ഇടയ്ക്ക് കഴുകണോ ഇടയ്ക്കിടയ്ക്ക് കഴുകണോ? മുഖം കഴുകുന്നതിലും വേണം ശ്രദ്ധ

ആരോ​ഗ്യമുള്ള ചർമത്തിന് ശ്ര​ദ്ധിക്കാം ഇക്കാര്യങ്ങൾ

ദിവസവും ഒരു നേരമെങ്കിലും മുഖം കഴുകുന്നവരാണ് ഭൂരിഭാ​ഗവും. രണ്ടും മൂന്നും നാലും ചിലപ്പോൾ അതിലധികവും മുഖം കഴുകുന്നവരുമുണ്ട്. ശരിക്കും ചർമം സംരക്ഷിക്കാൻ ഒരു തവണയാണോ അതോ ഇടയ്ക്കിടയ്ക്ക് മുഖം കഴുകണോ? ഇക്കാര്യങ്ങൾ അറിയാം..

ഇടയ്ക്കിടയ്ക്ക് കഴുകണോ?

വൃത്തിയായിരിക്കാനും ഉണർവ് തോന്നാനും മുഖം കഴുകണമെങ്കിലും എപ്പോഴും മുഖം കഴുകുന്നത് ഒഴിവാക്കണം. ഇത് ചർമത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അമിതമായി മുഖം കഴുകുന്നത് മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാനും കാരണമാകും. എണ്ണമയം ഇല്ലാതാകുന്നതോടെ ചർമം വരണ്ടതാക്കുകയും ചൊറിച്ചിൽ പോലുള്ള പ്രയാസങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകും. നിങ്ങളുടെ സ്കിൻ മനസിലാക്കി അതിന് അനുയോജ്യമായ പ്രോഡക്ടുകൾ മുഖം കഴുകാൻ ഉപയോ​ഗിക്കുന്നതാകും ഉചിതം. മുഖം കഴുകാതിരിക്കാനും പാടില്ല. മുഖം വൃത്തിയായി കഴുകാതിരുന്നാൽ സുഷിരങ്ങളിൽ അഴുക്കും മറ്റും അടിഞ്ഞുകൂടുകയും മുഖക്കുരുവുൾപ്പെടെ ഉണ്ടാകാനും സാധ്യതയുണ്ട്.

എത്ര തവണ മുഖം കഴുകണം?

ദിനചര്യകളിലെ മറ്റ് കാര്യങ്ങളെ പോലെ മുഖം കഴുകുന്നതിനും കൃത്യമായ ഒരു രീതി ആവശ്യമാണ്. മുഖം കഴുകാൻ ഏറ്റവും ഉചിതം രാവിലെയും രാത്രിയുമാണെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. മാത്രമല്ല മുഖം കഴുകാൻ ക്ലെൻസർ ഉപയോ​ഗിക്കുന്നതും നല്ലതാണ്. നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ക്ലെൻസർ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുമല്ലോ.

എന്തുകൊണ്ട് രാവിലെയും രാത്രിയും?

മുഖം കഴുകാൻ ഉചിതം രാവിലെയും രാത്രിയുമാണെന്ന് പറയുന്നതിന് പിന്നിൽ ശാസ്ത്രീയമായ ചില വസ്തുതകളുമുണ്ട്. രാവിലെ മുതലുള്ള പൊടിയും, മേക്കപ്പ് ഉപയോ​ഗിക്കുന്നവരാണെങ്കിൽ മേക്കപ്പും കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയിൽ ചർമത്തിൽ അടുഞ്ഞുകൂടുന്ന അഴുക്ക് വൃത്തിയാക്കാനണ് രാവിലെ മുഖം കഴുകാൻ പറയുന്നത്. മുഖം കഴുകാൻ ഫേസ് വാഷ് ഉപയോ​ഗിക്കുന്നതാവും ഉചിതം. ചർമം ഏതാണെന്ന് മനസിലാക്കി വേണം ഫേസ് വാഷും തെരഞ്ഞെടുക്കാൻ. മഴക്കാലത്ത് ചർമത്തിലെ സുഷിരങ്ങൾ അടയാനും മുഖക്കുരു ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. വെയിലായാൽ പൊടിയും വിയർപ്പും തങ്ങി ചർമത്തെ ബാധിക്കാനും സാധ്യകൾ ഏറെയാണ്. ഇത് മനസിലാക്കി കൃത്യമായി ചർമത്തെ പരിപാലിക്കേണ്ടതുണ്ട്.

ഫേസ് വാഷ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

എണ്ണമയം കൂടുതലുള്ളവർക്ക് അതിന് അനുയോജ്യമായ ഫേസ് വാഷ് വേണം ഉപയോ​ഗിക്കാൻ. വരണ്ട ചർമത്തിനും നോർമൽ ചർമത്തിനും യോജിക്കുന്ന ഫേസ് വാഷുകളും വിപണയിൽ ലഭ്യമാണ്. ഇനി ഇതൊന്നുമില്ലെങ്കിൽ, നല്ല വെള്ളത്തിൽ കഴുകിയാലും മതിയാകും.

സ്കിൻ ടൈപ്പ് എങ്ങനെ കണ്ടെത്താം

സ്കിൻ ടൈപ്പ് കണ്ടെത്തുന്നതിന് മുമ്പ് ഏതൊക്കെ സ്കിൻ ടൈപ്പുകളാണ് ഉള്ളതെന്ന് നോക്കാം.പ്രധാനമായും ഏഴ് തരം ചർമങ്ങളാണുള്ളത്.

നോർമൽ സ്കിൻഓയിലി സ്കിൻഡ്രൈ സ്കിൻകോമ്പിനേഷൻ സ്കിൻമുഖക്കുരു സാധ്യതയുള്ള ചർമം

സെൻസിറ്റീവ് സ്കിൻ

പി​ഗ്മെന്റ് സ്കിൻ

ഇതിൽ ആദ്യ മൂന്നും ഭൂരിഭാ​ഗം പേർക്കും സുപരിചിതമായിരിക്കും. നേരിയ വ്യത്യാസങ്ങൾ അടങ്ങിയതയാണ് മറ്റുള്ളവയും. സ്കിൻ ടൈപ്പ് എങ്ങനെ കണ്ടെത്തുമെന്ന് നോക്കാം. രാവിലെ ‌എഴുന്നേറ്റ് മുഖം നന്നായി സോപ്പോ ഫേസ് വാഷോ ഉപയോ​ഗിച്ച് കഴുകുക. ശേഷം ഒരു മണിക്കൂർ കാത്തിരിക്കാം. ടിഷ്യൂ പേപ്പർ ഉപയോ​ഗിച്ച് ചർമത്തിൽ പതിയെ തുടയ്ക്കുക. ഈ സമയത്ത് ടിഷ്യൂ പേപ്പർ സ്മൂത്തായി ഇരിക്കുന്നുണ്ടെങ്കിൽ‌ നിങ്ങളുടേത് നോർമൽ സ്കിൻ ആണെന്നാണ് അർത്ഥം. ഓയിലി സ്കിൻ ഉള്ളവരാണെങ്കിൽ ടിഷ്യൂ പേപ്പറിൽ അടയാളങ്ങൾ കാണാം. ഡ്രൈ ആയിരിക്കുകയാണെങ്കിൽ ഡ്രൈ സ്കിൻ ആണെന്ന് ഉറപ്പിക്കാം.

ഇനി മുഖക്കുരു പെട്ടെന്ന് വരുന്ന ചർമമാണോ എന്നറിയാൻ സ്കിൻ കെയർ പ്രൊഡക്ടുകൾ ഉപയോ​ഗിച്ച ശേഷം ചർമത്തിന് അസ്വസ്ഥതയോ കുരുക്കളുണ്ടാവുകയോ ചെയ്യുന്നുണ്ടോ എന്നും നോക്കുക. സ്കിൻ കെയർ ഉത്പന്നങ്ങൾ ഉപയോ​ഗിച്ച ശേഷം മുഖത്ത് തടിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടേത് സെൻസിറ്റീവ് സ്കിൻ ആയിരിക്കും. മുഖത്ത് ചെറുതായി തട്ടുകയോ ഇടിക്കുകയോ മറ്റോ ചെയ്യുമ്പോഴേക്കും പാടുകൾ വരുന്നുണ്ടെങ്കിൽ നിങ്ങളുടേത് പി​ഗ്മെന്റഡ് സ്കിൻ ആണെന്ന് അർത്ഥം.

സ്‌കിൻ ടൈപ്പ് ഒരു വ്യക്തിയിൽ തന്നെ മാറിവരാം. അക്കാര്യവും പ്രത്യേകം മനസിലാക്കുക. കാലാവസ്ഥാ വ്യതിയാനം, ഹോർമോൺ വ്യതിയാനം എന്നിങ്ങനെയുള്ള അവസ്ഥകളിലെല്ലാം സ്‌കിൻ ടൈപ്പ് വ്യത്യാസപ്പെട്ടേക്കാം. ഏത് ഘട്ടത്തിലും അവരവരുടെ സ്‌കിൻ ടൈപ്പിന് അനുസരിച്ച് മാത്രമേ സ്‌കിൻ കെയർ ഉത്പന്നങ്ങൾ ഉപയോഗിക്കാവൂ.

To advertise here,contact us