ട്രംപിനെ 'തോല്‍പ്പിക്കാന്‍' സിസേറിയന്‍; അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികളുടെ തിരക്ക്

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്നുള്ളത്

അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള തീരുമാനം ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. അമേരിക്കന്‍ പൗരന്മാരല്ലാത്തതോ ഗ്രീന്‍ കാര്‍ഡ് ഇല്ലാത്തതോ ആയ മാതാപിതാക്കള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് നിര്‍ത്തലാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്നുള്ളത്. ഇന്ത്യക്കാരടക്കം നിരവധിപേരെയാകും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക.

ജനുവരി 20നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റത്. ഇതിന് മുമ്പ് ആശുപത്രികളില്‍ വര്‍ധിച്ച സിസേറിയന്‍ പ്രസവങ്ങളെ കുറിച്ചാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുന്നത്. നിരവധി ഇന്ത്യന്‍ ദമ്പതികളാണ് ജനുവരി 20ന് മുമ്പ് പ്രസവം നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചതെന്നാണ് ഇന്ത്യന്‍ വംശജയായ ഗൈനക്കോളജിസ്റ്റ് എസ് ഡി രമ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ ഇരുപതോളം ദമ്പതികള്‍ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടതായും ഡോക്ടര്‍ പറയുന്നു.

ചുമതലയേറ്റെടുക്കുന്ന ദിവസം തന്നെ ട്രംപ് ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇങ്ങനെ വന്നാല്‍ ജനുവരി 20ന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം ലഭിക്കില്ലെന്ന് വന്നതോടെയാണ് ആശുപത്രികളില്‍ പ്രസവം വേഗത്തിലാക്കാനുള്ള തിരക്ക് വര്‍ധിച്ചത്. എച്ച്-1ബി, എല്‍1 വിസകളിലായി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നവരും നിരവധിയാണ്.

ന്യൂജേഴ്‌സിയിലാണ് ഡോ. രമയുടെ മെറ്റേണിറ്റി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. പ്രസവ തീയതിക്ക് മാസങ്ങളുള്ളവരും തന്നെ വിളിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത്തരത്തില്‍ നേരത്തെ പ്രസവം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങളാണ് ടെക്‌സാസില്‍ നിന്നുള്ള ഡോക്ടര്‍ എസ് ജി മുക്കാല ചൂണ്ടിക്കാട്ടുന്നത്. 20-ാം തീയതിക്ക് മുമ്പ് രണ്ട് ദിവസങ്ങള്‍ക്കിടെ ഏകദേശം ഇരുപതോളം ദമ്പതികളോട് തനിക്ക് സംസാരിക്കേണ്ടി വന്നുവെന്നാണ് ഡോ. മുക്കാല പറയുന്നത്.

Also Read:

Health
പൂനെയില്‍ ആശങ്ക വിതച്ച് ഗില്ലന്‍ ബാരി സിന്‍ഡ്രോം; കേസുകള്‍ കൂടുന്നു, പ്രതിരോധിക്കേണ്ടതെങ്ങനെ?

Content Highlights: Indian couples in US rush for C-section to beat Trump's citizenship deadline

To advertise here,contact us