മാസങ്ങള്‍ക്ക് മുമ്പ് കാറില്‍ മറന്നുവെച്ച ലോട്ടറിയിലൂടെ തേടിവന്ന ഭാഗ്യം; അടിച്ചത് 11 കോടി

തനിക്ക് ഇപ്പോള്‍ പോലും ലോട്ടറിയടിച്ചെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും ഡാരെന്‍ പറഞ്ഞു

ഭാഗ്യം തേടി വരുന്ന വഴി അറിയാന്‍ സാധിക്കില്ലെന്ന് പലരും പറയാറുണ്ട്. യുകെ സ്വദേശിയായ ഒരാളെ തന്റെ കാറില്‍ മാസങ്ങളായി സൂക്ഷിച്ചിരുന്ന ലോട്ടറിയിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. വെയ്ല്‍സിലെ സ്വാന്‍സീയിലായിരുന്നു സംഭവം. ഡാരന്‍ ബര്‍ഫിറ്റ് എന്ന 44-കാരനാണ് ആ ഭാഗ്യവാന്‍. ഒരു മില്യണ്‍ പൗണ്ടാണ് (ഏകദേശം 11 കോടി രൂപ) സമ്മാനമായി ലഭിച്ചത്.

കാറില്‍വെച്ച് കഴിക്കാന്‍ ലഘുഭക്ഷണം എന്തെങ്കിലും വേണമെന്ന് മകന്‍ ആവശ്യപ്പെട്ടതോടെയാണ് ഡാരന്‍ വാഹനത്തിന്റെ സെന്‍ട്രല്‍ കണ്‍സോള്‍ പരിശോധിച്ചത്. സനാക്‌സ് പാക്കറ്റിനൊപ്പം മാസങ്ങളായി സൂക്ഷിച്ചിരുന്ന ചില ലോട്ടറി ടിക്കറ്റുകളും ഡാരന്റെ കയ്യില്‍ തടഞ്ഞു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഒരു ലോട്ടറി വിജയിയെ കണ്ടെത്താനുള്ള ഒരു പരസ്യം കണ്ടാണ് ഈ ടിക്കറ്റുകള്‍ പരിശോധിക്കാമെന്ന് ഡാരെന്‍ തീരുമാനിച്ചത്.

'എന്റെ കാറിന്റെ സെന്‍ട്രല്‍ കണ്‍സോളില്‍ ഒന്നുരണ്ട് ലോട്ടറി ടിക്കറ്റുകളുണ്ടായിരുന്നു. ടിക്കറ്റുകളെടുത്താല്‍ ഇവിടെയാണ് ഞാന്‍ സൂക്ഷിക്കാറ്. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും ഇവ പരിശോധിക്കുന്ന കാര്യം ഞാന്‍ മറന്നുപോവുകയാണ് ചെയ്യാറ്. വീട്ടില്‍ തിരിച്ചെത്തി ടിക്കറ്റുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. നാഷണല്‍ ലോട്ടറി ആപ്പിലാണ് ഫലം പരിശോധിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ടിക്കറ്റ് മാസങ്ങളുടെ പഴക്കമുള്ളതും ചുരുണ്ടുകൂടിയതുമായിരുന്നു. അതിനാല്‍ അവസാനം വരെ ഈ ടിക്കറ്റ് പരിശോധിക്കേണ്ടെന്നാണ് കരുതിയിരുന്നത്. ഇതിലെ വിവരങ്ങള്‍ സ്‌കാന്‍ ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല. ഒടുവില്‍ പണിപെട്ടാണ് ഈ ടിക്കറ്റ് പരിശോധിച്ചത്. ആ ഫലം ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല', ഡാരെന്‍ പറയുന്നു.

തനിക്ക് ഇപ്പോള്‍ പോലും ലോട്ടറിയടിച്ചെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഡാരെന്‍ പറഞ്ഞു. ടിക്കറ്റിലെ വിവരങ്ങള്‍ പല തവണ താന്‍ പരിശോധിച്ചുവെന്നും ഡാരെന്‍ പ്രതികരിച്ചു.

Content Highlights: UK Man Finds Lottery Ticket Left In Car For Four Months

To advertise here,contact us