടാതെ കുറേകാലം നിലനില്‍ക്കാന്‍ സഹായിക്കും.
  • നല്ലപോലെ ആട്ടിച്ചു കൊണ്ടുവന്ന വെളിച്ചെണ്ണ ആണെങ്കിലും അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങിയതാണെങ്കിലും അതില്‍ കുറച്ച് കുരുമുളകോ, കല്ലുപ്പോ, ഒരു കഷണം ശര്‍ക്കരയോ ഇട്ടുവെച്ചാല്‍ വെളിച്ചെണ്ണ കേടാതെ ഇരിക്കുവാന്‍ സഹായിക്കും.

Content Highlights :Is the coconut oil in your kitchen adulterated? There's a way to find out. Here are some ways to keep coconut oil from spoiling

To advertise here,contact us