ശവക്കല്ലറകളില്‍ പ്രത്യക്ഷപ്പെട്ടത് വിചിത്രമായ 'ക്യൂആർ കോഡ്'; ഒടുവില്‍ 'നിഗൂഢത' പുറത്ത്

ജർമ്മനിയിലെ മ്യൂണിക്കിലെ മൂന്ന് സെമിത്തേരികളിലായി 1000ത്തിലധികം ശവക്കല്ലറകളിലാണ് ക്യൂആർ കോഡുകൾ പ്രത്യക്ഷപ്പെട്ടത്

സെമിത്തേരികളിലെ ശവക്കല്ലറകളില്‍ ഒരു ദിവസം പ്രത്യക്ഷപ്പെട്ട ക്യൂആർ കോഡ് ചെറുതായൊന്നുമല്ല പൊലീസിനെ കുഴപ്പിച്ചത്. ജർമ്മനിയിലെ മ്യൂണിക്കിലെ മൂന്ന് സെമിത്തേരികളിലായി 1000ത്തിലധികം ശവക്കല്ലറകളിലാണ് ക്യൂആർ കോഡുകൾ പ്രത്യക്ഷപ്പെട്ടത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ശവക്കല്ലറകളിൽ പതിച്ചിരുന്ന ക്യൂആ‍‍ർ കോഡ് സ്റ്റിക്കറുകൾക്ക് പിന്നിലെ ദുരൂഹതകൾ പൊളിച്ചിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ശവകല്ലറകളിൽ ക്യൂആർ കോഡുകൾ പ്രത്യക്ഷപ്പെട്ടത്.

സെമിത്തേരിയിലെത്തിയവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവക്കല്ലറകളുടെ അടുത്തെത്തിയപ്പോഴാണ് ക്യൂആ‍ർ കോഡുകൾ ശ്രദ്ധിച്ചത്. വാൾഡ്ഫ്രൈഡ്ഹോഫ്, സെൻഡ്ലിംഗർ ഫ്രീഡ്ഹോഫ്, ഫ്രീഡ്ഹോഫ് സോൾൻ സെമിത്തേരികളിലെ പഴയതും പുതിയതുമായ ശവക്കല്ലറകളിലാണ് ക്യൂആർ കോഡ് പ്രത്യക്ഷപ്പെട്ടത്.

5x3.5 സെന്റീമീറ്ററിലാണ് (1.95x1.2 ഇഞ്ച്) സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നത്. ഇത് ശരിക്കും വിചിത്രമായി തോന്നുന്നുവെന്നായിരുന്നു സെമിത്തേരിയുടെ മേൽനോട്ടം വഹിക്കുന്ന ബെർണ്ട് ഹോറോഫ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്. ശവകല്ലറകളില്‍ ആരാണ് ഇത്തരത്തില്‍ സ്റ്റിക്കർ ഒട്ടിച്ചതെന്ന ദുരൂഹത വർധിച്ചതോടെ സോഷ്യൽ മീഡിയയിലെ ഒരു വിഭാ​ഗം ഉപയോക്താക്കൾ ഇതിനെ വൈറൽ മാർക്കറ്റിം​ഗ് സ്റ്റണ്ടാണെന്നാണ് വിശേഷിപ്പിച്ചത്.

Also Read:

Health
കാലുകള്‍ നല്‍കുന്ന ഈ സൂചനകള്‍ പലതരം രോഗങ്ങളുടെ മുന്നറിയിപ്പാകാം

നിഗൂഢത ചുരുളഴിയുന്നു

ദുരൂഹത വർധിച്ചതോടെ ആളുകള്‍ വിഷയത്തില്‍ പൊലീസിന്റെ സഹായം തേടി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ക്യൂആർ കോഡുകൾക്ക് പിന്നിൽ ഒരു പ്രാദേശിക പൂന്തോട്ടപരിപാലന ബിസിനസുകാരനാണെന്നാണ് കണ്ടെത്തിയത്.

സെമിത്തേരിയിലെ ശവക്കല്ലറകൾ വൃത്തിയാക്കാൻ ചുമതലപ്പെടുത്തിയിരുന്നത് കമ്പനിയിലെ സീനിയർ മാനേജരായ ആൽഫ്രഡ് സാങ്കറെയായിരുന്നു. ഏതൊക്കെ ശവകല്ലറകളാണ് വൃത്തിയാക്കിയതെന്നും, എന്തൊക്കെ പണികളാണ് ചെയ്തതെന്നും എളുപ്പത്തില്‍ മനസിലാക്കുന്നതിനാണ് ഇത്തരത്തില്‍ സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് ഇയാള്‍ പ്രതികരിച്ചത്. തങ്ങൾ ഒരു വലിയ കമ്പനിയാണെന്നും തകരാറുകള്‍ ഇല്ലാതെ ജോലി നടക്കുന്നതിന് വേണ്ടിയാണിങ്ങനെ ചെയ്തതെന്നും ആല്‍ഫ്രണ്ട് പറഞ്ഞു.

Content Highlights: Munich's Bizarre 'QR Code on Graves' Mystery Finally Solved

To advertise here,contact us