ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പണം ചെലവാക്കാന്‍ വയ്യ, പിതാവിന്റെ മൃതദേഹം വീട്ടിലൊളിപ്പിച്ചത് 2 വര്‍ഷം

പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്‌കാര ചടങ്ങുകള്‍ക്ക് പണം ചെലവാക്കാന്‍ മടിച്ച് ഒരാള്‍ തന്റെ പിതാവിന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് രണ്ട് വര്‍ഷമാണ്. ജപ്പാനിലാണ് സംഭവം. 56-കാരനായ നോബുഹികോ സുസുകിയാണ് 2023ല്‍ മരിച്ച തന്റെ അച്ഛന്റെ മൃതദേഹം ആരെയും അറിയിക്കാതെ വീട്ടിലെ വാര്‍ഡ്രോബില്‍ ഒളിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംശയം തോന്നിയ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

2023 ജനുവരിയിലാണ് 86-കാരനായ തന്റെ പിതാവ് മരിച്ചതെന്ന് സുസുകി പൊലീസിനോട് പറഞ്ഞത്. താന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ചെലവേറിയതാണ്. ഇതുകൊണ്ടാണ് മൃതദേഹം ആരെയും അറിയിക്കാതെ ഒളിപ്പിച്ചുവെക്കാന്‍ തീരുമാനിച്ചത്. ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സുസുകിയെ അറസ്റ്റ് ചെയ്‌തെന്നും സംഭവത്തില്‍ പെന്‍ഷന്‍ തട്ടിപ്പ് അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സുസുകിയുടെ പിതാവിന്റെ മരണം സ്വാഭാവികമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: Japanese Man, 56, Hides Father's Body In Wardrobe For 2 Years To Evade Funeral Costs

To advertise here,contact us