സിലിക്ക ജെല്‍ വെറുതെ കളയേണ്ട... ഉപകാരങ്ങള്‍ ധാരാളമുണ്ട്

സിലിക്ക ജെല്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇനി ആ പതിവ് മാറ്റാം...

നമ്മള്‍ ബാഗും ചെരുപ്പും കുപ്പിയും ഒക്കെ വാങ്ങുമ്പോള്‍ അതിന്റെ ഉള്ളില്‍ നിന്നും വെളുത്ത ചെറിയ കവറുകള്‍ക്കുള്ളിലുള്ള സിലിക്കാ ജെല്‍ കിട്ടാറില്ലേ. ഇത് പലപ്പോഴും ഉപയോഗമൊന്നും ഇല്ല എന്ന് കരുതി ഉപേക്ഷിക്കുകയാണ് ചെയ്യാറ് അല്ലേ? എന്നാല്‍ ഇനി ഇത് വെറുതേ കളയേണ്ട, ഇതുകൊണ്ട് ഉപയോഗങ്ങള്‍ ധാരാളമുണ്ട്.

ഇലക്ട്രിക് ഉപകരണങ്ങള്‍ കേടാകാതെ സൂക്ഷിക്കാം

വെള്ളത്തില്‍ വീണാലും ഈര്‍പ്പം തട്ടിയാലും പെട്ടെന്ന് തന്നെ കേടാകുന്നവയാണ് ഇലക്ട്രിക് ഉപകരണങ്ങള്‍. ഇത്തരം ഇലക്ട്രിക് ഉപകരണങ്ങളില്‍ ഈര്‍പ്പം തട്ടുന്നത് തടയാന്‍ പരിമിതികളുമുണ്ട്. പക്ഷേ ഇലക്ട്രിക് ഉപകരണങ്ങളില്‍ ഈര്‍പ്പം തട്ടിയാല്‍ അത് കേടാകാതെ സൂക്ഷിക്കാന്‍ സിലിക്കാ ജെല്‍ കൊണ്ട് കഴിയും. ഇവയ്ക്ക് ഈര്‍പ്പത്തെ വലിച്ചെടുക്കാന്‍ കഴിവുണ്ട്. ഏത് ഉപകരണമായാലും അത് ബോക്‌സിലിട്ട് സിലിക്ക ജെല്ലുകള്‍ നിറച്ച് കൊടുത്താല്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഉപകരണത്തെ സംരക്ഷിക്കുകയും ചെയ്യും.

ലോഹങ്ങള്‍ തുരുമ്പെടുക്കാതിരിക്കാന്‍

പെട്ടെന്ന് തന്നെ തുരുമ്പെടുക്കുന്നവയാണ് ലോഹങ്ങള്‍. ഇതിന് പരിഹാരം കാണാന്‍ സിലിക്കാ ജെല്ലിന് കഴിയും. ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബോക്‌സിലേക്ക് സിലിക്കാജെല്‍ പായ്ക്കറ്റായോ അല്ലാതെയോ ഇട്ടുകൊടുത്താല്‍ മതി. ഇത് വായുവില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ലോഹങ്ങള്‍ തുരുമ്പ് പിടിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

പുസ്തകങ്ങള്‍ കേടുവരാതിരിക്കാന്‍

ആല്‍ബങ്ങളും പുസ്തകങ്ങളും ഒക്കെ പഴകുംതോറും ചിത്രങ്ങള്‍ മങ്ങി പോവുകയും മറ്റും ചെയ്യാറുണ്ട്. ഇങ്ങനെ ചിത്രങ്ങള്‍ ഫെയ്ഡായി പോകാതിരിക്കാന്‍ പേജുകള്‍ക്കുളളില്‍ സിലിക്ക ജെല്‍ കുറച്ച് ദിവസം സൂക്ഷിച്ചാല്‍ മതി.

Content Highlights :Silica gel has many benefits, so don't just throw it away

To advertise here,contact us