21 വർഷമായി പ്രമേഹത്തോടൊപ്പം ജീവിതം;വെല്ലുവിളികൾ നിറഞ്ഞ തന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിക് ജോനാസ്

ഭക്ഷണം കഴിക്കുമ്പോഴും അല്ലാത്തപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കണം. ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പങ്കുവച്ച് നിക് ജോനാസ്.

ടൈപ്പ് 1 പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കൊപ്പം 21 വര്‍ഷമായി ജീവിക്കുന്നതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് പ്രശസ്ത അമേരിക്കന്‍ ഗായകന്‍ നിക് ജോനാസ്. രോഗം നിയന്ത്രിക്കാന്‍ തനിക്ക് പല കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നുണ്ടെന്നും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഇതില്‍ പലതും മനസ്സിലാകാറില്ലെന്നും നിക് പറയുന്നു. ലോക പ്രമേഹദിനത്തിന് മുന്നോടിയായി പങ്കുവച്ച തുറന്ന കത്തിലൂടെയാണ് നിക് തന്റെ അനുഭവങ്ങള്‍ വിവരിച്ചത്. 13-ാം വയസ്സിലാണ് നിക്കിന് ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചത്. അന്നുമുതല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരന്തരം ശ്രദ്ധിക്കേണ്ടിവരികയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതും ഭക്ഷണത്തിനനുസരിച്ച് ഇന്‍സുലിന്‍ എടുക്കുന്നതുമെല്ലാം നിക്കിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി.

ഓരോ ദിവസവും നിരവധി തീരുമാനങ്ങള്‍

പ്രമേഹവുമായി ജീവിക്കുന്നത് മരുന്ന് കഴിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്ന് നിക് പറയുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടിവരും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരത്തില്‍ ആഴ്ചതോറും നൂറുകണക്കിന് ചെറിയ തീരുമാനങ്ങളാണ് എടുക്കേണ്ടിവരുന്നത്. മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം കാര്യങ്ങളും ഒരാളുടെ ജീവിതത്തിലെ വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം തന്റെ കത്തില്‍ വിശദീകരിച്ചു.

നിയന്ത്രിക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങള്‍

രോഗം കണ്ടെത്തിയ ആദ്യകാലത്ത് രോഗത്തിന്റെ പ്രവചനാതീതമായ സ്വഭാവം തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് നിക് പറയുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന തന്റെ ധാരണയെ പ്രമേഹം മാറ്റിമറിച്ചു. ചില ദിവസങ്ങളില്‍ രോഗനിയന്ത്രണം എളുപ്പമായിരിക്കും. എന്നാല്‍ മറ്റുചില ദിവസങ്ങളില്‍ പരമാവധി ശ്രദ്ധിച്ചാലും പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നില്ല. രോഗത്തോടൊപ്പം ജീവിക്കുന്നതിന്റെ മാനസിക വെല്ലുവിളികളും അദ്ദേഹം തുറന്നുപറഞ്ഞു.

മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കണം

പ്രമേഹത്തെക്കുറിച്ച് തുറന്നുപറയാന്‍ തുടങ്ങിയതോടെയാണ് സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി ആളുകളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതെന്നും അതിലൂടെ തനിക്ക് ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന തോന്നല്‍ ലഭിച്ചെന്നും നിക് പറയുന്നു. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ക്കും യുവാക്കള്‍ക്കും തന്റെ ജീവിതം പ്രതീക്ഷ നല്‍കണമെന്നാണ് ആഗ്രഹം. ടൈപ്പ് 1 പ്രമേഹമുണ്ടെങ്കിലും സ്വപ്നങ്ങള്‍ പിന്തുടരാനും ജീവിതത്തില്‍ മുന്നേറാനും കഴിയുമെന്ന് അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ടൈപ്പ് 1 പ്രമേഹം?

ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനത്തെ ബാധിക്കുന്ന ഒരു സ്വയംപ്രതിരോധ രോഗമാണ് ടൈപ്പ് 1 പ്രമേഹം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ആക്രമിക്കുന്നതാണ് ഇതിന് കാരണം. ടൈപ്പ് 2 പ്രമേഹത്തില്‍നിന്ന് വ്യത്യസ്തമായി ടൈപ്പ് 1 പ്രമേഹം പലപ്പോഴും വേഗത്തില്‍ പ്രകടമാകാം. അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം രോഗനിര്‍ണയം നടത്താതെ ഡോക്ടറുടെ സഹായം തേടണം. നേരത്തെയുള്ള രോഗനിര്‍ണയവും കൃത്യമായ ചികിത്സയും രോഗം നിയന്ത്രിക്കാന്‍ പ്രധാനമാണ്.

Content Highlights :One must monitor blood sugar levels, both during meals and at other times. Nick Jonas shares the challenges of living with Type 1 diabetes.

To advertise here,contact us